Skip to main content
.

വരൂ, വനവിഭവങ്ങളുടെ രുചി അറിയാം…

 

 

നറുനീണ്ടി ചായ, ബട്ടർ ബീൻസ് മോമോ സ്, റാഗി ലഡു… അത്ര പരിചിതമായിരിക്കില്ല ഈ വിഭവങ്ങൾ. വനവിഭവങ്ങൾ കൊണ്ട് തയ്യാറാക്കുന്ന ഈ രുചികൾ ഭക്ഷണപ്രിയർക്ക് പരിചയപ്പെടുത്തുന്ന എൻറെ കേരളം പ്രദർശന വിപണമേളയിലെ വനം വന്യജീവി വകുപ്പിന്റെ സ്റ്റാളിൽ തിരക്കേറുകയാണ്. ഔഷധഗുണമുള്ള പ്രകൃതിദത്ത ഭക്ഷ്യ ഉത്പന്നങ്ങളാണ് ഇവിടുത്തെ സവിശേഷത. 

 

സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് വാഴത്തോപ്പ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ മൈതാനത്ത് 

മൂന്നാർ വൈൽഡ് ലൈഫ് ഡിവിഷനും ചിന്നാർ വന്യജീവി സങ്കേതവും ചേർന്നാണ് ഈ സ്റ്റാൾ സജ്ജമാക്കിയിരിക്കുന്നത്. പാരമ്പര്യത്തെയും ആരോഗ്യബോധത്തെയും സമന്വയപ്പെടുത്തി പ്രകൃതിയുടെ വിഭവങ്ങൾക്കൊപ്പം ഒരു രൂചിയാത്രയാണ് സന്ദർശകർക്ക് സ്റ്റാൾ ഒരുക്കിയിരിക്കുന്നത്.

 

ആദിവാസി സമൂഹത്തിൽ പരമ്പരാഗതമായി ഉപയോഗിക്കുന്ന നറുനീണ്ടി ചായ, ഔഷധഗുണവും അസാധാരണമായ രുചിയും സമ്മാനിക്കുന്നു. വനപ്രദേശങ്ങളിൽ കൃഷി ചെയ്യുന്ന പയർ ഇനത്തിൽപ്പെട്ട ഗുണമേന്മയേറിയ ബട്ടർ ബീൻസ് ഉപയോഗിച്ച് തയ്യാറാക്കിയ മോമോസും ഭക്ഷ്യമേളയിലെ പ്രധാന ആകർഷണങ്ങളിലൊന്നാണ്.

 

റാഗി ലഡു, റാഗി മിൽക്ക്, ചാമയരി പായസം, മുളയരി പായസം, ചെറുധാന്യങ്ങൾ ചേർത്ത പായസം തുടങ്ങിയ വിഭവങ്ങളും ഭക്ഷണ പ്രിയർക്കായി ഒരുക്കിയിട്ടുണ്ട്. കൂടാതെ കപ്പ, ചേമ്പ്, മധുരക്കിഴങ്ങ്, കാച്ചിൽ, റാഗി കടി, കാന്താരി ചമ്മന്തി, മീൻ കറി, ബട്ടർ ബീൻസ് ചിക്കൻ കറി തുടങ്ങിയ നാടൻ വിഭവങ്ങളും ഭക്ഷണപ്രേമികളെ ആകർഷിക്കുന്നു.

 

വനം വിഭവങ്ങളായ തേൻ, പുൽതൈലം, സർബത്ത്, റാഗിപ്പൊടി, മഞ്ഞൾ തുടങ്ങിയ ഉത്പന്നങ്ങളും സ്റ്റാളിൽ ലഭ്യമാണ്. മറയൂർ ശർക്കര, ചങ്ങലം പെരണ്ട അച്ചാർ, ഇഞ്ചിചായപ്പൊടി എന്നിവയും വിൽപ്പനയ്ക്കുണ്ട്. 

മേള ഇന്ന് സമാപിക്കും

 

ഫോട്ടോ : എൻ്റെ കേരളം പ്രദർശന വിപണമേളയിലെ വനം വന്യജീവി വകുപ്പിന്റെ ഭക്ഷ്യ സ്റ്റാൾ സന്ദർശിക്കുന്നവർ

 

date