Skip to main content

കാര്‍ഷിക മേഖലയിലും ആധുനിക സംവിധാനങ്ങള്‍ പ്രയോഗിക്കണം: മന്ത്രി പി പ്രസാദ്

ആധുനിക കാലഘട്ടത്തിനനുസരിച്ച് ജീവിതത്തില്‍ ഉണ്ടായ മാറ്റങ്ങള്‍ക്ക് അനുസൃതമായി കാര്‍ഷിക മേഖലയിലും മാറ്റങ്ങള്‍ വേണമെന്ന് മന്ത്രി പി. പ്രസാദ്. നിര്‍മ്മിത ബുദ്ധി, മെഷീന്‍ ലേണിങ്, ഡാറ്റ അനലിറ്റിക്‌സ് പോലെയുള്ള ആധുനിക സംവിധാനങ്ങള്‍ കൃഷിയില്‍ കൊണ്ടുവരണമെന്നും മന്ത്രി പറഞ്ഞു. കള്‍ച്ചറല്‍ സൊസൈറ്റി ഓഫ് അങ്കമാലി (സി.എസ്.എ) സംഘടിപ്പിച്ച വിത്തും കൈക്കോട്ടും കാര്‍ഷികോത്സവത്തിന്റെ ഭാഗമായി നടന്ന അവാര്‍ഡ്ദാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  

 

കാലാവസ്ഥയുടെ കാര്യത്തിലുള്ള മുന്നറിയിപ്പുകള്‍ നല്‍കാനും രോഗങ്ങളുമായി ബന്ധപ്പെട്ട ഇടപെടലുകള്‍ നടത്താനുമെല്ലാം ആധുനിക സംവിധാനങ്ങള്‍ വഴി സാധിക്കും. സ്മാര്‍ട്ട് ഫാര്‍മിംഗ് എന്ന ആശയം യാഥാര്‍ത്ഥ്യമാക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. വിത്ത് വിതക്കാന്‍ ഉള്‍പ്പെടെ ഡ്രോണിന്റെ സഹായം തേടുന്നത് അടക്കമുള്ള ആധുനിക രീതികള്‍ പ്രയോജനപ്പെടുത്തുന്നത് ചെലവ് കുറക്കാനും കര്‍ഷകന്റെ വരുമാനത്തില്‍ വലിയ മാറ്റം ഉണ്ടാക്കാനും സഹായിക്കും.

 

കൃഷിയുടെ 95 ശതമാനവും ഭക്ഷണത്തിനാണ് എന്ന് അറിയുമ്പോഴാണ് കൃഷിയുടെ പ്രാധാന്യം മനസ്സിലാകുന്നത്. ഐ.സി.എം.ആറിന്റെ കണക്ക് പ്രകാരം 56 ശതമാനം രോഗങ്ങള്‍ക്കും കാരണം അനാരോഗ്യകരമായ ഭക്ഷണമാണ്. വിഷ രഹിതമായ ഭക്ഷണം എന്ന ആശയമാണ് ജൈവ, പ്രകൃതി കൃഷി രീതികള്‍ക്ക് പിന്നിലുള്ളത്. 

 

കര്‍ഷകരുടെ വരുമാനം സ്ഥായിയാക്കി നിലനിര്‍ത്തുന്നതിന് പ്രാഥമിക കൃഷി രീതികള്‍ക്കൊപ്പം മൂല്യ വര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണം അടക്കമുള്ള കൃഷി രീതികള്‍ കൂടി പ്രോത്സാഹിപ്പിക്കപ്പെടേണ്ടതുണ്ട്. നിലവില്‍ 4000-ല്‍ അധികം മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളാണ് കര്‍ഷകര്‍ നിര്‍മ്മിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 

 

സി.എസ്.എ ലൈബ്രറി ഹാളില്‍ നടന്ന സമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ അഡ്വ. കെ.കെ ഷിബു അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചറല്‍ ഓഫീസര്‍ ഷെര്‍ളി സക്കറിയ, അങ്കമാലി നഗരസഭ അധ്യക്ഷന്‍ അഡ്വ. ഷിയോ പോള്‍, ആലുവ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ ജോയിന്റ് സെക്രട്ടറിഴ കെ.പി റജീഷ്, സ്വാഗതസംഘം വൈസ് ചെയര്‍മാന്‍ എം. മുകേഷ്, സി.എസ്.എ ജനറല്‍ സെക്രട്ടറി ടോണി പറമ്പി തുടങ്ങിയവര്‍ പങ്കെടുത്തു.

 

ചടങ്ങില്‍ അങ്കമാലി നഗരസഭയില്‍ നിന്നും സമീപത്തെ 10 പഞ്ചായത്തുകളിലും തിരഞ്ഞെടുക്കപ്പെട്ട 88 മികച്ച കര്‍ഷകരെ ആദരിച്ചു.

date