പഹൽഗാമിൽ ജീവൻ നഷ്ട്ടപ്പെട്ടവർക്ക് ആദരാഞ്ജലി: മുഖ്യമന്ത്രി
ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ ജീവൻ നഷ്ടപെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പത്ര സമ്മേളനത്തിൽ അറിയിച്ചു. അവിടെ ജീവൻ നഷ്ടമായവരിൽ ഒരു മലയാളിയും ഉണ്ടെന്നത് നമ്മുടെ ദു:ഖം വർദ്ധിപ്പിക്കുന്നു. കൊല്ലപ്പെട്ട എൻ രാമചന്ദ്രന്റെ വസതിയിൽ കഴിഞ്ഞ ദിവസം പോയിരുന്നു. ഭീകരാക്രമണത്തിൽ മനോധൈര്യം കൈവിടാതെ മക്കളെയും മാതാവിനെയും ചേർത്തുപിടിച്ചത് രാമചന്ദ്രന്റെ മകൾ ആരതിയാണ്. ആ പെൺകുട്ടി ആപദ്ഘട്ടത്തിൽ കാണിച്ച ധൈര്യം മാതൃകാപരമാണ്.
രാജ്യത്തിനെതിരെ നടന്ന മനുഷ്യത്വരഹിതമായ ഈ ആക്രമണം മനുഷ്യരാശിയോടാകെയുള്ള വെല്ലുവിളിയാണ്. ജാതിയും മതവും വംശവും ദേശവും ഏതുമാകട്ടെ, മനുഷ്യരെല്ലാം ആഗ്രഹിക്കുന്നത് സമാധാനവും സന്തോഷവും സുരക്ഷിതത്വവുമുള്ള ജീവിതമാണ്. എന്നാൽ ഭീകരവാദവും വർഗീയതയും പോലുള്ള മനുഷ്യവിരുദ്ധമായ ആശയങ്ങൾ അതിന്റെ കടയ്ക്കലാണ് കത്തിവയ്ക്കുന്നത്.
ഭൂമിയിലെ സ്വർഗമെന്ന് വിശേഷിപ്പിക്കപ്പെടുന്ന, ഇന്ത്യയുടെ അഭിമാനമായ, മനോഹരമായ കശ്മീരിന്റെ ജീവിതം ഇനിയും രക്തപങ്കിലമായിക്കൂടാ. കശ്മീരിൽ നിരപരാധികളുടെ ജീവനെടുക്കുകയും രാജ്യസുരക്ഷയെ അപകടപ്പെടുത്തുകയും ചെയ്ത തീവ്രവാദ പ്രവർത്തനത്തിനു തക്കതായ മറുപടി നൽകാൻ കേന്ദ്ര സർക്കാർ തയ്യാറാകണം. എല്ലാതരം തീവ്രവാദ പ്രവർത്തനങ്ങൾക്കെതിരേയും ശക്തമായ പ്രതിരോധമുയർത്താനും സാഹോദര്യത്തിനും മാനവികതയ്ക്കുമായി നിലകൊള്ളാനും ഒരു സമൂഹമെന്ന നിലയ്ക്ക് നമുക്ക് സാധിക്കണം. വിദ്രോഹ ശക്തികൾക്ക് ഇന്ധനമാകുന്ന വിദ്വേഷ പ്രചാരണങ്ങളെയും ഒറ്റക്കെട്ടായി നാമോരോരുത്തരും ചെറുക്കേണ്ടതുണ്ട്. ഇനിയൊരു പഹൽഗാം ആവർത്തിക്കില്ലെന്ന് ദൃഢനിശ്ചയം ചെയ്ത് ഒറ്റക്കെട്ടായി മുന്നോട്ടു പോകാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പി.എൻ.എക്സ് 1833/2025
- Log in to post comments