Skip to main content

ജനകീയമായി സർക്കാരിന്റെ നാലാം വാർഷികാഘോഷം: മുഖ്യമന്ത്രി

സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷ പരിപാടികൾക്ക് ഉദ്ഘാടന പരിപാടിയിൽ ഉൾപ്പെടെ ഓരോ കേന്ദ്രങ്ങളിലും വലിയ ജനപങ്കാളിത്തമാണ് ഉണ്ടാകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സർക്കാരിന്റെ വാർഷികത്തെയും അതോടൊപ്പം ഉള്ള പ്രദർശന മേളയെയും ജനങ്ങൾ ആകെ ഏറ്റെടുക്കുന്ന സ്ഥിതിയാണ്.

ഈ മാസം 21ന് കാസർകോട്ടാണ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചത്. തുടർഭരണം ലഭിച്ചത് കണക്കാക്കുമ്പോൾ സർക്കാർ പത്താം വർഷത്തിലേക്ക് ആണ് കടക്കുന്നത്. 

ഒരു കൂട്ടർ സർക്കാരിന്റെ വാർഷികാഘോഷങ്ങൾ ബഹിഷ്‌കരിക്കുമെന്ന നിലപാട് സ്വീകരിക്കുമ്പോഴാണ് ജനങ്ങൾ ഏറ്റെടുത്ത് വിജയിപ്പിക്കുന്ന നിലയിലേക്ക് എത്തുന്നത്. സമസ്ത മേഖലയിലെയും വികസനവും അതോടൊപ്പം ക്ഷേമപ്രവർത്തനങ്ങളും ഒരുമിച്ചു കൊണ്ടുപോകുന്ന സർക്കാരിനൊപ്പം ജനങ്ങൾ നിലകൊള്ളുന്നു എന്നതാണ് അതിൽ നിന്ന് മനസ്സിലാക്കേണ്ടത്. കേന്ദ്രം സൃഷ്ടിക്കുന്ന ധന പ്രതിസന്ധിക്കിടയിലും അതിനെയെല്ലാം മറികടന്നുകൊണ്ട് വികസന ക്ഷേമ പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോവുക എന്നത് വലിയ വെല്ലുവിളി തന്നെയാണ്.

ആ വെല്ലുവിളി ഏറ്റെടുത്തു തന്നെയാണ് സർക്കാർ മുന്നോട്ടു പോകുന്നത്. എന്നാൽ ദുഷ്പ്രചരണങ്ങളിലൂടെ സർക്കാരിനെ ഇല്ലായ്മ ചെയ്തു കളയാം എന്നാണ് ചിലരുടെ ചിന്ത. അതിന് ജനങ്ങൾ നൽകുന്ന മറുപടിയാണ് വാർഷികാഘോഷങ്ങളിൽ എത്തിച്ചേരുന്ന ജനസാഗരം.  കഴിഞ്ഞ 9 വർഷമായി നാട്ടിൽ ഉണ്ടായ മാറ്റങ്ങളുടെ ഗുണഭോക്താക്കളാണ് ഇവിടുത്തെ ജനങ്ങൾ. തങ്ങൾ ആഗ്രഹിക്കുന്ന രീതിയിൽ ഒരു സർക്കാർ ഇവിടെ നിലകൊള്ളുന്നു എന്നത് ഏതൊരു ജനവിഭാഗത്തിന്റെയും ആഗ്രഹ സഫലീകരണമാണ്. പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ ഓരോന്നായി പാലിച്ചുകൊണ്ട് ഇതര സംസ്ഥാനങ്ങൾക്കും രാജ്യത്തിനാകെയും മാതൃകയായാണ് സംസ്ഥാന സർക്കാർ മുന്നോട്ട് പോകുന്നത്. അതിദാരിദ്ര്യ നിർമാർജ്ജനം അടക്കമുള്ള രാജ്യത്തിന് മാതൃകയാകുന്ന പദ്ധതികളാണ്   നടപ്പിലാക്കി വരുന്നത്.

ആരോഗ്യവിദ്യാഭ്യാസഐടി മേഖലകളിലും വൻകിട പദ്ധതികളുടെ കാര്യത്തിലുംറോഡ് വികസനത്തിലും നാട് മുന്നോട്ടു കുതിക്കുകയാണ്. അസാധ്യമാണെന്ന് കരുതിയ പലതും സാധ്യമാക്കി കൊണ്ടുള്ള ഒമ്പത് വർഷങ്ങളാണ് കടന്നുപോകുന്നത്. അടുത്ത ഒരു വർഷം അതിന്റെ തുടർച്ചയായുള്ള പ്രവർത്തനങ്ങളാണ് നടക്കുക. ജനങ്ങളുടെ പിന്തുണയാണ് സർക്കാരിന്റെ ശക്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

പി.എൻ.എക്സ് 1832/2025

date