രാമചന്ദ്രന് ജന്മനാടിന്റെ ആദരാഞ്ജലികൾ
കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ തീവ്രവാദി ആക്രമണത്തിൽ മരിച്ച എറണാകുളം ഇടപ്പള്ളി മങ്ങാട് നിരാഞ്ജനത്തിൽ എൻ രാമചന്ദ്രന്റെ മൃതദേഹം നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തിൽ കൃഷി വകുപ്പ് മന്ത്രി പി പ്രസാദും ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷും ചേർന്ന് ഏറ്റുവാങ്ങി. രാത്രി എട്ടുമണിയോടെയാണ്
മൃതദേഹം കൊച്ചി വിമാനത്താവളത്തിൽ കൊണ്ടുവന്നത്.
സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രിക്കും വേണ്ടി കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് പുഷ്പ ചക്രം അർപ്പിച്ചു.
കേന്ദ്ര മന്ത്രി സുരേഷ് ഗോപി, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, മുൻ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ,എംപിമാരായ ബെന്നി ബെഹനാൻ, ഹൈബി ഈഡൻ, എം എൽ എമാരായ അൻവർ സാദത്ത്, ആന്റണി ജോൺ, ടി ജെ വിനോദ്, എൽദോസ് കുന്നപ്പള്ളി തുടങ്ങിയവരും വിവിധ രാഷ്ട്രീയ, സാമൂഹിക പ്രതിനിധികളും ആദരാഞ്ജലികൾ അർപ്പിച്ചു.
തുടർന്നു മൃതദേഹം എറണാകുളത്തേക്കു കൊണ്ടുപോയി. റെനായി മെഡിസിറ്റി മോർച്ചറിയിലേക്ക് മാറ്റുന്ന രാമചന്ദ്രന്റെ സംസ്കാരം വെള്ളിയാഴ്ച രാവിലെ 11 ന് ഇടപ്പള്ളി പൊതു സ്മശാനത്തിൽ നടക്കും.
രാവിലെ 7.30 മുതൽ 9.30 വരെ ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ പൊതു ദർശനം.
- Log in to post comments