സഹകരണ എക്‌സ്‌പോ ലക്ഷ്യംകണ്ടു: മന്ത്രി വി എൻ വാസവൻ
സഹകരണ എക്‌സ്‌പോ ലക്ഷ്യംകണ്ടതായും സഹകരണ പ്രസ്ഥാനങ്ങളുടെ പ്രവർത്തനങ്ങൾ പൊതു സമൂഹത്തിന് മുന്നിൽ അവതരിപ്പിക്കാൻ എക്‌സ്‌പോയിലൂടെ കഴിഞ്ഞതായും സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ പറഞ്ഞു. ഏപ്രിൽ 21 മുതൽ കനകക്കുന്ന് പാലസ് ഗ്രൗണ്ടിൽ നടക്കുന്ന മൂന്നാമത് എഡിഷൻ സഹകരണ എക്‌സ്‌പോയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കേരളീയ സമ്പദ്‌വ്യവസ്ഥയുടെ പുരോഗതിയിൽ സഹകരണ സംഘങ്ങളുടെ സംഭാവനകൾ, സഹകരണ മേഖല വികസിപ്പിച്ച മാതൃകകൾ, സാമൂഹികസാമ്പത്തിക വികസനം ലക്ഷ്യമാക്കിയുള്ള പ്രസ്ഥാനത്തിന്റെ വിജയഗാഥകൾ, തുടങ്ങിയവ എക്‌സ്‌പോയിൽ പ്രദർശിപ്പിച്ചു. കേരള ബാങ്ക്, യുവ സഹകരണ സംഘങ്ങൾ, കാർഷിക വികസന സൊസൈറ്റികൾ, എസ് സി എസ് ടി സംഘങ്ങൾ, വനിത സംഘങ്ങൾ തുടങ്ങിയവയുടെ നേട്ടങ്ങളും നവീന ആശയങ്ങളും ചർച്ച ചെയ്യപ്പെട്ടു. ബാങ്കിംഗ്, ക്രെഡിറ്റ് സേവനങ്ങൾക്ക് ഉപരിയായി വിദ്യാഭ്യാസം, ആതുര സേവനം, ആശുപത്രികൾ, ഭവന നിർമ്മാണം തുടങ്ങിയ മേഖലകളിൽ വിപുലമായ പ്രവർത്തനങ്ങൾ നടത്തി സഹകരണ മേഖല ജനജീവിതത്തിന്റെ വിവിധ തലങ്ങളെ സ്പർശിക്കുന്നുണ്ടെന്ന് അവതരിപ്പിക്കാൻ സാധിച്ചതും എക്‌സ്‌പോയുടെ വിജയമാണെന്ന് മന്ത്രി പറഞ്ഞു.
കേരള സർക്കാരിന്റെ 100 ദിനപരിപാടിയുടെ ഭാഗമായി 2022 ലാണ് സഹകരണ എക്സ്പോ എന്ന ആശയം രൂപപ്പെടുന്നത്. 2025 അന്തർദേശീയ സഹകരണ വർഷമായി പ്രഖ്യാപിച്ചതിന്റെ ഭാഗമായി കൂടിയാണ് ഇത്തവണത്തെ എക്സ്പോ സംഘടിപ്പിച്ചത്. 70,000 സ്‌ക്വയർ ഫീറ്റ് എയർ കണ്ടീഷൻ ചെയ്ത 260 സ്റ്റാളുകളിലായി 400-ൽ പരം സഹകരണ ഉൽപ്പന്നങ്ങളുടെ പ്രദർശനവും, വിപണനവും, സെമിനാറുകളും ചർച്ചകളും എക്‌സ്‌പോയിൽ നടന്നു. നിയമസഭ സ്പീക്കർ, മന്ത്രിമാർ, എം.എൽ.എ-മാർ, മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള മന്ത്രിമാർ, അന്തർദേശീയ, ദേശീയതലത്തിലെ സഹകരണ മേഖലയിലെ പ്രഗത്ഭർ നേരിട്ടും ഓൺലൈനായും എക്‌സ്‌പോയുടെ ഭാഗമായി. ജനനിബിഢമായ കലാ സാസ്‌കാരിക സന്ധ്യകൾ സമൂഹത്തിൽ സഹകരണ എക്‌സ്‌പോ സ്വീകരിക്കപ്പെട്ടു എന്ന് വ്യക്തമാക്കുന്നതാണെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
സഹകരണ എക്‌സ്‌പോയിലെ മികച്ച സ്റ്റാളുകൾ, മികച്ച സഹകരണസംഘങ്ങൾ, സ്ഥാപനങ്ങൾ, എക്‌സ്‌പോയുടെ വാർത്താ കവറേജിനുള്ള മാധ്യമ പുരസ്‌ക്കാരങ്ങൾ, എക്സ്പോയുമായി ബന്ധപ്പെട്ട റീൽ മത്സരവിജയികൾ - എന്നിവർക്കുള്ള പുരസ്‌ക്കാരങ്ങൾ മന്ത്രി വിതരണം ചെയ്തു.
ആർ ബി ഐ സെൻട്രൽ ബോർഡ് ഡയറക്ടർ സതീഷ് കെ. മറാത്തേ മുഖ്യാതിഥിയായി. അഡ്വ. വി.കെ. പ്രശാന്ത് എംഎൽഎ അധ്യക്ഷത വഹിച്ച ചടങ്ങിൽ സഹകരണ വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി ഡോ. വീണ എൻ. മാധവൻ, സഹകരണ ആഡിറ്റ് ഡയറക്ടർ ഷെറിൻ എം. എസ്, സഹകരണ സംഘം രജിസ്ട്രാർ ഡോ. ഡി. സജിത് ബാബു, സംസ്ഥാന സഹകരണ യൂണിയൻ ചെയർമാൻ കോലിയക്കോട് എൻ. കൃഷ്ണൻനായർ, കേരള ബാങ്ക് പ്രസിഡണ്ട് ഗോപി കോട്ടമുറിക്കൽ, കൺസ്യൂമർഫെഡ് ചെയർമാൻ പി. എം. ഇസ്മായിൽ, മാർക്കറ്റ്ഫെഡ് ചെയർമാൻ അഡ്വ. സോണി സെബാസ്റ്റ്യൻ, ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സഹകരണ സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി, ഹൗസ് ഫെഡ് പ്രസിഡന്റ് കെ. സി. അബു, റബ്ബർ മാർക്ക് പ്രസിഡന്റ് പി. വി. സ്കറിയ, വനിതാഫെഡ് ചെയർപേഴ്സൺ കെ. ശ്രീജ, എസ് സി എസ് ടി ഫെഡ് പ്രസിഡന്റ് സി. രാധാകൃഷ്ണൻ, ഹോസ്പിറ്റൽഫെഡ് പ്രസിഡന്റ് കെ. കെ. ലതിക, ലേബർഫെഡ് ചെയർമാൻ എ. സി. മാത്യു, ടൂർഫെഡ് കൺവീനർ ഇ. ജി. മോഹനൻ തുടങ്ങിയവർ പങ്കെടുത്തു.
പി.എൻ.എക്സ് 1837/2025
- Log in to post comments