മക്കാവൂവിനെ തോളിലെടുത്തും ആനയെ ഊട്ടിയും മന്ത്രി ചിഞ്ചുറാണി
#മൃഗസംരക്ഷണ വകുപ്പ് സ്റ്റാളിൽ താരമായി കുഞ്ഞൻ അനാക്കോണ്ടയും രൗദ്രയും#
മക്കാവൂവിനെ തോളിലെടുത്തും കുരങ്ങിന്റെ ഇനത്തിൽപ്പെട്ട റെഡ് ഹാൻഡ് ടാമറിനെ തലോടിയും ആനയെ ഊട്ടിയും എന്റെ കേരളം പ്രദർശന വിപണന മേളയിലെ മന്ത്രി ചിഞ്ചുറാണിയുടെ മൃഗസംരക്ഷണ വകുപ്പ് സ്റ്റാൾ സന്ദർശനം ആഘോഷമായി. നെറ്റിപ്പട്ടമണിഞ്ഞെത്തിയ ഉണ്ണിക്കുട്ടൻ എന്ന ആനയെ ഊട്ടിയാണ് മന്ത്രിയുടെ സന്ദർശനം ആരംഭിച്ചത്. സ്റ്റാളിൽ എത്തിയ രൗദ്ര എന്ന കുതിരയ്ക്ക് തീറ്റ കൊടുക്കാനും മറന്നില്ല.
മൃഗസംരക്ഷണവകുപ്പിൻ്റെ പവലിയൻ മന്ത്രി ഉദ്ഘാടനം ചെയ്തു. സ്റ്റാളിലെ എല്ലാ പ്രത്യേക വിഭാഗങ്ങളും മന്ത്രി സന്ദർശിച്ചു. പാൽവിഭവങ്ങളുടെ നിർമ്മാണ രീതിയും അരുമ മൃഗങ്ങളുടെ പ്രദർശനവും കോഴിക്കുഞ്ഞുങ്ങളുടെ വില്പനയുമെല്ലാം ഏറെ ഹൃദ്യമായാണ് മേളയിൽ ഒരുക്കിയിരുന്നത്. സ്റ്റാളിന് പുറത്ത് അവതരിപ്പിച്ച ലഹരിക്കെതിരെയുള്ള ഫ്ലാഷ് മോബും മൈമും മന്ത്രി ആസ്വദിച്ചു.
പള്ളിച്ചലിലെ പോപ്പുലർ ഫാമിൽ നിന്നാണ് രൗദ്രയും റെഡ് ഹാൻഡ് ടാമറിനും അനാക്കോണ്ട കുഞ്ഞും എത്തിയത്. രാജ്യത്തിന് പുറത്ത് വലിയ പ്രദർശനങ്ങളിലെ താരങ്ങളാണ് ഇവർ. എട്ട് മാസം മാത്രം പ്രായമുള്ള അനാക്കോണ്ടയ്ക്ക് 6.5 അടി നീളമുണ്ട്. പാമ്പുകളിൽ ഏറ്റവും വായ് വലുപ്പം കുടിയ പാമ്പായ ആനാക്കോണ്ടയെ കാണാൻ വലിയ തിരക്കാണ് മേളയിലുള്ളത്.
കുതിര, അണ്ണാൻ കുരങ്ങ്, ആമസോൺ തത്തകൾ, കൊനൂർ തത്തകൾ, ജാക്കോബിൻ പ്രാവുകൾ, ആഫ്രിക്കൻ ലവ് ബേർഡ്സ് ഇഗ്വാനകൾ, വെരുക്, ഷുഗർ ഗ്ലൈഡർ, അലങ്കാരക്കോഴികൾ, ബംഗാൾ പൂച്ചകൾ തുടങ്ങിയവയെ അണിനിരത്തിയാണ് മൃഗസംരക്ഷണവകുപ്പിന്റെയും ക്ഷീരവികസന വകുപ്പുകളുടെയും പവലിയൻ സജീകരിച്ചിരിക്കുന്നത്. പനീർ, ഗുലാബ് ജാമുൻ തുടങ്ങിയ പാലുല്പന്നങ്ങളുടെ തത്സമയ നിർമ്മാണ വിപണനവും സ്റ്റാളിലുണ്ട്.
അഞ്ച് രൂപയ്ക്ക് കോഴി കുഞ്ഞുങ്ങളെ വാങ്ങാനും കഴിയും. ഒട്ടകപക്ഷി, കോബ്ര, കാട തുടങ്ങിയവയുടെ മുട്ടകളുടെ പ്രദർശനവും ഉണ്ട്. 6 രൂപയ്ക്ക് നൽകുന്ന നാടൻ മുട്ട ചൂടപ്പം പോലെയാണ് വിറ്റഴിയുന്നത്. കുടപ്പനക്കുന്നിലുള്ള ഗവ.റീജിയണൽ പൗൾട്രി ഫാമിൽ നിന്നാണ് കോഴി കുഞ്ഞുങ്ങളും മുട്ടയും എത്തിച്ചത്.
മൃഗസംരക്ഷണവകുപ്പ് പ്രിൻസിപ്പൽ ട്രെയിനിംഗ് ഓഫീസർ ഡോ.ഡി.ഷൈൻകുമാർ, ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ സിന്ധു എന്നിവർ സംബന്ധിച്ചു.
- Log in to post comments