Skip to main content
.

സൗജന്യ ഓണ്‍ലൈന്‍ സേവനങ്ങളുമായി അക്ഷയ

 

 

സംസ്ഥാനസര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ സൗജന്യ ഓണ്‍ലൈന്‍ സേവനങ്ങള്‍ ഒരുക്കിയ അക്ഷയ ഹെല്‍പ് ഡെസ്‌കില്‍ തിരക്കേറി. കേരള സ്റ്റേറ്റ് ഐടി മിഷന്റെ നേതൃത്വത്തിലാണ് അക്ഷയ ഹെല്‍പ് ഡെസ്‌ക് ആരംഭിച്ചത്. ആധാര്‍ എന്റോളിംഗ്, ആധാര്‍ കാര്‍ഡിലെ തെറ്റുതിരുത്തല്‍, പുതുക്കല്‍, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള അപേക്ഷ സമര്‍പ്പിക്കല്‍, തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, പാന്‍ കാര്‍ഡ് ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കല്‍, ഇ-ഡിസ്ട്രിക്ട് സംബന്ധിച്ച സൗജന്യ സേവനങ്ങള്‍ തുടങ്ങി നിരവധി ഓണ്‍ലൈന്‍ സേവനങ്ങള്‍ അക്ഷയ ഹെല്‍പ് ഡെസ്‌ക് മുഖേന സന്ദര്‍ശകര്‍ക്ക് പ്രയോജനപ്പെടുത്താം. കൂടാതെ വ്യക്തിഗത രേഖകള്‍ ഡിജിറ്റലായി സൂക്ഷിക്കാന്‍ കഴിയുന്ന ഡിജിലോക്കര്‍ സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആധാര്‍ കാര്‍ഡുമായി രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് ഡിജിലോക്കര്‍ സേവനം സന്ദര്‍ശകര്‍ക്ക് ഉപയോഗപ്പെടുത്താം. 

 

പ്രദര്‍ശന-വിപണന മേളയ്‌ക്കെത്തുന്ന നിരവധി സന്ദര്‍ശകരാണ് ഹെല്‍പ് ഡെസ്‌കില്‍ നിന്ന് വിവിധ സേവനങ്ങള്‍ പ്രയോജനപ്പെടുത്തുന്നത്. രാവിലെ 10 മുതല്‍ രാത്രി 7.30 വരെ ഹെല്‍പ്‌ഡെസ്‌കിന്റെ സേവനം പൊതുജനങ്ങള്‍ക്ക് ലഭ്യമാകും. മേളയുടെ ഭാഗമായി തികച്ചും സൗജന്യമായാണ് ഹെല്‍പ് ഡെസ്‌കില്‍ സേവനങ്ങള്‍ നല്‍കുന്നത്. പണമടച്ചുള്ള സേവനങ്ങള്‍ ഹെല്‍പ് ഡെസ്‌കില്‍ ലഭ്യമാക്കിയിട്ടില്ല. 

 

വാഴത്തോപ്പ് ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മൈതാനിയില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേള മെയ് അഞ്ചിന് സമാപിക്കും.

 

ചിത്രം: അക്ഷയയുടെ സ്റ്റാളില്‍ നിന്ന്

2. എൻ്റെ കേരളം പ്രദർശന വിപണന മേളയിൽ അക്ഷയ സ്റ്റാൾ

 

date