വിദ്യാർഥികൾക്ക് ദിശാബോധം പകർന്ന് കരിയർ ഗൈഡൻസ് സെമിനാർ
എന്റെ കേരളം പ്രദർശന വിപണന മേളയിൽ വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ കരിയര്‍ ഗൈഡന്‍സ് സെമിനാര്‍ സംഘടിപ്പിച്ചു.
മുരിക്കാശ്ശേരി മാര്‍സ്ലീവ കോളേജ് അസിസ്റ്റന്റ് പ്രൊഫസര്‍ സെബാസ്റ്റ്യന്‍ മാത്യു ക്ലാസ് നയിച്ചു. ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട മേഖല തൊഴിൽ ആണെന്നും ജീവിതത്തിലെ നിർണായക തീരുമാനം എടുക്കേണ്ടത് തൊഴിൽ മേഖല തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാഭ്യാസമല്ല വിജയത്തിൻ്റെ മാനദണ്ഡം മറിച്ച് താത്പര്യവും അഭിരുചിയുമാണ് വിജയത്തിൻ്റെ മാനദണ്ഡമെന്ന് ഉദാഹരണങ്ങളിലൂടെ അദ്ദേഹം കുട്ടികളെ മനസിലാക്കി. നേതൃപാടവം, ജീവിത നൈപുണി, പ്രശ്നങ്ങൾ പരിഹരിക്കുന്നതിലെ കഴിവ്, വൈകാരിക നിയന്ത്രണം, ഉത്തരവാദിത്ത ബോധം, അതിജീവന ശേഷി തുടങ്ങിയ സ്വഭാവ സവിശേഷതകളാണ് ജീവിത വിജയത്തിൻ്റെയും മികച്ച വ്യക്തിത്വ രൂപികരണത്തിൻ്റെയും അടിസ്ഥാന ഘടങ്ങൾ. ഇവ പരിശീലനങ്ങളിലൂടെ സ്വായത്തമാക്കണം.
വിദ്യാർഥികൾ അഭിരുചിക്കും താത്പര്യത്തിനും അനുസൃതമായി സ്ട്രീം തെരഞ്ഞെടുക്കണമെന്ന് സെമിനാർ വിലയിരുത്തി.
എം.ബി.ബി.എസ്, മറൈൻ കോഴ്സ്, ബി.ഡി.എസ്, എൽ.എൽ.ബി- സൈബർ സെക്യുരിറ്റി, ജെ.ഇ.ഇ, ഫയർ ആൻ്റ് സേഫ്റ്റി, ഇ-കൊമേഴ്സ്, ഡിജിറ്റൽ മാർക്കറ്റിംഗ് തുടങ്ങി നിരവധി നൂതന കോഴ്സുകളും സാധ്യതകളും വിദ്യാഭ്യാസ സ്ഥാപനങ്ങളെ കുറിച്ചും സെമിനാറിൽ വിശദീകരിച്ചു.
ജീവിത നൈപുണ്യങ്ങൾ എന്ന വിഷയത്തിൽ കട്ടപ്പന ജില്ലാ വിദ്യാഭ്യാസ ഓഫീസർ ആൻസൺ ജോസഫ് ക്ലാസ് നയിച്ചു.
വിദ്യാഭ്യസ ഡെപ്യൂട്ടി ഡയറക്ടർ ഷാജി എസ്, കരിയർ ഗൈഡൻസ് ആൻ്റ് കൗൺസിലിംഗ് ജോയിൻ്റ് കോർഡിനേറ്റർ ഡോ. ദേവി കെ.എസ്, കരിയർ ഗൈഡൻസ് ആൻ്റ് കൗൺസിലിംഗ് കൺവീനർ ജയ്സൺ ജോൺ, ഡെപ്യൂട്ടി ജില്ലാ പ്ലാനിംഗ് ഓഫീസർ ടി.പി സുധേഷ് കുമാർ എന്നിവർ സംസാരിച്ചു.
ഫോട്ടോ: കരിയർ ഗൈഡൻസ് സെമിനാറിൽ മാർസ്ലീവ കോളേജ് അസിസ്റ്റൻ്റ് പ്രൊഫസർ സെബാസ്റ്റ്യൻ മാത്യു ക്ലാസ് നയിക്കുന്നു.
- Log in to post comments