Skip to main content

നിര്‍മ്മാണം പൂര്‍ത്തീകരിച്ച് തൃക്കുന്നപ്പുഴ പാലം ആഗസ്റ്റ് 31 നകം ഗതാഗതത്തിന് തുറന്നുകൊടുക്കും

തൃക്കുന്നപ്പുഴ ലോക്ക് കം ബ്രിഡ്ജിന്റെ ടോപ് സ്ലാബ്, ബീം എന്നിവയുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ച് ആഗസ്റ്റ് 31 നകം ഗതാഗതത്തിന് തുറന്നുകൊടുക്കാന്‍ തീരുമാനം. പാലത്തിന്റെ നിര്‍മ്മാണ പുരോഗതി വിലയിരുത്തുന്നതിന്  ജില്ലാകളക്ടര്‍ അലക്‌സ് വര്‍ഗീസിന്റെ അധ്യക്ഷതയില്‍ കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. 
നിലവില്‍ ഇരുകരകളിലുമുള്ള അബെറ്റ്‌മെന്റ് പൂര്‍ത്തീകരിച്ചിട്ടുണ്ട്. മധ്യത്തിലുള്ള തൂണിന്റെ കോണ്‍ക്രീറ്റിങ് ജോലി മെയ് 31 നകം പൂര്‍ത്തീകരിക്കും. അപ്രോച്ച് റോഡിന്റെ നിര്‍മ്മാണപ്രവര്‍ത്തനത്തിന് മുന്നോടിയായുള്ള മണ്ണ് പരിശോധന തിരുവനന്തപുരം എന്‍ജിനീയറിങ് കോളേജ് പൂര്‍ത്തിയാക്കിയിട്ടുണ്ട്. റിപ്പോര്‍ട്ട് ഉടന്‍ ലഭ്യമാകും. തുടര്‍ന്ന് അപ്രാച്ച് റോഡ് നിര്‍മ്മാണപ്രവൃത്തി ഉടന്‍ ആരംഭിക്കും. തൃക്കുന്നപ്പുഴ ലോക്ക് കം ബ്രിഡ്ജിന്റെ ശേഷിക്കുന്ന പ്രവൃത്തികളും പൂര്‍ത്തീകരിച്ച് ഡിസംബര്‍ 31 നകം ജലഗതാഗതത്തിന് തുറന്നുകൊടുക്കാനും യോഗത്തില്‍ തീരുമാനിച്ചു. തൃക്കുന്നപ്പുഴ പഞ്ചായത്തിലെ കടലാക്രമണ ഭീഷണി പ്രതിരോധിക്കുന്നതിനുള്ള ജിയോബാഗ് തയ്യാറാക്കുന്നതിന് ആവശ്യമായ മണല്‍ കെ എം എല്ലില്‍ നിന്ന് അടിയന്തരമായി ലഭ്യമാക്കാനും ജില്ലാ കളക്ടര്‍ യോഗത്തില്‍ നിര്‍ദേശം നല്‍കി. 
രമേശ് ചെന്നിത്തല എംഎല്‍എയുടെ നിര്‍ദേശപ്രകാരം ചേർന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പെഴ്‌സണ്‍ റ്റി എസ് താഹ, ജില്ലാ പഞ്ചായത്ത് അംഗം ജോണ്‍ തോമസ്, തൃക്കുന്നപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് എസ് വിനോദ് കുമാര്‍, ആരോഗ്യസ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പെഴ്‌സണ്‍ സിയാര്‍ തൃക്കുന്നപ്പുഴ, മേജര്‍ ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എം ഡി സജീവ് കുമാര്‍, അസി. എഞ്ചിനീയര്‍ കെ വി വിപിന്‍ എന്നിവര്‍ പങ്കെടുത്തു.

date