Skip to main content

ഗോത്രഭേരി : സെമിനാര്‍ സംഘടിപ്പിച്ചു

 

 

മനുഷ്യ-വന്യജീവി സംഘര്‍ഷം ഗോത്ര ജനതയുടെ പാരമ്പര്യ അറിവുകളുടെ അടിസ്ഥാനത്തില്‍ ലഘൂകരിക്കുന്നതിനായി 'മനുഷ്യ-വന്യജീവി സംഘര്‍ഷ പരിഹാരവും, ഗോത വിജ്ഞാന പാരമ്പര്യവും' എന്ന വിഷയത്തില്‍ വനംവകുപ്പും, വന ഗവേഷണ കേന്ദ്രവും സംയുക്തമായി സെമിനാര്‍ സംഘടിപ്പിച്ചു. ഒലവക്കോട് ആരണ്യഭവന്‍ കോംപ്ലക്സിലെ ശിരുവാണി ഹാളില്‍ വെച്ച് 'ഗോത്രഭേരി' എന്ന പേരില്‍ നടത്തിയ സെമിനാര്‍ ഇക്കോ-ടൂറിസം ഡയറക്ടര്‍ രാജു.കെ. ഫ്രാന്‍സിസ്, ഉദ്ഘാടനം ചെയ്തു. പാലക്കാട് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍, ജോസഫ് തോമസ് അധ്യക്ഷത വഹിച്ച പരിപാടിയില്‍ കേരള വനഗവേഷണ കേന്ദ്രത്തിലെ ഡോ.എ.വി.രഘു ചര്‍ച്ചകള്‍ക്ക് നേത്യത്വം നല്‍കി. പാലക്കാട്, നെന്മാറ ഡിവിഷനുകളിലെ 15 ഉന്നതികളില്‍ നിന്നായി 21 ആളുകള്‍ സെമിനാറില്‍ പങ്കെടുത്തു. 10 മൂപ്പന്‍മാരും, ഗോത്ര സമൂഹ പ്രതിനിധികളും പാരമ്പര്യമായി അനുവര്‍ത്തിച്ചു വന്നിരുന്ന വന്യജീവി നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍ സെമിനാറില്‍ അവതരിപ്പിച്ചു.ഇത്തരത്തില്‍ ഗോത്ര ജനതയില്‍ നിന്നും അവതരിക്കപ്പെട്ട ആശയങ്ങളുടെ അടിസ്ഥാനത്തില്‍ നടപ്പിലാക്കാന്‍ കഴിയുന്ന പരിഹാരമാര്‍ഗ്ഗങ്ങള്‍ സെമിനാറില്‍ ചര്‍ച്ച ചെയ്തു. കാലഘട്ടത്തില്‍ വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങള്‍, ഗോത്ര ജനതയുടെ ജീവിതരീതിയില്‍ വന്ന മാറ്റങ്ങള്‍, വന്യജീവി സംരക്ഷണ രീതിയില്‍ വന്നിട്ടുള്ള മാറ്റങ്ങള്‍, പാരമ്പര്യരീതികള്‍ സ്വീകരിക്കുമ്പോള്‍ ഉണ്ടാകുന്ന ഗുണങ്ങള്‍ എന്നിവ സെമിനാറില്‍ പറഞ്ഞു. കേരളത്തിലെ വനാതിര്‍ത്തികളില്‍ മനുഷ്യ-വന്യജീവി സംഘര്‍ഷങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍, പാരമ്പര്യമായി ഗോത്രം അവലംബിച്ചിരുന്ന മാര്‍ഗ്ഗങ്ങള്‍ അറിയുവാനും, ആ അറിവുകളെ മനുഷ്യ-വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിനു വേണ്ടിയുള്ള കര്‍മ്മപദ്ധതിയുടെ ഭാഗമാക്കി അതിന്റെ ഗുണം പ്രാദേശിക ജനതക്ക് അനുഭവഭേദ്യമാക്കുക എന്നതാണ് സെമിനാറിന്റെ ലക്ഷ്യം. പരിപാടിയില്‍ ഒലവക്കോട് റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ഇത്രോസ് ഏലിയാസ് നവാസ് സ്വാഗതം പറഞ്ഞു.

date