Skip to main content

നീലക്കുറിഞ്ഞി കണ്ണൂര്‍ ജില്ലാതല പഠനോത്സവം സമാപിച്ചു

ഹരിത കേരളം മിഷന്‍ സംഘടിപ്പിക്കുന്ന നീലക്കുറിഞ്ഞി ജൈവവൈവിധ്യ പഠനോത്സവത്തിന്റെ ഭാഗമായി കണ്ണൂര്‍ ജില്ലാതല മെഗാ ക്വിസ് മത്സരം സംഘടിപ്പിച്ചു. തലശ്ശേരി ബ്ലോക്ക്  മമ്പറം യു. പി സ്‌കൂള്‍ വിദ്യാര്‍ഥി പി.കെ ആദിദേവ്, കൃഷ്ണവേണി എസ് പ്രശാന്ത്, കയരളം എ യു പി സ്‌കൂള്‍ (ഇരിക്കൂര്‍ ബ്ലോക്ക്), പി.വി. തന്മയ  സെന്റ് മേരീസ് എച്ച് എസ് ചെറുപുഴ (പയ്യന്നൂര്‍ ബ്ലോക്ക്), പി. അര്‍ജുന്‍, കൂടാളി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍(ഇരിട്ടി ബ്ലോക്ക്) എന്നിവര്‍ യഥാക്രമം ഒന്നുമുതല്‍ നാലുവരെ സ്ഥാനങ്ങള്‍ കരസ്ഥമാക്കി. മത്സര വിജയികള്‍ക്ക് മെയ് 16,17,18 തീയതികളില്‍ അടിമാലിയില്‍ നടക്കുന്ന സംസ്ഥാനതല ജൈവവൈവിധ്യ പഠനോത്സവത്തില്‍ പങ്കെടുക്കാനാകും. ഇടുക്കി ജില്ലയിലെ അടിമാലിയില്‍ ഹരിതകേരളം മിഷന്‍ യു.എന്‍.ഡി.പി. പദ്ധതിയിലുള്‍പ്പെടുത്തി സ്ഥാപിച്ച നീലക്കുറിഞ്ഞി ജൈവവൈവിധ്യ വിജ്ഞാനകേന്ദ്രത്തിന്റെ കമ്യൂണിറ്റിതല പരിപാടികളുടെ ഭാഗമായാണ് ജൈവ വൈവിദ്ധ്യ പഠനോത്സവം സംഘടിപ്പിക്കുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ കെ.കെ രത്നകുമാരി സമ്മാനദാനം നിര്‍വഹിച്ചു. വിദ്യാകിരണം ജില്ലാ കോ ഓര്‍ഡിനേറ്റര്‍ കെ.സി സുധീര്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ വി.സി ബാലകൃഷ്ണന്‍ പ്രശ്നോത്തരി അവതരിപ്പിച്ചു. ഹരിത കേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ഇ.കെ സോമശേഖരന്‍, ജില്ലാ ടെക്നിക്കല്‍ അസിസ്റ്റന്റ് വി.കെ അബിജാത് എന്നിവര്‍ സംസാരിച്ചു. മത്സരത്തില്‍ പങ്കാളികളായ മുഴുവന്‍ കുട്ടികള്‍ക്കും പപ്പായ തൈ വിതരണം ചെയ്തു. ജൈവവൈവിധ്യത്തെക്കുറിച്ചും അതിന്റെ സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുമുള്ള അവബോധം കുട്ടികളിലെത്തിക്കാന്‍ ലക്ഷ്യമിട്ടാണ് ലോക ജൈവവൈവിധ്യ ദിനത്തോടനുബന്ധിച്ച് പഠനോത്സവവും ക്വിസ് മത്സരവും സംഘടിപ്പിച്ചത്. കഴിഞ്ഞവര്‍ഷത്തെ വിജയികളും ഗ്രീന്‍ അംബാസിഡര്‍മാരുമായ മിതാലി പി, വസുദേവ് ഒണ്ടേന്‍, അദ്വൈത് സുഷാജ്, ഹരിത കേരളം മിഷന്‍, വിദ്യാകിരണം ജില്ലാ ടീം അംഗങ്ങള്‍ എന്നിവരും പങ്കെടുത്തു.

date