Skip to main content

ഗ്രാമവണ്ടിയുമായി മുരിയാട് ഗ്രാമപഞ്ചായത്ത്

 

 മുകുന്ദപുരം താലൂക്കിൽ ആദ്യത്തെയും  ജില്ലയിലെ രണ്ടാമത്തേതുമായ മുരിയാട് ഗ്രാമപഞ്ചായത്തിന്റെ ഗ്രാമവണ്ടി ഉന്നത വിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു ഫ്ലാഗ് ഓഫ് ചെയ്തു. ഗ്രാമവണ്ടിയുടെ താക്കോൽ മന്ത്രി ഡ്രൈവർക്ക്  കൈമാറി.  പൊതു ഗതാഗതരംഗത്ത് മുരിയാട് പഞ്ചായത്ത് വലിയ മാറ്റമാണ് ഇത്തരം പദ്ധതിയിലൂടെ കൊണ്ടുവരുന്നതെന്ന് മന്ത്രി പറഞ്ഞു. ഗ്രാമീണ മേഖലയിലെ ജനങ്ങൾക്ക്  ഗ്രാമ വണ്ടിയിലൂടെ  പൊതു യാത്രാസൗകര്യം സർക്കാർ യാഥാർത്ഥ്യമാക്കുകയാണെന്നും  മന്ത്രി പറഞ്ഞു.  

 കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷനുമായി സഹകരിച്ചാണ് ഗ്രാമവണ്ടി പദ്ധതി നടപ്പിലാക്കുന്നത്. ഇരിങ്ങാലക്കുട മുതൽ നെല്ലായി വരെ സർവീസ് നടത്തുന്ന ഗ്രാമവണ്ടി ഇരിങ്ങാലക്കുട സിവിൽ സ്റ്റേഷൻ, ഇരിങ്ങാലക്കുട പ്രൈവറ്റ് ബസ് സ്റ്റാൻഡ്,  താലൂക്ക് ആശുപത്രി, മാർക്കറ്റ്, പഞ്ചായത്തുകളുടെ ഘടകസ്ഥാപനങ്ങൾ എന്നിങ്ങനെ ബഹു ഭൂരിപക്ഷം വാർഡുകളും ബന്ധിപ്പിച്ചുകൊണ്ടാണ് സർവീസ് നടത്തുന്നത്. മുരിയാട് ഗ്രാമപഞ്ചായത്ത് മേഖലയിൽ ആഴ്ചയിൽ ആറു ദിവസവും രാവിലെ 6.30 മുതൽ വൈകീട്ട് ആറു വരെയുമാണ് ഗ്രാമവണ്ടി സർവീസ് ഉണ്ടായിരിക്കുക. തിങ്കളാഴ്ച  ഗ്രാമവണ്ടി സർവീസ് ആരംഭിക്കും. ഒരു ട്രിപ്പ് മുരിയാട് പഞ്ചായത്തിൽ നിന്ന് തൃശ്ശൂരിലേക്കും യാഥാർത്ഥ്യമാക്കും. പഞ്ചായത്തിലെ വിവിധ ഇടങ്ങളിൽ ഗ്രാമവണ്ടിക്ക് സ്വീകരണം നൽകി.

 ആനന്ദപുരം എടയാറ്റുമുറി പരിസരത്ത് നടന്ന ഉദ്ഘാടന ചടങ്ങിൽ  മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതാ ചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിതാബാലൻ തുടങ്ങിയവർ മുഖ്യ അതിഥിയായി.
 മുരിയാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രതി ഗോപി, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷീനാ രാജൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കെ പി പ്രശാന്ത്, സരിത സുരേഷ്, കെ യു വിജയൻ, ഭരണസമിതി അംഗങ്ങളായ നിജി വത്സൻ, എ എസ് സുനിൽകുമാർ,  കെ വൃന്ദകുമാരി,  ജിനി സതീശൻ,  നിഖിത അനൂപ്, റോസ്മി ജയേഷ്, മണി സജയൻ,  സി.ഡി.എസ് ചെയർപേഴ്സൺ സുനിതാ രവി,  സെക്രട്ടറി പി ബി ജോഷി  തുടങ്ങിയവർ പങ്കെടുത്തു.

date