Skip to main content

ലോക ആസ്ത്മാ ദിനാചരണം സംഘടിപ്പിച്ചു

ആരോഗ്യ വകുപ്പിന്റെയും ജില്ലാ മെഡിക്കല്‍ ഓഫീസിന്റെയും സംയുക്താഭിമുഖ്യത്തില്‍ ആസ്ത്മാ ദിനാചരണവും ജില്ലാതല ബോധവല്‍ക്കരണ പരിപാടിയും സംഘടിപ്പിച്ചു. ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.ടി രേഖ മുഖ്യാതിഥിയായി. ജില്ലാ ടിബി സെന്ററില്‍ നടന്ന പരിപാടിയില്‍ ജില്ലാ ടിബി ഓഫീസര്‍ ഡോ. സോനു ബി നായര്‍ അധ്യക്ഷനായി. ജില്ലാതലത്തില്‍ തയ്യാറാക്കിയ ആസ്ത്മ ബോധവല്‍ക്കരണ പോസ്റ്റര്‍ ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.ടി രേഖ പ്രകാശനം ചെയ്തു. ജില്ലാ ടിബി സെന്റര്‍ ജൂനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. കെ.എം ബിന്ദു ശ്വാസകോശ രോഗികള്‍ക്കുള്ള ബോധവല്‍ക്കരണ ക്ലാസ്സെടുത്തു. ആസ്ത്മാ ദിനാചരണത്തിന്റ ഭാഗമായി ജില്ലാ ടിബി ഓഫീസറുടെ നേതൃത്വത്തില്‍ വൃക്ഷത്തൈയും നട്ടു. എല്ലാ വര്‍ഷവും മെയ് മാസത്തിലെ ആദ്യ ചൊവ്വാഴ്ചയാണ് ആസ്ത്മാ ദിനം ആചരിക്കുന്നത്. എല്ലാവര്‍ക്കും ഇന്‍ഹെയിലര്‍ ഉപയോഗം ലഭ്യമാക്കാം എന്നതാണ് ഈ വര്‍ഷത്തെ പ്രമേയം.

ആസ്ത്മാ രോഗ നിയന്ത്രണം; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

* ഡോക്ടറുടെ നിര്‍ദേശപ്രകാരം ശരിയായ രീതിയില്‍ ഇന്‍ഹെയിലര്‍ ഉപയോഗിക്കുക
* ഡോക്ടര്‍ നിര്‍ദേശിക്കുന്ന എല്ലാ മരുന്നുകളും ലക്ഷണങ്ങള്‍ ഇല്ലെങ്കിലും തുടര്‍ച്ചയായി ഉപയോഗിക്കുക.
* പൊടി, പുക, പൂമ്പൊടി, കടുത്ത ചൂട്, തണുപ്പ് എന്നീ സാഹചര്യങ്ങള്‍ ഒഴിവാക്കുക
* സ്ഥിരമായി വ്യായാമം ചെയ്ത്  ആരോഗ്യകരമായ ജീവിത രീതി പിന്തുടരുക.
* പോഷകസമൃദ്ധമായ ആഹാരം ശീലമാക്കുക.
* തണുത്ത ഭക്ഷണം, ആസ്ത്മയ്ക്ക് കാരണമാകാവുന്ന മറ്റ് ഭക്ഷണങ്ങള്‍ എന്നിവ ഒഴിവാക്കാം
* കഠിനമായ ശ്വാസംമുട്ടല്‍, നെഞ്ചുവേദന, സംസാരിക്കാന്‍ ബുദ്ധിമുട്ട് എന്നിവ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ ആശുപത്രിയിലെത്തുക.
* കൃത്യമായ ഇടവേളകളില്‍ ഡോക്ടറെ കണ്ട് പരിശോധന നടത്തുക.
* മാനസിക സമ്മര്‍ദം കുറക്കാന്‍ യോഗ, മെഡിറ്റേഷന്‍ തുടങ്ങിയവ ജീവിതത്തിന്റെ ഭാഗമാക്കുക
 

date