തൃശ്ശൂര്‍ പൂരം; മോക്ഡ്രില്‍ നടത്തി
തൃശ്ശൂര്‍ പൂരത്തിന്റെ ഭാഗമായി ഏതെങ്കിലും അടിയന്തര സാഹചര്യങ്ങളുണ്ടായാൽ നേരിടുന്നതിനും അത്തരം സാഹചര്യങ്ങളില്‍ വിവിധ വകുപ്പുകളുടെ പ്രവര്‍ത്തന ഏകോപനം ഉറപ്പാക്കുന്നതിനുമായി തേക്കിന്‍കാട് മൈതാനിയിലെ തെക്കേ ഗോപുര നടയില്‍ വിവിധ വകുപ്പുകളുടെ സംയുക്ത മോക്ഡ്രില്‍ നടത്തി. അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിനും അത്തരം സാഹചര്യങ്ങളില്‍ ഏകോപിച്ചു പ്രവര്‍ത്തിക്കുന്നതിനും വിവിധ വകുപ്പുകള്‍ സജ്ജമാണെന്ന് മോക്ഡ്രില്ലിന് നേതൃത്വം നല്കിയ സബ് കളക്ടര്‍ അഖില്‍ വി. മോനോന് പറഞ്ഞു.
പൂരം മൈതാനിയിലെ രക്ഷാപ്രവർത്തന സാമഗ്രികളുടെ പ്രവര്‍ത്തനവും പ്രവർത്തനക്ഷമതയും രക്ഷാപ്രവർത്തന വഴികളും കൃത്യമായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് ബോധ്യപ്പെടുത്തുന്നതിനും വാഹനങ്ങള്‍, ഉപകരണങ്ങള്‍ എന്നിവ സജ്ജമാക്കിക്കൊണ്ടായിരുന്നു മോക്ഡ്രില്‍ നടത്തിയത്.
തെക്കേഗോപുര നടയില്‍ ചെറിയ തീപ്പിടിത്ത സാഹചര്യം സൃഷ്ടിച്ചുകൊണ്ട് തീപ്പിടിത്ത സാഹചര്യങ്ങളിലെ രക്ഷാപ്രവര്‍ത്തനമായിരുന്നു മോക്ഡ്രില്ലിലൂടെ അവതരിപ്പിച്ചത്. തേക്കിന്‍കാട് മൈതാനിക്ക് ചുറ്റുമായി സ്ഥാപിച്ച ഹൈഡ്രന്റുകളില്‍ നിന്നുമുള്ള വെള്ളമുപയോഗിച്ച് ദൂരേക്ക് വെള്ളം പമ്പ് ചെയ്ത് തീയണച്ചു. ഫയര്‍ എഞ്ചിനുകള്‍ എത്തേണ്ട സാഹചര്യങ്ങളിലെ വഴികളും പരിശോധിച്ചു. ആള്‍ക്കൂട്ട തിരക്ക്, കുഴഞ്ഞുവീഴല്‍ തുടങ്ങിയ സാഹചര്യങ്ങളിലെ അടിയന്തര പ്രവര്‍ത്തനങ്ങളും മോക്ഡ്രില്ലിലൂടെ സൃഷ്ടിച്ചുകൊണ്ട് രക്ഷാപ്രവര്‍ത്തനം നടത്തി.
ജില്ലാ ദുരന്തനിവാരണ വിഭാഗം, പോലീസ്, ഫയര്‍ ആന്‍ഡ് റെസ്ക്യൂ, ആപ്ത മിത്ര, സിവില്‍ ഡിഫെന്‍സ് വോളണ്ടിയര്‍മാര്‍, ആരോഗ്യ വകുപ്പ്, മോട്ടോര്‍ വാഹന വകുപ്പ്, മൃഗ സംരക്ഷണ വകുപ്പ്, കേരള വാട്ടര്‍ അതോറിറ്റി, പി.ആര്.ഡി, സോഷ്യല്‍ ഫോറസ്ട്രി, തൃശ്ശൂര്‍ കോര്പ്പറേഷന്, തൃശ്ശൂര്‍ താലൂക്ക് എന്നീ വകുപ്പുകള്‍ മോക്ഡ്രില്ലില്‍ പങ്കാളികളായി.
- Log in to post comments