തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കായുള്ള പരിശീലന പരിപാടി സംഘടിപ്പിച്ചു
ബിഹാറിൽ നിന്നുള്ള ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർ (ഇആർഒ), ബൂത്ത് ലെവൽ ഓഫീസർമാർ (ബിഎൽഒ), ഹരിയാന, ഡൽഹി എൻസിടി, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള ഇആർഒ, ബിഎൽഒ സൂപ്പർവൈസർമാർ എന്നിവർക്കായി ന്യൂഡൽഹിയിലെ ഇന്ത്യ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെമോക്രസി ആൻഡ് ഇലക്ഷൻ മാനേജ്മെന്റിൽ (ഐഐഐഡിഇഎം) സംഘടിപ്പിക്കുന്ന രണ്ട് ദിവസത്തെ ‘കപ്പാസിറ്റി ബിൽഡിങ്’ പരിശീലന പരിപാടി ഇന്ത്യൻ ചീഫ് ഇലക്ഷൻ കമ്മീഷണർ (സിഇസി) ഗ്യാനേഷ് കുമാർ ഉദ്ഘാടനം ചെയ്തു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകൾക്കായുള്ള ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഒരുക്കങ്ങളുടെ ഭാഗമാണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. ആകെ 369 തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ഈ മിക്‌സഡ്-ബാച്ച് പരിശീലന പരിപാടിയിൽ പങ്കെടുക്കുന്നു.
ബിഎൽഒമാരും ഇആർഒകളും ബൂത്ത് ലെവൽ ഏജന്റുമാരും (ബിഎൽഎ) വോട്ടർ പട്ടിക കൃത്യവും പുതുക്കിയതുമാണെന്ന് ഉറപ്പാക്കുന്നതിന് ഉത്തരവാദികളാണെന്നും 1950 ലെ ജനപ്രാതിനിധ്യ നിയമം, 1960 ലെ വോട്ടർമാരുടെ രജിസ്‌ട്രേഷൻ നിയമങ്ങൾ, ഇസിഐ ഇടയ്ക്കിടെ പുറപ്പെടുവിക്കുന്ന നിർദ്ദേശങ്ങൾ എന്നിവ അനുസരിച്ച് അവർ കർശനമായി പ്രവർത്തിക്കണമെന്നും ഉദ്ഘാടന പ്രസംഗത്തിൽ സിഇസി ഗ്യാനേഷ് കുമാർ പറഞ്ഞു. ഈ മാസം ആദ്യം, ബിഹാറിൽ നിന്നുള്ള 10 അംഗീകൃത രാഷ്ട്രീയ പാർട്ടികളിലെ ഏകദേശം 280 ബിഎൽഎമാർക്കും ഐഐഡിഇഎമ്മിൽ പരിശീലനം നൽകിയിരുന്നു.
വോട്ടർ രജിസ്‌ട്രേഷൻ, ഫോം കൈകാര്യം ചെയ്യൽ, തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളുടെ ഫീൽഡ് തലത്തിലുള്ള നടപ്പാക്കൽ എന്നീ മേഖലകളിലുള്ള പ്രായോഗിക ധാരണ വർദ്ധിപ്പിക്കുന്നതിനാണ് പരിശീലനം രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഉദ്യോഗസ്ഥർക്കായി സാങ്കേതിക പ്രദർശനങ്ങളും ഇവിഎമ്മുകളുടെയും വിവിപാറ്റുകളുടെയും പരിശീലനവും സംഘടിപ്പിക്കും. 1950 ലെ ആർപി ആക്ടിലെ സെക്ഷൻ 24(എ)/ സെക്ഷൻ 24(ബി) പ്രകാരം പ്രസിദ്ധീകരിച്ച അന്തിമ വോട്ടർ പട്ടികയ്ക്കെതിരായ ഒന്നും രണ്ടും അപ്പീലുകളുടെ വ്യവസ്ഥകളും ഉദ്യോഗസ്ഥർക്കായി പരിചയപ്പെടുത്തി. 2025 ജനുവരി 6 മുതൽ 10 വരെ സ്‌പെഷ്യൽ സമ്മറി റിവിഷൻ (എസ്എസ്ആർ) പൂർത്തിയാക്കിയതിന് ശേഷം ബീഹാർ, ഹരിയാന, ഉത്തർപ്രദേശ്, ഡൽഹിയിലെ എൻസിടി എന്നിവിടങ്ങളിൽ നിന്ന് അപ്പീലുകളൊന്നും ഫയൽ ചെയ്തിട്ടില്ല എന്നത് ഓർമ്മിക്കേണ്ടതാണ്.
പരിശീലനത്തിൽ ഇന്ററാക്ടീവ് സെഷനുകൾ, വീടുതോറുമുള്ള സർവേകൾ അനുകരിക്കുന്ന റോൾ പ്ലേകൾ, കേസ് സ്റ്റഡികൾ, ഫോമുകൾ 6, 6A, 7, 8 എന്നിവ പൂരിപ്പിക്കുന്നതിനുള്ള പ്രായോഗിക പരിശീലനം എന്നിവ ഉൾപ്പെടുന്നു. കൂടാതെ, വോട്ടർ ഹെൽപ്പ്ലൈൻ ആപ്പ് (VHA), BLO ആപ്പ് എന്നിവയിൽ പ്രായോഗിക പരിശീലനം നൽകും.
പരിചയസമ്പന്നരായ നാഷണൽ ലെവൽ മാസ്റ്റർ ട്രെയിനർമാർ (NLMT-കൾ), കമ്മീഷനിലെ ഐടി, ഇവിഎം ഡിവിഷനുകളിൽ നിന്നുള്ള വിദഗ്ദ്ധർ തുടങ്ങിയവരാണ് സെഷനുകൾക്ക് നേതൃത്വം നൽകുന്നത്. സെഷനുകൾ സംവേദനാത്മകമാണ്. ഫീൽഡ് തലത്തിലെ സാധാരണ പിശക്കുകൾ എങ്ങനെ ഒഴിവാക്കാമെന്നും സെഷനുകളിൽ ചർച്ച ചെയ്യും.
പി.എൻ.എക്സ് 1835/2025
- Log in to post comments