ഉല്ലാസ് പദ്ധതി: റിസോഴ്സ് പേഴ്സണ്‍മാര്‍ക്ക് പരിശീലനം
ജില്ലാ സാക്ഷരതാ മിഷന്റെ നേതൃത്വത്തില്‍ ന്യൂ ഇന്ത്യ ലിറ്ററസി പദ്ധതിയുടെ (ഉല്ലാസ്) ഭാഗമായി റിസോഴ്സ് പേഴ്സണ്‍മാര്‍ക്ക് പരിശീലനം സംഘടിപ്പിച്ചു. പരിശീലന പരിപാടിയുടെ ഉദ്ഘാടനം ജില്ലാപഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ കെ.ജി. സത്യന്‍ ഉടുമ്പന്‍ചോല ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന ബിജുവിന് ഉല്ലാസ് പദ്ധതി പഠന ഉപകരണങ്ങള്‍ നല്‍കി നിര്‍വഹിച്ചു.
സാക്ഷരത മിഷനിലൂടെ ത്യാഗപൂര്‍ണ്ണമായ സാക്ഷരതാ പ്രവര്‍ത്തനമാണ് പ്രേരക്മാര്‍ നിര്‍വഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. നിരന്തരമായ അത്തരം പ്രവര്‍ത്തനങ്ങളാണ് സമ്പൂര്‍ണ്ണ സാക്ഷരത സംസ്ഥാനമായി കേരളത്തെ നിലനിര്‍ത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
പരിപാടിയുടെ ഭാഗമായി 20 ഗ്രാമപഞ്ചായത്തില്‍ നിന്നായി 60 റിസോഴ്സ് പേഴ്സണ്‍മാര്‍ക്ക് പരിശീലനം നല്‍കി. ഉല്ലാസ് പദ്ധതി ചരിത്രം, പദ്ധതിയുടെ നേട്ടങ്ങളും വെല്ലുവിളികളും എന്ന വിഷയത്തില്‍ സാക്ഷരതാ മിഷന്‍ ജില്ലാ കോ-ഓഡിനേറ്റര്‍ പി.എം അബ്ദുള്‍ കരിം ക്ലാസ് നയിച്ചു. മുതിര്‍ന്നവരുടെ ബോധന ശാസ്ത്രം, നവകേരളത്തിലെ സാക്ഷരതാ പ്രവര്‍ത്തനങ്ങള്‍ എന്ന വിഷയത്തില്‍ ജില്ലാ റിസോഴ്സ് പേഴ്സണ്‍മാരായ ബെന്നി ജോണ്‍, ദീപ രഘുനാഥ് എന്നിവരും ക്ലാസ് നയിച്ചു.
ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച യോഗത്തില്‍ തദ്ദേശ സ്വയം ഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍ ട്രീസാ ജോസ് അധ്യക്ഷത വഹിച്ചു. സാക്ഷരത മിഷന്‍ കോട്ടയം ജില്ലാ കോ-ഓഡിനേറ്റര്‍ ഡോ. വി.വി. മാത്യു മുഖ്യപ്രഭാഷണം നടത്തി. ഉടുമ്പന്‍ചോല ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന ബിജു, സാക്ഷരതാ മിഷന്‍ അസിസ്റ്റന്റ് ജില്ലാ കോ-ഓഡിനേറ്റര്‍ ജമിനി ജോസഫ് എന്നിവര്‍ സംസാരിച്ചു.
- Log in to post comments