Skip to main content
.

വേദി കീഴടക്കി 'സഖിയും ഞാനും'

 

'സഖി വണ്‍ സ്റ്റോപ്പ്' സെന്ററിന്റെ പ്രാധാന്യം പകര്‍ന്ന് വനിതാ ശിശു വികസന വകുപ്പിന്റെ സാംസ്‌കാരിക പരിപാടി 'സഖിയും ഞാനും'. എന്റെ കേരളം മേളയിലാണ് അതിക്രമങ്ങള്‍ക്ക് ഇരയാകുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും കൈത്താങ്ങാകുന്ന ഏകീകൃത സംവിധാനം 'സഖി വണ്‍ സ്റ്റോപ്പ്' കേന്ദ്രത്തിന്റെ ആവശ്യകത അറിയിച്ച സ്‌കിറ്റ് അരങ്ങേറി. പൊതു ഇടങ്ങളിലും വീടുകളിലും ശാരീരികവും മാനസികവുമായ പീഡനങ്ങള്‍ക്ക് ഇരയാകുന്നവര്‍ക്ക് പിന്തുണയും പരിഹാരവും നല്‍കുകയെന്ന ലക്ഷ്യത്തോടെ വനിതാ ശിശുവികസന വകുപ്പിന്റെ നേതൃത്വത്തിലാണ് കേന്ദ്രത്തിന്റെ പ്രവര്‍ത്തനം. അതിക്രമങ്ങള്‍ക്കിരയാകുന്നവര്‍ക്ക് നീതി ലഭിക്കാന്‍ പലയിടങ്ങളില്‍ കയറിയിറങ്ങുന്നത് ഒഴിവാക്കി എല്ലാ സേവനവും ഒരു കുടക്കീഴില്‍ ലഭ്യമാക്കുന്ന കേന്ദ്രത്തിന്റെ പ്രവര്‍ത്തനം വേദിയില്‍ അവതരിപ്പിച്ചു.
ഓരോരുത്തരുടെയും ആവശ്യമനുസരിച്ച് താല്‍ക്കാലിക അഭയം, നിയമസഹായം, ചികത്സ, കൗണ്‍സലിംഗ്, പൊലീസ് സഹായം തുടങ്ങിയവയെ കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിച്ചു. ബിബിന്‍ നെടുമലയിലായിരുന്നു സംവിധാനം. കുട്ടികള്‍ക്ക് മാനസിക പിന്തുണയേകി പ്രശ്ന പരിഹാരത്തിന് സഹായം നല്‍കുന്ന  
സ്‌കൂള്‍ കൗണ്‍സിലേഴ്‌സിന്റെ തീം ഡാന്‍സും ജനപ്രീതി നേടി. പെണ്‍കുട്ടിയുടെ ജനനം മുതല്‍ ബാല്യവും കൗമാരവും വിവാഹേതര ജീവിതവും അനുഭവങ്ങളും അവതരിപ്പിച്ച നൃത്താവിഷ്‌കാരം മനംകവര്‍ന്നു. വിദ്യാഭ്യാസത്തിന്റെയും സ്വയം പര്യാപ്തതയുടെയും പ്രാധാന്യം വിളിച്ചോതിയ പരിപാടിയില്‍ ഏറെയും സന്നിഹിതരായത് വനിതകളായിരുന്നു. അവകാശവും പരിരക്ഷയും നേരിട്ടറിഞ്ഞു. പെരുനാട് നാട്യവേദി ഡാന്‍സ് സ്‌കൂളിലെ കലാകാരിയായ സ്വാതി ശ്രീ സുലേഖചന്ദ്രന്‍ നയിച്ച നൃത്തദൃശ്യാവിഷ്‌കാരവും 'നമ്മൊളൊന്ന് പാടാം' പരിപാടിയുമായി ശ്രീകുമാറും സംഘവും കലാവിരുന്നൊരുക്കി.

ചിത്രം- സഖി

 

date