'എന്റെ കേരളം' മേളയെ സമ്പന്നമാക്കാന്‍ വിവിധ വകുപ്പുകളുടെ സെമിനാറുകള്‍
രണ്ടാം പിണറായി സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി മെയ് എട്ട് മുതല്‍ 14 വരെ കണ്ണൂര്‍ പോലീസ് മൈതാനിയില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ വ്യത്യസ്ത വകുപ്പുകളുടെ നേതൃത്വത്തില്‍ സെമിനാറുകള്‍ നടക്കും. ഉദ്ഘാടന ദിവസമായ മെയ് എട്ടിന് രാവിലെ 10 മണിക്ക് 'എന്റെ കേരളം: സ്റ്റാര്‍ട്ടപ്പുകളുടെ നാട്' എന്ന വ്യവസായ വകുപ്പിന്റെ സെമിനാറോടുകൂടി സെഷനുകള്‍ക്ക് തുടക്കമാകും. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.കെ രത്‌നകുമാരി സെമിനാര്‍ ഉദ്ഘാടനം ചെയ്യും.
മെയ് ഒന്‍പതിന് രാവിലെ സാമൂഹ്യ നീതി വകുപ്പിന്റെ എന്റെ കേരളം വയോജന സൗഹൃദ കേരളം വിഷയത്തില്‍ മൂന്ന് സെഷനുകളിലായി സെമിനാര്‍ നടക്കും. വയോജന നയം, വയോജന കൗണ്‍സില്‍, വയോജന കമ്മീഷന്‍' എന്ന വിഷയത്തില്‍ സംസ്ഥാന വയോജന കൗണ്‍സില്‍ ഉപദേശക സമിതി അംഗം പ്രൊഫ. കെ. സരള, 'വയോജന സംരക്ഷണ നിയമങ്ങളും ചട്ടങ്ങളും എംഡബ്ല്യുപിഎസ്സി ആക്ട് 2007 ആന്റ് റൂള്‍സ്' വിഷയത്തില്‍ ഡിഐഎസ്എ പാനല്‍ അംഗം അഡ്വ. കെ.എ പ്രദീപ് എന്നിവര്‍ സെഷനുകള്‍ കൈകാര്യം ചെയ്യും. തുടര്‍ന്ന് വയോജന സൗഹൃദ കേരളം വെല്ലുവിളികളും സാധ്യതകളും എന്ന വിഷയത്തില്‍ ഓപ്പണ്‍ ഫോറം നടക്കും. വയോജന കൗണ്‍സില്‍ അംഗങ്ങള്‍, വയോജന സംഘടനാ പ്രതിനിധികള്‍, വയോജന സംരക്ഷണ കേന്ദ്രങ്ങളുടെ സംഘടനാ പ്രതിനിധികള്‍, വയോജന കേന്ദ്രങ്ങളിലെ അന്തേവാസികള്‍, പകല്‍ വീടുകളിലെ പ്രവര്‍ത്തകര്‍ (ഡേ കെയര്‍) എന്നിവര്‍ സെമിനാറില്‍ പങ്കെടുക്കും.
മെയ് പത്തിന് രാവിലെ 10 ന് 'ലഹരി : വെല്ലുവിളികളും പരിഹാരങ്ങളും' എന്ന വിഷയത്തില്‍ നടക്കുന്ന ബോധവല്‍ക്കരണ സെമിനാര്‍ കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ പി. നിധിന്‍രാജ് ഉദ്ഘാടനം ചെയ്യും. ജില്ലാ മെന്റല്‍ ഹെല്‍ത്ത് നോഡല്‍ ഓഫീസര്‍ ഡോ. വീണ, എ. ഹര്‍ഷന്‍, വിമുക്തി മിഷന്‍ തൃശൂര്‍ ജില്ലാ മാനേജര്‍ പി.കെ സതീഷ് എന്നിവര്‍ വിഷയാവതരണം നടത്തും. വിവിധ വകുപ്പുകളില്‍ നിന്ന് വിദഗ്ദ്ധര്‍ പങ്കെടുക്കുന്ന പാനല്‍ ഡിസ്‌കഷനും നടക്കും.
മെയ് 11 ന് രാവിലെ 10 ന് കുടുംബശ്രീയുടെ നേതൃത്വത്തില്‍ എന്റെ കേരളം സ്ത്രീപക്ഷ കേരളം എന്ന വിഷയത്തില്‍ വനിതാ സംഗമം നടത്തും. കുടുംബശ്രീ അംഗങ്ങളായ 2000 ത്തോളം വനിതകള്‍ പങ്കെടുക്കും. വിവിധ മേഖലകളില്‍ വൈദഗ്ദ്യം തെളിയിച്ച വനിതകളെ പരിപാടിയില്‍ ആദരിക്കും. സംഗമത്തോടനുബന്ധിച്ച് നൂറ് വനിതകള്‍ പങ്കെടുക്കുന്ന കളരിപ്പയറ്റ് പ്രദര്‍ശനവും നടക്കും. സ്ത്രീകള്‍ക്കായി 'സംരംഭക സാധ്യതകളും സാമ്പത്തിക സ്രോതസ്സുകളും എന്ന വിഷയത്തില്‍ കുടുംബശ്രീ ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ എം.വി ജയന്‍ സെമിനാര്‍ അവതരിപ്പിക്കും. തുടര്‍ന്ന് 'കുടുംബശ്രീയും സ്ത്രീശാക്തീകരണവും' വിഷയത്തില്‍ ഓപ്പണ്‍ ക്വിസ് സംഘടിപ്പിക്കും.
ജില്ലയിലെ ജലവിഭവ വകുപ്പിന്റെ നേതൃത്വത്തില്‍ ജല ഹര്‍ഷം 2025 എന്ന പേരില്‍ മെയ് 13 ന് രാവിലെ 10 ന് സെമിനാര്‍ നടക്കും. കണ്ണൂര്‍ ജില്ലയിലെ വിവിധ എഞ്ചിനീയറിംഗ് കോളേജുകള്‍, ഗവണ്‍മെന്റ് പോളി ടെക്‌നിക് കോളേജുകള്‍ എന്നിവടങ്ങളില്‍ നിന്നുള്ള വാട്ടര്‍ റിസോഴ്‌സ് പ്രൊജക്ടുകള്‍ പരിചയപ്പെടുത്തുകയും കഴിഞ്ഞ അധ്യയന വര്‍ഷത്തിലെ ആറ് മികച്ച പ്രൊജക്ടുകള്‍ സെമിനാറില്‍ അവതരിപ്പിക്കുകയും ചെയ്യും. കേരള വാട്ടര്‍ അതോറിറ്റി, ഗ്രൗണ്ട് വാട്ടര്‍, ജലസേചന വകുപ്പുകളിലെ വിദഗ്ദര്‍ അടങ്ങുന്ന പാനല്‍ പ്രൊജക്ടുകള്‍ വിലയിരുത്തും. വിദ്യാര്‍ഥികള്‍ക്കായി പെന്‍സില്‍ ഡ്രോയിംഗ്, ജലച്ചായ മത്സരങ്ങളും ജലവുമായി ബന്ധപ്പെട്ടുള്ള ചോദ്യോത്തര വേളയും നടത്തും. സ്റ്റാളിലെത്തുന്നവര്‍ക്ക് ക്യൂ ആര്‍ സ്‌കാന്‍ ചെയ്ത് മത്സരങ്ങളില്‍ പങ്കാളികളാവാം. 3.45, 5.30 സമയങ്ങളിലായി കൗതുകമുണര്‍ത്തുന്ന 75 മിനിറ്റ് ദൈര്‍ഘ്യമുള്ള ജലമുദ്ര തിയേറ്റര്‍ ഷോ ഉണ്ടാകും. ഉള്‍നാടന്‍ ജലഗതാഗതവുമായി ബന്ധപ്പെട്ട് ചിത്രീകരിച്ച ജലമുദ്ര കാണികള്‍ക്ക് കാഴ്ച വിസ്മയം തീര്‍ക്കും.
മെയ് 13 ന് രാവിലെ 11.30 ന് 'സിവില്‍ സര്‍വീസ് പരീക്ഷ അറിയേണ്ടതെല്ലാം' എന്ന വിഷയത്തില്‍ സിവില്‍ സര്‍വീസ് അക്കാദമി നടത്തുന്ന സെമിനാറില്‍ കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാദമി കല്യാശ്ശേരി കോ ഓര്‍ഡിനേറ്റര്‍ കെ. ശിവകുമാര്‍ സെഷനുകള്‍ കൈകാര്യം ചെയ്യും. സിവില്‍ സര്‍വീസ് പരീക്ഷയുടെ സിലബസ്, യോഗ്യത, പരീക്ഷയുടെ വിവിധ ഘട്ടങ്ങള്‍, തയ്യാറെടുപ്പ്, സിവില്‍ സര്‍വീസ് അക്കാദമിയില്‍ ലഭ്യമായ കോഴ്‌സുകള്‍, ലഭ്യമാക്കുന്ന സ്‌കോളര്‍ഷിപ്പുകള്‍ എന്നീ വിവരങ്ങള്‍ സെമിനാറില്‍ നിന്നും അറിയാം. ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി, കോളേജ് വിദ്യാര്‍ഥികള്‍ക്കായാണ് സെമിനാര്‍.
പിന്നോക്ക വിഭാഗ വികസന വകുപ്പ് എച്ച്‌സിഎല്‍ ടെക്‌നോളജീസുമായി ചേര്‍ന്ന് ഹയര്‍ സെക്കന്ററി വിദ്യാര്‍ഥികള്‍ക്കായി ഒരുക്കുന്ന കരിയര്‍ ഓറിയന്റേഷന്‍ പ്രോഗ്രാം മെയ് 14 ന് രാവിലെ 10 മണിക്ക് നടക്കും. കൗണ്‍സിലിംഗ് സൈക്കോളജിസ്റ്റും കരിയര്‍ കൗണ്‍സിലറുമായ പി.ഒ മുരളീധരന്‍, എച്ച്‌സിഎല്‍ ടെക്‌നോളജീസ് ക്ലസ്റ്റര്‍ ഹെഡ് ടിന സി ഷെറി എന്നിവര്‍ ക്ലാസ്സുകള്‍ നല്‍കും. വിദ്യാര്‍ഥികള്‍ക്ക് വിദഗ്ധരുമായി സംശയ നിവാരണം നടത്താനുള്ള അവസരവും പരിപാടിയില്‍ ലഭിക്കും.
കിടാവ് മുതല്‍ കിടാവ് വരെ; പാല്‍ ഉത്പാദനത്തില്‍ സ്വയം പര്യാപ്തത എന്ന വിഷയത്തില്‍ മെയ് 14 ന് രാവിലെ 11.30 ന് റിട്ടയേര്‍ഡ് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. വി. പ്രശാന്ത് ക്ലാസ്സെടുക്കും. ഗര്‍ഭിണി പശുക്കളുടെ പരിപാലനം, തീറ്റക്രമം, പശുക്കുട്ടികളുടെ ശാസ്ത്രീയമായ പരിചരണം, കന്നിപ്പാലിന്റെ പ്രാധാന്യം, അത്യുല്‍പാദനശേഷിയുള്ള പശുക്കളുടെ തീറ്റക്രമം, ശാസ്ത്രീയമായിട്ടുള്ള പരിചരണ മുറകള്‍, കന്നുകാലികളില്‍ കാണപ്പെടുന്ന സാധാരണ വൈറസ്, ബാക്ടീരിയ രോഗങ്ങള്‍, പ്രതിരോധ മാര്‍ഗങ്ങള്‍, വാക്‌സിനേഷന്‍ ഷെഡ്യൂളുകള്‍, ഫാം ലൈസന്‍സിങ്ങ്, കന്നുകാലി ഇന്‍ഷുറന്‍സ് ചട്ടങ്ങളും പരിരക്ഷയും എന്നീ വിഷയങ്ങള്‍ സെമിനാറില്‍ പ്രതിപാദിക്കും.
- Log in to post comments