Skip to main content
ഭാരതീയ ചികിത്സ വകുപ്പിന്റെ എന്റെ കേരളം പ്രദർശന വിപണന മേളയിൽ ഒരുക്കിയ അങ്ങാടിമരുന്നു പെട്ടി.

അങ്ങാടിമരുന്നു പെട്ടിയും ഡിജിറ്റലായി.

 പണ്ടുകാലത്ത് ഔഷധങ്ങൾ സൂക്ഷിച്ചിരുന്ന അങ്ങാടിമരുന്നു പെട്ടി പുതുതലമുറയ്ക്കായി പരിചയപ്പെടുത്തുകയാണ് ഭാരതീയ ചികിത്സാ വകുപ്പ്.  
ഡിജിറ്റലായാണ് പരിചയപെടുത്തൽ. അങ്ങാടിമരുന്നു പെട്ടിയിൽ ഓരോ കളങ്ങളിലായി ഔഷധങ്ങൾ നിരത്തി വെച്ച് ഓരോന്നിന്റെയും പേരും ഒപ്പം ക്യൂ ആർ കോഡും നൽകിയിട്ടുണ്ട്. ക്യൂ ആർ കോഡ് സ്‌കാൻ ചെയ്താൽ ബന്ധപ്പെട്ട ഔഷധത്തിന്റെ ശാസ്ത്രീയ നാമവും ഗുണവും അത് എന്ത് ചികിത്സയ്ക്കാക്കാണ് ഉപയോഗിക്കുന്നത് എന്നതുൾപ്പടെയുള്ള വിവരങ്ങൾ അറിയാം. നാഗമ്പടത്തു നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയുടെ ഭാഗമായി ദേശീയ ആയൂഷ് മിഷന്റെ സ്റ്റാളിലുള്ള പെട്ടിയിൽ  ചെഞ്ചല്യം, അമുക്കുരം, പാച്ചോറ്റി, ജടാമാഞ്ചി, നവര അരി, ഞെരിഞ്ഞിൽ തുടങ്ങി അറുപതിലധികം മരുന്നുകളുണ്ട്.   പ്രസൂതി രോഗചികിത്സ, കൗമാരം, പഞ്ചകർമ്മം പാലിയേറ്റീവ് ,യോഗ എന്നിവയുടെ സ്‌പെഷ്യൽ ഒ.പി.യും ദിവസവും പ്രവർത്തിക്കുന്നുണ്ട്. കൂടാതെ സ്റ്റാൾ സന്ദർശിക്കുന്നവർക്കായി ദ്രാക്ഷാദി കഷായം, ചുക്ക്,ചക്കര എന്നിവ ചേർത്തുള്ള പാനകം എനർജി ഡ്രിങ്കും സൗജന്യമായി ഭാരതീയ ചികിത്സാ വകുപ്പ് നൽകുന്നുണ്ട്. 

date