നവകേരളത്തിന്റെ നേരടയാളം, ഇനി ഏഴുനാള്‍ വികസനാരവം; 'എന്റെ കേരളം' പ്രദര്‍ശന വിപണന മേള വ്യാഴാഴ്ച മിഴിതുറക്കും
നവ കേരളത്തിന്റെ നേര്‍ക്കാഴ്ചയുമായി 'എന്റെ കേരളം' പ്രദര്‍ശന വിപണന മേളയ്ക്ക് വ്യാഴാഴ്ച തുടക്കമാവും. ഇനി ഏഴുനാള്‍ വികസനത്തിന്റെ ആരവമുയര്‍ത്തി നാട് ഇവിടേക്ക് ഒഴുകിയെത്തും. പൊതുജനക്ഷേമം ഉറപ്പാക്കുന്ന സമഗ്ര വികസന കാഴ്ചപ്പാടുമായി രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായാണ് മെയ് എട്ട് മുതല്‍ 14 വരെ മേള കണ്ണൂര്‍ പോലീസ് മൈതാനിയില്‍ സംഘടിപ്പിക്കുന്നത്. മെയ് എട്ട് വ്യാഴാഴ്ച വൈകിട്ട് നാല് മണിക്ക് കണ്ണൂര്‍ പോലീസ് മൈതാനിയില്‍ രജിസ്ട്രേഷന്‍, മ്യൂസിയം, പുരാവസ്തു, പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി മേള ഉദ്ഘാടനം ചെയ്യും. കെ.കെ ശൈലജ എംഎല്‍എ അധ്യക്ഷയാവും. തുടര്‍ന്ന് രാത്രി ഏഴ് മണിക്ക് സംഗീതജ്ഞന്‍ പണ്ഡിറ്റ് രമേഷ് നാരായണ്‍, മധുവന്തി, മധുശ്രീ എന്നിവര്‍ അവതരിപ്പിക്കുന്ന കലാസന്ധ്യ 'ഒരു നറു പുഷ്പമായ്' അരങ്ങേറും. സാങ്കേതികത്തികവാര്‍ന്ന ശീതീകരിച്ച പവലിയനിലാണ് മേള നടക്കുക. കേരളം നേടിയ സാമൂഹിക, സാംസ്‌കാരിക മുന്നേറ്റങ്ങള്‍, സംസ്ഥാന സര്‍ക്കാരിന്റെ വിവിധ ക്ഷേമപരിപാടികള്‍, വിവിധ വകുപ്പുകളുടെ സേവനങ്ങള്‍ എന്നിവയെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് അറിയാന്‍ അവസരമൊരുക്കുകയാണ് മെഗാ പ്രദര്‍ശനം. സെമിനാറുകള്‍, ഭക്ഷ്യമേള, കലാസാംസ്‌കാരിക പരിപാടികള്‍ എന്നിവയും മേളയുടെ ഭാഗമായി നടക്കും.
ഏഴ് ദിവസങ്ങളിലായി നടക്കുന്ന പ്രദര്‍ശന മേളയ്ക്കായി 52000 ചതുരശ്ര അടിയില്‍ പവലിയന്‍ ക്രമീകരിച്ചിട്ടുണ്ട്. ഐപിആര്‍ഡിയുടെ 2500 ചതുരശ്ര അടിയിലുള്ള തീം പവലിയനും ഒരുക്കിയിട്ടുണ്ട്. വിനോദസഞ്ചാരം, പൊതുമരാമത്ത്, കൃഷി, കായികം, കിഫ്ബി, സ്റ്റാര്‍ട്ടപ്പ് മിഷനുകള്‍ക്കായി പ്രത്യേക ഏരിയ എന്നിവയും ഒരുക്കിയിട്ടുണ്ട്. 1500 ചതുരശ്ര അടിയില്‍ കേരള ഫിലിം കോര്‍പറേഷന്റെ മിനിതിയേറ്റര്‍, 16,000 അടിയില്‍ ഫുഡ് കോര്‍ട്ട്, സ്റ്റേജ്, പോലീസ് വകുപ്പിന്റെ ഡോഗ്ഷോ, മൃഗസംരക്ഷണ വകുപ്പിന്റെ പ്രദര്‍ശനങ്ങള്‍ എന്നിവയും സജ്ജമാക്കുന്നുണ്ട്. കാരവന്‍ ടൂറിസം, അഗ്നിശമന രക്ഷാസേനയുടെ ഡെമോണ്‍സ്ട്രേഷന്‍, വനം വകുപ്പിന്റെ സര്‍പ്പ ആപ്പിന്റെ ലൈവ് ഡെമോണ്‍സ്ട്രേഷന്‍ എന്നിവ പവലിയന് സമീപത്തുണ്ടാവും. സാംസ്‌കാരിക വകുപ്പിന്റെ നേതൃത്വത്തില്‍ വിവിധ കലാകാരന്‍മാരുടെ തല്‍സമയ അവതരണങ്ങളും അരങ്ങേറും. വിവിധ വകുപ്പുകളുടെ 151 തീം സ്റ്റാളുകളും 100 വാണിജ്യ സ്റ്റാളുകളുമടക്കം 251 സ്റ്റാളുകളാണ് മേളയിലെ പ്രധാന ആകര്‍ഷണം. കിഫ്ബിയാണ് അടിസ്ഥാന സൗകര്യം ഒരുക്കുന്നത്. വാണിജ്യ സ്റ്റാളുകളില്‍ വകുപ്പുകള്‍ക്ക് പുറമെ എംഎസ്എംഇകള്‍ക്കും ഉല്‍പ്പന്നങ്ങള്‍ വിപണനം ചെയ്യാനുള്ള സൗകര്യം ഉണ്ടാവും. ഭക്ഷണ വൈവിധ്യങ്ങളുടെ കലവറയൊരുക്കി ഭക്ഷ്യമേളയും അരങ്ങേറും. മെയ് 14 ന് മേള സമാപിക്കും.
- Log in to post comments