ഉടനടി പരിഹാരം, സൗജന്യ സേവനങ്ങളൊരുക്കി മേള
#എന്റെ കേരളം മേളയിലെ സേവന സ്റ്റാളുകളിൽ വൻ തിരക്ക്#
എന്റെ കേരളം പ്രദര്‍ശന വിപണന മേളയിൽ സൗജന്യ സേവനങ്ങളുമായി വിവിധ സർക്കാർ വകുപ്പുകൾ. സേവനങ്ങൾ സൗജന്യമായതും തത്സമയം പരിഹരിക്കാൻ കഴിയുന്നതും സേവന സ്റ്റാളുകളെ ജനപ്രിയമാക്കുന്നു.
കേരള പ്രവാസി ക്ഷേമനിധിയിൽ പുതുതായി അംഗത്വം എടുക്കുന്നതിനും അംഗത്വമുള്ളവർക്ക് അവരുടെ അംശാദായ അടവ് പരിശോധിക്കുന്നതിനും ഓൺലൈനായി അംശാദായം അടയ്ക്കുന്നതിനും കേരളീയ പ്രവാസികാര്യ വകുപ്പിന്റെ (നോർക്ക) സ്റ്റാളിൽ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.
കെ ഫോണിന്റെ സൗജന്യ ഇന്റർനെറ്റ് കണക്ഷൻ സേവനവത്തിന് വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. ബിപിഎൽ കാർഡ് ഉടമകൾക്ക് സൗജന്യമായാണ് കെ ഫോൺ കണക്ഷൻ നൽകുന്നത്. കേരള മോട്ടോർ വാഹന വകുപ്പിന് കീഴിൽ പിഴ ഒടുക്കി എം.വി.ഡി ഇ- ചെലാൻ തീർപ്പാക്കാനുള്ള സേവനവും ആധാർ അനുഷ്ഠിത മൊബൈൽ നമ്പർ വാഹനത്തിന്റെ ആർ സിയിൽ ചേർത്തു നൽകുന്ന സേവനവും ലഭ്യമാണ്.
സൗജന്യ കുടിവെള്ള പരിശോധന കേരള വാട്ടർ അതോറിറ്റിയുടെ സേവന സ്റ്റാളിൽ ലഭ്യമാണ്. ഒരു ലിറ്റർ കുടിവെള്ളം കൊണ്ടുവന്നാൽ ബാക്ടീരിയ ഉൾപ്പെടെ കുടിവെള്ളത്തിലെ 19 ഘടകങ്ങളാണ് പരിശോധിച്ചു ഫലം നൽകുന്നത്. പരിശോധനാഫലം മൊബൈൽ നമ്പറിൽ അയച്ചുതരും. കുടിവെള്ളം കൂടാതെ സൗജന്യ മണ്ണുപരിശോധനയും മേളയിൽ ലഭ്യമാണ്.
കെ സ്മാർട്ടിലൂടെയുള്ള ജനനം, മരണം, വിവാഹം എന്നിവയുമായി ബന്ധപ്പെട്ട സേവനങ്ങൾ, രജിസ്ട്രേഷൻ, തിരുത്തലുകൾ തുടങ്ങിയ സേവനങ്ങളും ലഭ്യമാണ്. ഐ.ടി മിഷന് കീഴിലെ അക്ഷയ സെന്ററിലാണ് തിരക്ക് കൂടുതൽ. ആധാർ കാർഡ് എടുക്കുന്നതിനും തെറ്റുതിരുത്തുന്നതിനും മേളയിലെ അക്ഷയ കേന്ദ്രത്തിൽ സൗകര്യമുണ്ട്. ആധാറിലെ മൊബൈൽ നമ്പർ പുതുക്കൽ, ഫോട്ടോ പുതുക്കൽ, അഞ്ച് വയസിലും 15 വയസിലുമുള്ള നിർബന്ധിത ആധാർ പുതുക്കൽ തുടങ്ങി നിരവധി സേവനങ്ങളാണ് ഇവിടെ ലഭ്യമാക്കുന്നത്.
- Log in to post comments