മഴക്കാല മുന്നൊരുക്കം: വൈക്കം താലൂക്കിൽ യോഗം ചേർന്നു
തെക്കുപടിഞ്ഞാറൻ കാലവർഷ മുന്നൊരുക്കങ്ങളുടെ ഭാഗമായി ദുരന്തനിവാരണ ദുരന്ത പ്രതികരണ വിഭാഗത്തിന്റെയും (ഐ.ആർ.എസ്) വില്ലേജ് ഓഫീസർമാരുടെയും യോഗം വൈക്കം താലൂക്ക് കോൺഫറൻസ് ഹാളിൽ ചേർന്നു. താഹസീൽദാർ എ.എൻ ഗോപകുമാർ അധ്യക്ഷത വഹിച്ചു.
മഴക്കാലത്ത് ഐ.ആർ.എസും വില്ലേജ് ഓഫീസർമാരും ചെയ്യേണ്ട കാര്യങ്ങൾ, നിർദേശങ്ങൾ എന്നിവ യോഗത്തിൽ ചർച്ച ചെയ്തു. പോലീസ്, ഫയർഫോഴ്‌സ്, ആരോഗ്യ വകുപ്പ്, റവന്യൂ വിഭാഗം, പഞ്ചായത്ത് എന്നിവർ യോജിച്ച് പ്രവർത്തിക്കേണ്ട മേഖലകൾ ചർച്ച ചെയ്തു.
വില്ലേജ് ഓഫീസർമാരുടെ നേതൃത്വത്തിൽ പഞ്ചായത്തിന്റെ സഹായത്തോടെയാണ് ദുരന്താശ്വാസ ക്യാമ്പ് പ്രവർത്തിക്കേണ്ടത്. ക്യാമ്പിൽ നിർബന്ധമായും ഒരു പോലീസ് ഉദ്യോഗസ്ഥൻ ഡ്യൂട്ടിയിൽ ഉണ്ടാവണമെന്നും നിർദ്ദേശം നൽകി. അപകടങ്ങൾ ദുരന്തങ്ങൾ എന്നിവ ഉണ്ടായാൽ ഉടനടി താലൂക്കിൽ റിപ്പോർട്ട് ചെയ്യണം. റെഡ്, ഓറഞ്ച് അലേർട്ടുകൾ വരുന്ന സാഹചര്യത്തിൽ വില്ലേജ് ഓഫീസർമാർ വേണ്ട മുൻകരുതൽ എടുക്കണം. ക്യാമ്പ് തുടങ്ങിയാൽ പോലീസ് ,ആരോഗ്യ വിഭാഗം എന്നിവരെ ആദ്യം തന്നെ അറിയിക്കണം. വൈക്കം താലൂക്കിലെ ജനറൽ കൺട്രോൾ റൂം 24 മണിക്കൂറും പ്രവർത്തിക്കുന്നതാണ്. ജൂൺ ഒന്ന് മുതൽ പ്രത്യേക കൺട്രോൾ റൂം പ്രവർത്തനം ആരംഭിക്കും (താലൂക്ക് ഓപ്പറേഷൻ സെന്റർ).
ഭൂരേഖ തഹസീൽദാർ ആർ. രാജേഷ്, ദുരന്തനിവാരണ ഡെപ്യൂട്ടി തഹസീൽദാർ കെ.ജെ. അജിത് കുമാർ, ഹെഡ് കോർട്ടർ ഡെപ്യൂട്ടി തഹസീൽദാർ ആർ.മനോജ് കുമാർ, പോലീസ്, വില്ലേജ് ഓഫീസർമാർ, പഞ്ചായത്ത് സെക്രട്ടറിമാർ എന്നിവർ പങ്കെടുത്തു.
- Log in to post comments