സൈറൺ മുഴങ്ങി, ജില്ലയിൽ സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽ
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം ജില്ലയിലെ വിവിധ ഇടങ്ങളിൽ നടത്തിയ സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽ പൂർണ്ണം. വൈകിട്ട് നാലുമണി മുതൽ നാലര വരെയായിരുന്നു മോക്ക് ഡ്രിൽ.
വൈകിട്ട് നാലുമണിയോടെ കളക്ടറേറ്റിൽ അപായ സൈറണുകൾ മുഴങ്ങി. അപായ മണി മുഴങ്ങിയതോടെ കളക്ടറേറ്റും പരിസരവും ഇരുട്ടിലായി. ജീവനക്കാർ സുരക്ഷയുടെ ഭാഗമായി ഓഫീസിലെ ലൈറ്റുകൾ, കമ്പ്യൂട്ടറുകൾ, മറ്റ് ഇലക്ട്രിക് ഉപകരണങ്ങൾ എല്ലാം ഓഫ് ചെയ്തു സുരക്ഷിതരായി ഓഫീസുകളിൽ തന്നെ ഇരുന്നു.
ഒപ്പം കളക്ടറേറ്റിലെ ഒന്നാം നിലയിൽ തീ പടർന്നതോടെ അഗ്നി രക്ഷ വിഭാഗം സംഭവസ്ഥലത്തേക്ക് പരിസരത്തേക്ക് പാഞ്ഞെത്തി. ജില്ലാ കളക്ടറും സംഘവും സംഭവം സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.
അഗ്നിരക്ഷാ വിഭാഗം ലാഡറുകൾ ഉപയോഗിച്ച് ഒന്നാം നിലയിലേക്ക് പ്രവേശിച്ച് തീ അണയ്ക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. തുടർന്ന് ആക്രമണത്തിൽ ഒന്നാം നിലയിൽ കുടുങ്ങിപ്പോയ ഓഫീസ് ജീവനക്കാരെ പുറത്തെത്തിച്ചു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികളും അതിവേഗം നടത്തി.
നാലരയോടെ രക്ഷാപ്രവർത്തനങ്ങൾ പൂർത്തിയായതിന്റെ സൈറൺ കൂടി മുഴുകിയതോടെ കളക്ടറേറ്റും ഓഫീസും വീണ്ടും പൂർവ്വ സ്ഥിതിയിലായി. ദുരന്തനിവാരണ വിഭാഗം,അഗ്നി ശമനസേന, ആരോഗ്യവകുപ്പ്, സിവിൽ ഡിഫൻസ് വിഭാഗം എന്നിവരുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ പങ്കാളിത്തത്തോടെയാണ് മോക്ക് ഡ്രിൽ സംഘടിപ്പിച്ചത്.
ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ്, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് വിനോദ് രാജ്, ദുരന്തനിവാരണം ഡെപ്യൂട്ടി കളക്ടർ കെ മനോജ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എൻ ബി ബിജു, ഹസാർഡ് അനലിസ്റ്റ് അഞ്ജലി പരമേശ്വരൻ, അഗ്നി രക്ഷാ വിഭാഗം എന്നിവർ മോക്ക് ഡ്രില്ലിന് നേതൃത്വം നൽകി.
കളക്ടറേറ്റ് കൂടാതെ ലുലു മാൾ, കൊച്ചി മെട്രോ, ഹൈകോടതി, സിയാൽ, ഗസ്റ്റ് ഹൗസ് എറണാകുളം, മറൈൻഡ്രൈവ്, ഷിപ്പിയാർഡ്, ബിസിജി റസിഡൻഷ്യൽ ടവർ തമ്മനം, ബിപിസിഎൽ കൊച്ചിൻ റിഫൈനറി,
കൊച്ചി കോർപറേഷൻ, ജില്ലയിലെ പഞ്ചായത്തുകൾ എന്നിവിടങ്ങളിലും മോക്ക് ഡ്രിൽ നടത്തി.
*ലുലു മാളിൽ മോക്ക് ഡ്രിൽ നടത്തി*
വ്യോമ ആക്രമണങ്ങളിൽ നിന്നു രക്ഷപ്പെടുന്നതിനായി ഇടപ്പള്ളി ലുലു മാളിൽ മോക്ക് ഡ്രിൽ സംഘടിപ്പിച്ചു. നാലുമണിയുടെ അപായമണി മുഴുകിയതോടെ ലുലു മാളിലെ ഷോപ്പുകളും പരിസരങ്ങളും മോക്ക് ഡ്രില്ലിൻ്റെ ഭാഗമായി. ഷോപ്പുകളിലെയും പരിസരത്തെയും ലൈറ്റുകൾ ഓഫ് ചെയ്തു അകത്ത് കുടുങ്ങിയവരെ സുരക്ഷയുടെ ഭാഗമായി പുറത്തേക്ക് വിടാതെ സംരക്ഷിച്ചു. അരമണിക്കൂറിനു ശേഷം സുരക്ഷാ മണി മുഴങ്ങിയതോടെ എല്ലാം പൂർവ്വ സ്ഥിതിയിലായി.
*കൊച്ചി മെട്രോ സ്റ്റേഷനികളിലും
മോക്ക് ഡ്രില്‍*
നാല് മണിക്ക് മെട്രോയുടെ ഓപ്പറേഷന് ആന്‍ഡ് കണ്ട്രോള് റൂമില്‍ നിന്ന് സൈറണ്‍ മുഴക്കുകയും എല്ലാ സ്റ്റേഷനിലേക്കും അറിയിപ്പ് നല്‍കുകയും ചെയ്തു. തുടര്‍ന്ന് കണ്ട്രോള് റൂമിലെ ലൈറ്റുകളെല്ലാം ഓഫ് ചെയ്തു. ജീവനക്കാരെല്ലാം ഉള്ളിലെ സുരക്ഷിതമായ സ്ഥലത്ത് കൂടിച്ചേരുകയും ചെയ്തു. വിവിധ സ്റ്റേഷനുകളിലും ഈ നടപടിക്രമം പാലിച്ചു. മോക്ക്ഡ്രില്‍ സമയത്ത് സ്റ്റേഷനുകളില്‍ എത്തിയ ട്രയിനുകള്‍ അവിടെ കുറച്ചുസമയം ഡ്രില്ലിന്റെ ഭാഗമായി നിര്‍ത്തിയിട്ടശേഷം സര്‍വ്വീസ് പുനരാരംഭിച്ചു. മോക്ക്ഡ്രില്‍ സമയത്ത് സ്റ്റേഷനുകളില്‍ എത്തിയ വാട്ടര്‍മെട്രോ ബോട്ടുകളും അതത് സ്റ്റേഷനുകളില്‍ കുറച്ചുസമയം നിര്‍ത്തിയിട്ടശേഷം സര്‍വ്വീസ് പുനരാരംഭിച്ചു. മെട്രോ കോര്‍പ്പറേറ്റ് ഓഫീസില്‍ നാലു മണിക്ക് സൈറൺ മുഴക്കുകയും മോക്ഡ്രില്‍ സമയം ലൈറ്റുകള്‍ ഓഫ് ചെയ്യുകയും ചെയ്തു.
- Log in to post comments