എന്റെ കേരളം പ്രദര്‍ശന മേളയില്‍ വനം വന്യജീവി വകുപ്പ് ആദിവാസി ഉത്പന്നങ്ങളുടെയും മറ്റ് വിഭവങ്ങളുടെയും ഇക്കോ ഷോപ്പ് ഒരുക്കും
ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ മെയ് നാല് മുതല്‍ 10 വരെ സ്റ്റേഡിയം ബസ് സ്റ്റാന്‍ഡിന് സമീപത്തെ മൈതാനത്ത് നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ വനം വകുപ്പ് ആദിവാസി ഉത്പന്നങ്ങളുടെയും മറ്റു വിഭവങ്ങളുടെയും ഇക്കോ ഷോപ്പ് ഒരുക്കും. തേന്‍, കുന്തിരിക്കം, കസ്തൂരി മഞ്ഞള്‍, പുല്‍തൈലം, ഇഞ്ച, ധാന്യങ്ങള്‍ മുതലായ ഉത്പന്നങ്ങള്‍ ഇക്കോ ഷോപ്പില്‍ വില്‍പ്പനക്കുണ്ടാകും.
പൊതുജനങ്ങള്‍ക്ക് ആകര്‍ഷകമായ വിലയില്‍ ഉത്പന്നങ്ങള്‍ വാങ്ങാം. ആദിവാസി വിഭാഗത്തിലുള്ളവരുടെ ഭക്ഷണ രീതിയും സംസ്കാരവും പരിചയപ്പെടുത്തുക അവരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇക്കോ ഷോപ്പ് ഒരുക്കുന്നത്.
പാലക്കാട് ജില്ലയില്‍ വനം വന്യജീവി വകുപ്പ് നടപ്പിലാക്കിയ നേട്ടങ്ങളുടെയും പ്രവര്‍ത്തനങ്ങളുടെയും പ്രദര്‍ശനവും മേളയില്‍ വനംവകുപ്പിന്റെ സ്റ്റാളിലുണ്ടാവും. കേരളത്തിലെ ഇക്കോ ടൂറിസവുമായി ബന്ധപ്പെട്ട വിവരങ്ങളും യാത്ര ചെയ്യാന്‍ ആ?ഗ്രഹിക്കുന്നവര്‍ക്ക് ബുക്കിങ്ങ് ചെയ്യാനുള്ള ഹെല്‍പ്പ് ഡസ്കും ഒരുക്കും. പൊതുജനങ്ങള്‍ക്ക് ചെറിയ ചന്ദന തടി കഷ്ണങ്ങള്‍ വാങ്ങാനുള്ള സൗകര്യവും വനംവകുപ്പിന്റെ മരം ലേലവുമായി ബന്ധപ്പെട്ട വിവരങ്ങളും മനുഷ്യ-പാമ്പ് സമ്പര്‍ക്കങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനും മനുഷ്യ ജീവന് സംരക്ഷിക്കുന്നതിനുമുള്ള ആധുനിക മാര്‍ഗമായ സര്‍പ്പ ആപ്പിനെ പരിചയപ്പെടുത്തുന്നതിനുള്ള സംവിധാനവും ഡൗണ്‍ലോഡ് ചെയ്യാനുള്ള സൗകര്യവും സ്റ്റാളിലുണ്ടാവും. വിവിധ വകുപ്പുകളുടെ തീം സ്റ്റാളുകളും കൊമേഴ്സ്യല്‍ സ്റ്റാളുകളുമുള്‍പ്പടെ 250 ഓളം ശീതികരിച്ച സ്റ്റാളുകള്‍ എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ ഭാഗമാകും. പ്രവേശനം സൗജന്യമാണ്. പാര്‍ക്കിങ് സൗകര്യവും ലഭ്യമാണ്.
- Log in to post comments