Skip to main content

കുടുംബശ്രീ ഭക്ഷ്യമേളയില്‍ ഏഴു ലക്ഷത്തിലധികം രൂപയുടെ വില്‍പ്പന

 

 

*വിപണന സ്റ്റാളുകളിലും വന്‍ വില്‍പ്പന*

 

രണ്ടാം പിണറായി സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് വാഴത്തോപ്പ് സ്‌കൂള്‍ ഗ്രൗണ്ടില്‍ സംഘടിപ്പിച്ച എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ പങ്കെടുത്ത വാണിജ്യ സ്റ്റാളുകളിലും ഫുഡ് കോര്‍ട്ടുകളിലും വന്‍ വിറ്റുവരവ്. 

 

കഫെ കുടുംബശ്രീയുടെ ഭക്ഷ്യമേളയില്‍ 792815 രൂപയുടെ വില്‍പ്പനയാണ് നടന്നത്. അഞ്ച് കുടുംബശ്രീ സംരംഭകരുടെ വ്യത്യസ്തമായ വിഭവങ്ങളാണ് മേളയില്‍ ഭക്ഷണപ്രിയരുടെ മനം കവര്‍ന്നത്. അട്ടപ്പാടിയില്‍ നിന്നും വന്ന കാട്ടു ചെമ്പകം അട്ടപ്പാടി കഫെ കുടുംബശ്രീ യൂണിറ്റിന്റെ വനസുന്ദരി ചിക്കന്‍ ഇത്തവണയും ഹിറ്റായി. 

 

കൂടാതെ രുചിക്കൂട്ട് കഫെ യൂണിറ്റിന്റെ മാഞ്ഞാലി ബിരിയാണി, കിഴി പൊറോട്ട, എല്ലും കപ്പയും ഏദന്‍സ് കഫെ യൂണിറ്റിന്റെ പിടിയും കോഴിയും, കപ്പ ബിരിയാണി, നെയ് പത്തലും ചിക്കന്‍ ചുക്കയും അച്ചൂസ് കഫെ യൂണിറ്റിന്റെ പാല്‍പുട്ടും ബീഫും പാല്‍ കപ്പയും ബീഫും അമ്പാടി കഫെ യൂണിറ്റിന്റെ വ്യത്യസ്തമാര്‍ന്ന ജ്യൂസുകളും ഉള്‍പ്പടെ നിരവധി വിഭവങ്ങളാണ് മേളയിലെത്തിയ ആയിരങ്ങളെ ആകര്‍ഷിച്ചത്. 

 

മീന്‍ കട്‌ലറ്റ്, കപ്പയും മീന്‍ കറിയും മീന്‍ പൊള്ളിച്ചത് തുടങ്ങിയ സീഫുഡ് വിഭവങ്ങളുടെ രുചിക്കൂട്ടൊരുക്കിയ മത്സ്യഫെഡിന്റെ സ്റ്റാളും ശ്രദ്ധേയമായി. മത്സ്യഫെഡ് ഒരുക്കിയ ഭക്ഷ്യമേളയില്‍ ആകെ 42870 രൂപയുടെ വില്‍പ്പനയാണ് നടന്നത്. കപ്പ മീന്‍ കറി, മീന്‍ വറുത്തത്, മീന്‍ പൊള്ളിച്ചത്, മീന്‍ തലക്കറിയും ചപ്പാത്തിയും മത്സ്യഫെഡിന്റെ മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ എന്നിവയാണ് മത്സ്യഫെഡിന്റെ ഫുഡ് കോര്‍ട്ടിലുണ്ടായിരുന്നത്. 

 

4842 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഫുഡ് കോര്‍ട്ടാണ് മേളയില്‍ ഒരുക്കിയത്. കുടുംബശ്രീ, മത്സ്യഫെഡ്, വനം വകുപ്പ് എന്നിവയുടെ സ്റ്റാളുകളാണ് ഫുഡ് കോര്‍ട്ടില്‍ വിഭവങ്ങളൊരുക്കിയത്.  

 

വിപണന സ്റ്റാളുകളില്‍ ഇടുക്കി ബ്ലോക്കിലെ 13 കുടുംബശ്രീ സംരംഭകരുടെ ഉത്പന്നങ്ങള്‍ വിപണനം നടത്തി. പലഹാരങ്ങള്‍, മസാലക്കൂട്ടുകള്‍, വിവിധ അച്ചാറുകള്‍, ചിപ്‌സുകള്‍, ചമ്മന്തിപ്പൊടികള്‍, നൈറ്റികള്‍, ചുരിദാര്‍ ടോപ്പുകള്‍ നൈറ്റി മെറ്റീരിയലുകള്‍ എന്നിവയുടെ വില്‍പ്പനയിനത്തില്‍ 97650 രൂപയുടെ വിറ്റുവരവുണ്ടായി. 

 

കുടുംബശ്രീ സംരംഭമായ പാലക്കാട് ജ്യോതിസ് കൈത്തറി യൂണിറ്റിന്റെ സ്റ്റാളില്‍ 70670 രൂപയുടെ വില്‍പന നടന്നു. കുടുംബശ്രീ വിപണന സ്റ്റാളുകളില്‍ നിന്ന് ആകെ 268320 രൂപയുടെ വിറ്റുവരവ് ലഭിച്ചു. 

 

വ്യവസായ വകുപ്പിനു കീഴിലുള്ള വാണിജ്യ സ്റ്റാളുകളില്‍ നിന്നായി 1124522 രൂപ വിറ്റുവരവ് നേടി. ആകെ 40 യൂണിറ്റുകളാണ് മേളയില്‍ പങ്കെടുത്തത്. 951000 രൂപയുടെ വര്‍ക്ക് ഓര്‍ഡറും മേളയില്‍ ലഭിച്ചു. കാര്‍ഷികാവശ്യത്തിന് മരുന്ന് അടിക്കുന്നതിനുള്ള യന്ത്രങ്ങള്‍, സോളാര്‍ പാനലുകള്‍ എന്നിവയ്ക്കാണ് കൂടുതല്‍ ഓര്‍ഡര്‍ ലഭിച്ചത്. പാലക്കാട്, തൃശൂര്‍ മേഖലകളില്‍ നിന്നെത്തിയ കൈത്തറി സ്റ്റാളുകളിലാണ് ഏറ്റവുമധികം വില്‍പ്പന നടന്നത്. കൈത്തറി ഉത്പന്നങ്ങള്‍ വിറ്റ മൂന്ന് സ്റ്റാളുകളിലായി 1.40 ലക്ഷം രൂപയുടെ വില്‍പ്പന നടന്നു.

 

 

date