Skip to main content

വിശ്വനാഥന് വരയാണ് ഭാഷ : സംസാരിക്കുന്ന ചിത്രങ്ങളുമായി വിശ്വനാഥൻ എന്റെ കേരളം മേളയിൽ

നിശബ്ദതയുടെ ലോകത്ത് ചിത്രങ്ങൾ കൊണ്ട് സംസാരിക്കുന്ന ഒരു മനുഷ്യനുണ്ട്. കനകക്കുന്നില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയിലെ സാമൂഹ്യ നീതി വകുപ്പിന്റെ സ്റ്റാളിലാണ് വിശ്വനാഥന്‍ ചിത്രങ്ങള്‍ വരച്ച് നൽകി ശ്രദ്ധ നേടുന്നത്. വിശ്വനാഥന്‍ വരകളാല്‍ സംസാരിക്കുന്നത് കേള്‍ക്കാന്‍ ചുറ്റും ഒരു കൂട്ടവുമുണ്ട്.

തന്റെ മുന്നിലെ കസേരയില്‍ വന്നിരിക്കുന്നയാളുടെ മുഖം ആദ്യം വിശ്വനാഥന്റെ മനസില്‍ പതിയും. പിന്നെ പേപ്പറിലേക്ക് പകര്‍ത്തും. ചെറുപുഞ്ചിരിയോടു കൂടി ചിത്രങ്ങൾ സമ്മാനിക്കും. പെൻസിലിലും പേനയിലും ചിത്രങ്ങൾ വരച്ചു നൽകും. മാന്ത്രിക വിരലുകളും പുഞ്ചിരിയുമാണ് ജന്മനാ ബധിരനും മൂകനുമായ വിശ്വനാഥന്റെ സ്വത്ത്. മേളയിലെത്തിയ നിരവധി പേരാണ് മോഡലുകളായി ഇദ്ദേഹത്തിന് മുന്നിലെത്തിയത്.

വരയിൽ പരിശീലനം നേടിയിട്ടില്ലാത്ത വിശ്വനാഥൻ 17-ാം വയസ്സുമുതൽ നിരവധി  സാമൂഹ്യ നീതി വകുപ്പ് സ്റ്റാളുകളിൽ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. മോഡേണ്‍ ആര്‍ട്ട്, ഓയില്‍ പെയിന്റിംഗ്, കളിമണ്‍ പ്രതിമ നിര്‍മാണം, സ്റ്റില്‍ ഫോട്ടോഗ്രഫി എന്നീ രംഗങ്ങളിലും കഴിവ് തെളിയിച്ചിട്ടുണ്ട്.

വിശ്വനാഥന്റെ മാത്രമല്ല വിവിധ ഭിന്നശേഷി പ്രതിഭകള്‍ വരച്ച ചിത്രങ്ങളും വിപണനത്തിനും പ്രദര്‍ശനത്തിനുമായി സാമൂഹ്യ നീതി വകുപ്പിന്റെ സ്റ്റാളിലുണ്ട്.

date