Skip to main content

എന്റെ കേരളം പ്രദർശന വിപണനമേളയിൽ കലയുടെ ആഘോഷപൂരം സംസ്ഥാന ചലച്ചിത്ര പുരസ്കാര ജേതാവ് ബീന ആർചന്ദ്രന്റെ ഏകപാത്ര നാടകം പിന്നണി ഗായകനും നാടൻപാട്ടു വിദഗ്ദനുമായ പ്രണവം ശശിയും സംഘവും അവതരിപ്പിക്കുന്ന നാടൻകലാ ആവിഷ്കാരങ്ങൾ

എന്റെ കേരളം പ്രദർശന വിപണന മേളയിൽ കലയുടെ ആഘോഷ പൂരം. ഏഴ് ദിവസം നീളുന്ന കലാപരിപാടികളിൽ സംസ്ഥാന ചലച്ചിത്ര പുരസ്കാര ജേതാവ് ബീന ആർ ചന്ദ്രന്റെ ഏകപാത്ര നാടകം, പിന്നണി ഗായകനും നാടൻപാട്ടു വിദഗ്ദനുമായ പ്രണവം ശശിയും സംഘവും അവതരിപ്പിക്കുന്ന നാടൻ കലാ ആവിശ്കാരങ്ങൾ, പിന്നണി ഗായികയും ചലച്ചിത്ര നടിയുമായ സുനിത നെടുങ്ങാടിയും സംഘവം അവതരിപ്പിക്കുന്ന ഗസൽ, ടാറാന ബാൻഡ് ഒരുക്കുന്ന ഫ്യൂഷൻ സംഗീതം, വനിതകൾമാത്രം അടങ്ങുന്ന കണ്യാർകളി, രാജീവ് പുലവരും സംഘവും അവതരിപ്പിക്കുന്ന തോൽപ്പാവക്കൂത്ത്, തുടങ്ങിയ കലാപരിപാടികൾ മേളയെ സംഗീത-നൃത്തവിസ്മയത്തിൽ ആറാടിക്കും. പ്രവേശനം സൗജന്യമാണ്.
ഉദ്ഘാടന ദിവസം വൈകിട്ട് ഏഴിനാണ് കലാപരിപാടികൾ ആരംഭിക്കുക. തുടർന്നുള്ള ദിവസങ്ങളിൽ വൈകിട്ട് അഞ്ചോടെ ആരംഭിക്കും.
ആദ്യദിവസം മുൻസാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖൻ ഉദ്ഘാടനം നിർവഹിക്കും. 7.10 ന് പിന്നണി ഗായികയും ചലച്ചിത്ര നടിയുമായ സുനിത നെടുങ്ങാടിയും സംഘവും അവതരിപ്പിക്കുന്ന ഉറുദു, ഹിന്ദി, മലയാളം ഗസൽ പരിപാടി നടക്കും. 8.30 ന് പ്രമുഖ നാടൻപാട്ട് ഗുരുവായ ജനാർദ്ദനൻ പുതുശ്ശേരിയും സംഘവും ഗ്രാമച്ചന്തം എന്ന പേരിൽ നാടൻ കലകൾ അവതരിപ്പിക്കും.
അഞ്ചിന് വൈകീട്ട് ആറ് മണിക്ക് രാജീവും പുലവരും സംഘവും ഒരുക്കുന്ന കേരള വികസനം ചിത്രീകരിക്കുന്ന തോൽപാവക്കൂത്ത് നടക്കും. 6.45 ന്  സംസ്ഥാന ചലച്ചിത്ര പുരസ്കാര ജേതാവ് ബീന ആർ ചന്ദ്രൻഅഭിനയിക്കുന്ന 'ഒറ്റ ഞാവൽമരം' ഏകപാത്ര നാടകം അരങ്ങേറും. 7.30 ന് ഭാസ്കരൻമഠത്തിലും സംഘവും അവതരിപ്പിക്കുന്ന വനിതകൾ മാത്രമുള്ള കണ്യാർകളി അവതരിപ്പിക്കും. 8.15ന് പ്രമുഖ വയലിൻ വാദക സാന്ദ്ര ഷിബുവും സംഘവും അവതരിപ്പിക്കുന്ന വയലിൻ ഫ്യൂഷൻ സംഗീത വിസമയം നടക്കും.

മെയ് ആറിന് വൈകീട്ട് ആറ് മണിക്ക് പ്രമുഖ നാടൻപാട്ട് ഗുരുവായ മണ്ണൂർചന്ദ്രനും സംഘവും പൊറാട്ട് നാടകം അവതരിപ്പിക്കും. 6.30 ന് ദേവാശ്രയം ചാരിറ്റബിൾ സൊസൈറ്റിയിലെ ഭിന്നശേഷി കലാകാരന്മാരുടെ ഭിന്ന വർണ്ണങ്ങൾ എന്ന പേരിൽ നൃത്യ നൃത്തങ്ങൾ അവതരിപ്പിക്കും. ഏഴിന് സംഗീത നാടക അക്കാദമി പുരസ്കാരം നേടിയ കലാഭവൻ സലീമും സംഘവും കോമഡി ഷോ അവതരിപ്പിക്കും. 7.30ന് മലയാളി മറക്കാത്ത സംഗീത സംവിധായകൻ ബാബുരാജിന്റെ ജീവിതവും ഗാനങ്ങളും കുതിപ്പും കിതപ്പും കോർത്തിണക്കിയ 'പാടുക പാട്ടുകാരാ' എന്ന പേരിൽ ശശീധരൻ നടുവിൽ സംവിധാനം ചെയ്ത നാടകം നടക്കും. ഒൻപതിന് കൊച്ചി യുവതികളുടെ സംഗീതക്കൂട്ടായ്മയായ ടാറനാ ബാൻഡ് വേറിട്ട സംഗീതാനുഭവം ഒരുക്കും.
മെയ്  ഏഴിന് വൈകീട്ട് ആറ് മണിക്ക് സ്വര രാഗ സുധ സംഗീത മെഗാ ഷോ അരങ്ങേറും. പിന്നണി ഗായകരായ നിഷാദ്, ചിത്ര അരുൺ, സതീഷ് കൃഷ്ണ, അഭിരാമി, പ്രസാദ്, വിമോജ് മോഹൻ, ഗോപി സജിത്ത് എന്നിവർ വിവിധ ഗാനങ്ങൾ ആലപിക്കും. 8.15 ന് പിന്നണി ഗായകനും നാടൻപാട്ട് വിദഗ്ദനുമായ പ്രണവം ശശിയും സംഘവും വിവിധ നാടൻകലാ ആവിഷ്കാരങ്ങൾ അവതരിപ്പിക്കും.
മെയ്   എട്ടിന് വൈകീട്ട് ആറിന് ഡോ.രേവതി വയലാർ ഭരതനാട്യം അവതരിപ്പിക്കും. ഏഴിന് സംഗീത സംവിധായകൻ ബേണി പി ജെയും സംഘവും അവതരിപ്പിക്കുന്ന 'ഓൾഡ് ഈസ് ഗോൾഡ്' സംഗീത പരിപാടി അരങ്ങേറും. ഒമ്പതിന് അട്ടപ്പാടി ഗോത്രകലാ മണ്ഡൽ വൈവിധ്യമാർന്ന ഗോത്രകലകൾ അവതരിപ്പിക്കും.
മെയ്  ഒൻപതിന് വൈകീട്ട് ആറിന് കുമരമ്പത്തൂർമണിയും സംഘവും അവതരിപ്പിക്കുന്ന പൊറാട്ട് കളി, 6.30 ന് കലാമണ്ഡലം രചിതാ രവിയുടെയും സംഘത്തിന്റെയും മോഹിനിയാട്ടം കച്ചേരി എന്നിവ അരങ്ങേറും. 7.30 ന് തിരുവനന്തപുരം സംസ്ഥാന ട്രാൻസ്ജെൻഡർസെൽ'അനന്യഭാവങ്ങൾ' എന്ന പേരിൽവിവിധ പരിപാടികൾനടത്തും. 8.15ന് 'മധുരിക്കും ഓർമകൾ'എന്ന പേരിൽ പിന്നണി ഗായകരായ നൗഷാദ്, വിനോദ്, പ്രതിഭ എന്നിവരും സംഘവും നാടകഗാനങ്ങൾ അവതരിപ്പിക്കും.
എന്റെ കേരളം പ്രദർശന വിപണന മേളയുടെ സമാപന ദിവസമായ മെയ് 10 ന് വൈകീട്ട് ഏഴിന് സംഗീതജ്ഞയും ബാബുക്കയുടെ കൊച്ചുമകളുമായ നിമിഷ സലീമും സംഘവും ഗസൽസംഗീതം ഒരുക്കും. 8.30 ന് കൊച്ചി പ്രയാൺ ബാൻഡിന്റെ ഫ്യൂഷൻ സംഗീതത്തടെ കലാ-സാസ്കാരിക പരിപാടികൾ സമാപിക്കും.  

സമാപന ദിവസമായ മെയ് 10 ശനിയാഴ്ച്ച വൈകീട്ട് ആറിന് മേളയുടെ സമാപന സമ്മേളനം തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്യും. വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി അധ്യക്ഷത വഹിക്കും.

date