Skip to main content

ഓടിയും ചാടിയും മേളയില്‍ മനം കവര്‍ന്ന് സൈബര്‍ ഡോഗ്

എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ എത്തുന്ന കുട്ടികൾക്കും മുതിര്‍ന്നവര്‍ക്കും രസകരമായ കാഴ്ചയാണ് സൈബര്‍ഡോഗ് കാഴ്ച്ചവെയ്ക്കുന്നത്. കാണുമ്പോള്‍ പാവമാണെന്ന് തോന്നുമെങ്കിലും ഇവൻ ആള് നിസ്സാരക്കാരനല്ല.

സ്റ്റം റോബോട്ടിക് ഇന്റര്‍നാഷണലാണ് ചൈനയില്‍ നിന്നും സൈബര്‍ ഡോഗിനെ മേളയിലെത്തിച്ചത്. ക്യാമറ, ജിപിഎസ് എന്നിവ ദേഹത്ത് ഘടിപ്പിച്ചതിനാൽ ഉടമയെ പിന്തുടരാനും തടസങ്ങള്‍ മറികടക്കാനും കഴിയും. മൊബൈല്‍ ആപ്പ്, വോയ്സ്, റിമോര്‍ട്ട് കണ്‍ട്രോള്‍ എന്നിവയിലൂടെ നിയന്ത്രിക്കാം. സുരക്ഷയ്ക്കും സൈനികാവശ്യങ്ങള്‍ക്കുമാണ് സൈബര്‍ഡോഗിനെ ഉപയോഗിക്കുന്നത്.

20 കിലയോളം ഭാരം വരുന്ന സൈബര്‍ ഡോഗിന്റെ പ്രോഗ്രാമിംഗ് പൈത്തനാണ്. 8000 എം.എ.എച്ച്, 10000 എം.എ.എച്ച് എന്നിവയാണ് ബാറ്ററി കപ്പാസിറ്റി. മൂന്ന് മണിക്കൂര്‍, അഞ്ച് മണിക്കൂര്‍ എന്നിവയാണ് ചാര്‍ജിങ് സമയം. എയര്‍ മോഡല്‍ ആണ് ഇവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. ഇതിന് പുറമേ ഇതിന്റെ പ്രൊ മോഡല്‍, എഡ്യു മോഡല്‍ എന്നിവയുമുണ്ട്.

മേള സന്ദർശിക്കാനെത്തിയ ജില്ലാ കളക്ടർ അനു കുമാരിയും ഇത്തിരി കുഞ്ഞന്റെ പ്രകടനങ്ങൾ ആസ്വദിച്ചു. കുട്ടികൾക്ക് റോബോട്ടുകളെപ്പറ്റിയും റോബോട്ടിക് സെന്‍സറുകളെപ്പറ്റിയും പഠിക്കാന്‍ ബോബ് എന്ന കുഞ്ഞന്‍ റോബോട്ടും ഇവിടെയുണ്ട്. ടച്ച്, അള്‍ട്രാ സോണിക്ക്, ടില്‍റ്റ് എന്നീ സെന്‍സറുകളാണ് ഇവയിൽ ഉള്ളത്. കൂടാതെ സന്ദര്‍ശകർക്ക് വെര്‍ച്യുവല്‍ റിയാലിറ്റി അനുഭവിക്കാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്.

date