Skip to main content
.

എന്റെ കേരളം മേള: ലക്ഷ്യം തെറ്റാതെ ലഹരിക്കെതിരെ ഒരു ബോൾ 

 

 

ലഹരിയുടെ വഴികളില്‍ നിന്ന് യുവതയെ തിരിച്ചുവിടാന്‍ അവരെ കളിക്കളങ്ങളിലേക്ക് തിരിച്ചു കൊണ്ടു വരണമെന്ന ആശയത്തെ പ്രതീകാത്മകമായി ചിത്രീകരിക്കുന്ന എക്‌സൈസ് വകുപ്പിന്റെ സ്റ്റാള്‍ യുവാക്കളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാകുന്നു. എന്റെ കേരളം പ്രദര്‍ശന വിപണന മേളയിലെ എക്‌സൈസ് വകുപ്പിന്റെ 'ലഹരിക്കെതിരെ ഒരു ബോള്‍ ' മത്സരമാണ് പ്രായഭേദമന്യ സന്ദര്‍ശകരെ ആകര്‍ഷിക്കുന്നത്. 

ബാസ്‌കറ്റ് ബോള്‍ നെറ്റിലേക്ക് വീഴുന്ന ഓരോ ബോളും ലഹരിക്കെതിരെയുള്ള പ്രതിരോധ സ്വരങ്ങളായി മാറുകയാണ്. 

 

മൂന്ന് തവണ കൃത്യമായി ബോള്‍ നെറ്റില്‍ വീഴ്ത്തുന്നവര്‍ക്ക് സമ്മാനങ്ങളും നല്‍കുന്നുണ്ട്. 

ഒപ്പം ചിത്രശലഭത്തിന്റെ മാതൃകയില്‍ ഒരു ഫോട്ടോ പോയിന്റും സ്റ്റാളില്‍ ഒരുക്കിയിട്ടുണ്ട്. അതില്‍ ചിത്രം എടുത്ത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്നതിനോടൊപ്പം പേരെഴുതി നറുക്കെടുപ്പ് ബോക്‌സില്‍ നിക്ഷേപിക്കുകയും എല്ലാ ദിവസവും നറുക്കെടുപ്പിലൂടെ വിജയികളെ പ്രഖ്യാപിക്കുകയും സമ്മാനം നല്‍കുകയും ചെയ്യും.

 

ഇതോടൊപ്പം പസ്സില്‍സും ക്വിസ് മത്സരവും സ്റ്റാളില്‍ ഒരുക്കിയിട്ടുണ്ട്. 

മേളയില്‍ എത്തുന്ന യുവാക്കളെയും മാതാപിതാക്കളെയും നിറപുഞ്ചിരിയോടെ സ്വീകരിക്കുന്ന എക്‌സൈസ് ഉദ്യോഗസ്ഥര്‍ ലഹരി ഉപയോഗത്തിന്റെ മാരക പ്രത്യാഘാതങ്ങള്‍ക്കെതിരെ ബോധവത്ക രിക്കാനും സമയം കണ്ടെത്തുന്നുണ്ട്.

സന്ദര്‍ശകരുടെ പങ്കാളിത്തം ഉറപ്പാക്കുന്ന മല്‍സരങ്ങളിലൂടെയും കളികളിലൂടെയും മേളയില്‍ ഏറ്റവും കൂടുതല്‍ തിരക്ക് അനുഭവപ്പെടുന്ന സ്റ്റാളുകളില്‍ ഒന്നായി മാറിയിരിക്കുകയാണ് എക്‌സൈസ് വകുപ്പിന്റെ സ്റ്റാള്‍. വിദ്യാര്‍ത്ഥികളിലും യുവതലമുറയിലും പൊതുജനങ്ങളിലും ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് മനസ്സിലാക്കുന്നതിനുള്ള വിവിധ കര്‍മ്മ പരിപാടികള്‍ നടപ്പിലാക്കി വരുന്ന എക്സൈസ് വകുപ്പിന്റെ പ്രവര്‍ത്തനങ്ങളെ മേളയിലെ സ്റ്റാള്‍ വഴി ജനങ്ങള്‍ക്ക് മനസ്സിലാക്കാനും സാധിക്കുന്നു. 

 

ചിത്രം: 1.എക്സൈസ് സ്റ്റാളിലെ ചിത്രശലഭത്തിന്റെ മാതൃകയിലുള്ള ഫോട്ടോ പോയിന്റില്‍ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന കുട്ടി

2. എക്‌സൈസ് വകുപ്പിന്റെ സ്റ്റാള്‍

 

 

date