വെർച്വൽ ബീച്ചും കാരവനും ടെന്റ് ക്യാമ്പിങ്ങും; ടൂറിസം സാധ്യതകളുടെ ജാലകം
എന്റെ കേരളം പ്രദർശന വിപണന മേളയിൽ സന്ദർശകർക്ക് വേറിട്ട അനുഭവങ്ങൾ സമ്മാനിക്കുകയാണ് വിനോദസഞ്ചാര വകുപ്പിന്റെ സ്റ്റാൾ. വെർച്വൽ ബീച്ച്, ടെന്റ് ക്യാമ്പിങ്, ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗിന്റെ മാതൃക, കളിമൺ പാത്ര നിർമ്മാണ കേന്ദ്രം, കാരവൻ തുടങ്ങിയവയാണ് ടൂറിസം വകുപ്പ് മേളയിൽ ഒരുക്കിയിരിക്കുന്നത്.
തിരമാലകള്‍ തഴുകി അകലുന്ന തീരത്തിന്റെ സമാന അനുഭവം സമ്മാനിക്കുന്നതാണ് വെർച്വൽ ബീച്ച്. മിനി ബീച്ച് സന്ദർശിക്കുന്ന പ്രതീതിയാണ് ഇവിടെ എത്തുന്നവർക്ക് ലഭിക്കുക. മേള കാണാൻ വരുന്ന കുട്ടികൾ ഏറെ കൗതുകത്തോടെയാണ് വെർച്വൽ ബീച്ച് ആസ്വദിക്കുന്നത്.
വിനോദസഞ്ചാരികള്‍ക്ക് സുരക്ഷിതവും പ്രകൃതിയോട് ഏറ്റവും ചേർന്ന് നിൽക്കുന്നതുമായ യാത്രാനുഭവം പകരുന്ന കാരവന്‍ ടൂറിസത്തെ അടുത്തറിയാനും മറൈൻ ഡ്രൈവ് മൈതാനത്ത് അവസരമുണ്ട്.
ഉത്തരവാദിത്ത ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കുടില്‍ വ്യവസായ മാതൃകയില്‍ ഗ്രാമീണ ഭംഗിയുള്ള അന്തരീക്ഷവും സജ്ജമാക്കിയിട്ടുണ്ട്. കളിമൺ പാത്രം നിർമ്മാണവും സ്റ്റാളിൽ ക്രമീകരിച്ചിരിക്കുന്നു. താല്പര്യമുള്ളവർക്ക് സ്വന്തമായി പാത്രം നിർമ്മിക്കുകയും ചെയ്യാം.
കേരളത്തിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളിലെ താമസ സൗകര്യങ്ങളും മറ്റ് ആകര്‍ഷണങ്ങളും, ഹോം സ്റ്റേകൾ, സേവനങ്ങൾ തുടങ്ങിയവയെപ്പറ്റിയുള്ള വിവരങ്ങളും സ്റ്റാളിൽ ലഭ്യമാണ്. ടൂറിസം രംഗത്ത് സംസ്ഥാനം കൈവരിച്ച നേട്ടങ്ങളും നൂതന ആശയങ്ങളും ഒറ്റനോട്ടത്തിൽ അറിയാനുള്ള അവസരമാണ് സ്റ്റാളിലുള്ളത്.
*ഫോട്ടോ അടിക്കുറിപ്പ്*
എന്റെ കേരളം പ്രദർശന വിപണന മേളയിൽ വിനോദസഞ്ചാര വകുപ്പിന്റെ സ്റ്റാളിൽ ഒരുക്കിയിരിക്കുന്ന
വെർച്വൽ ബീച്ച് വീക്ഷിക്കുന്നവർ
- Log in to post comments