ജനസാഗരത്തെ സാക്ഷിയാക്കി രാമചന്ദ്രൻ യാത്രയായി
കശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ഇടപ്പള്ളി സ്വദേശി എൻ. രാമചന്ദ്രന് നാടിന്റെ വിട. ഇടപ്പള്ളി പൊതു ശ്മശാനത്തിൽ ഔദ്യോഗിക ബഹുമതികളോടെ അദ്ദേഹത്തിന്റെ സംസ്കാരം നടത്തി.
സംസ്ഥാന സർക്കാരിൻ്റെ മേൽനോട്ടത്തിൽ ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ രാവിലെ ഏഴ് മുതൽ 9.30 വരെയായിരുന്നു പൊതുദർശനം തീരുമാനിച്ചിരുന്നതെങ്കിലും ജനബാഹുല്യം മൂലം 10.30-ഓടെയായിരുന്നു അവസാനിച്ചത്. അപ്പോഴും അനവധി പേർ അന്തിമോപചാരം അർപ്പിക്കാൻ ബാക്കിയുണ്ടായിരുന്നു. തുടർന്ന് അന്ത്യ കർമങ്ങൾക്കായി ഇടപ്പള്ളി മങ്ങാട്ടു റോഡിലെ വസതിയിലേക്കു കൊണ്ടുപോയി. അവസാനമായി അദ്ദേഹത്തെ കാണാൻ ധാരാളം പേരാണ് ഇവിടെയും ഒഴുകിയെത്തിയത്. പിന്നീട് ഇടപ്പള്ളി പൊതു ശ്മശാനത്തിലേക്കുള്ള യാത്രയിലും നൂറുകണക്കിന് പേർ അന്ത്യോപചാരം അർപ്പിക്കാൻ പാതവശങ്ങളിൽ കൂടിയിരുന്നു.
ഗവർണർ രാജേന്ദ്ര അർലേക്കർ, മന്ത്രിമാരായ പി. രാജീവ്, എ.കെ. ശശീന്ദ്രൻ, പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, കേന്ദ്രമന്ത്രി സുരേഷ് ഗോപി, ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള, എം.പിമാരായ ഹൈബി ഈഡൻ, ബെന്നി ബഹനാൻ, എം.എൽ.എമാരായ പി.വി ശ്രീനിജിൻ, അനൂപ് ജേക്കബ്, കെ.എൻ. ഉണ്ണികൃഷ്ണൻ, കെ. ബാബു, അൻവർ സാദത്ത്, കെ.ജെ മാക്സി, കൊച്ചി മേയർ എം. അനിൽകുമാർ, എറണാകുളം ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ്, ജി.സി.ഡി.എ ചെയർമാൻ കെ. ചന്ദ്രൻപിള്ള, യുവജന കമ്മീഷൻ മുൻ ഉപാധ്യക്ഷൻ എസ്. സതീഷ്, മുൻ കേന്ദ്ര മന്ത്രി വി.മുരളീധരൻ, നടന്മാരായ ജയസൂര്യ, ഷഹീൻ സിദ്ധീക് തുടങ്ങി രാഷ്ട്രീയ സാംസ്കാരിക സാമൂഹ്യ മേഖലകളിലെ പ്രമുഖർ അന്തിമോപചാരമർപ്പിച്ചു.
സംസ്കാരത്തിന് ശേഷം സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ചു ജില്ലാ ഭരണകൂടത്തിന്റെയും കൊച്ചിൻ കോർപ്പറേഷൻ്റെയും ആഭിമുഖ്യത്തിൽ ചങ്ങമ്പുഴ പാർക്കിൽ ചേർന്ന അനുസ്മരണ സമ്മേളനം മന്ത്രി പി.രാജീവ് മുഖ്യ പ്രഭാഷണം നടത്തി. കൊച്ചി മേയർ എം. അനിൽകുമാർ അധ്യക്ഷമായിരുന്നു. ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ് അനുശോചന പ്രമേയം അവതരിപ്പിച്ചു. ഹൈബി ഈഡൻ എം.പി. എം.എൽ.എമാരായ കെ.എൻ. ഉണ്ണികൃഷ്ണൻ, അൻവർ സാദത്ത്, മുൻ കേന്ദ്ര മന്ത്രി വി. മുരളീധരൻ, വിവിധ രാഷ്ട്രീയ, സാമൂഹിക സംഘടന പ്രതിനിധികളായ മുഹമ്മദ് ഷിയാസ്, കെ.എസ് ഷൈജു, എസ്. സജി, കമല സദാനന്ദൻ, എ. ഗോപാലൻ തുടങ്ങിയവർ സംസാരിച്ചു.
- Log in to post comments