Skip to main content

എസ്എസ്എൽസി പരീക്ഷയിൽ മിന്നും വിജയം നേടി സൂര്യ തിലകേഷ് : ഫോർട്ട് സംസ്കൃതം സ്കൂളിൽ എസ്എസ്എൽസി എഴുതിയ ഏക വിദ്യാർത്ഥി : ‌മന്ത്രി വി.ശിവൻകുട്ടിയുടെ അഭിനന്ദനം

ഫോർട്ട് സംസ്കൃതം സ്കൂളിൽ കഴിഞ്ഞ അധ്യയന വർഷം എസ്എസ്എൽസി പരീക്ഷ എഴുതിയ ഏക വിദ്യാർത്ഥി സൂര്യ തിലകേഷിനെ അഭിനന്ദിക്കാൻ മന്ത്രി വി.ശിവൻകുട്ടി എത്തി. പരീക്ഷയിൽ അഞ്ച് എപ്ലസ് ആണ് തിരുവനന്തപുരം വള്ളക്കടവ് സ്വദേശിയായ സൂര്യ തിലകേഷ് നേടിയത്. വിദ്യാർത്ഥിയെ അനുമോദിക്കുന്നതിനൊപ്പം സ്കൂളിന്റെ നിലവിലെ സാഹചര്യം നേരിട്ട് മനസ്സിലാക്കാൻ കൂടിയാണ് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവൻകുട്ടി എത്തിയത്.

നിലവിൽ മുഴുവൻ സമയ മലയാളം, സംസ്കൃത അധ്യാപകർ വിദ്യാലയത്തിൽ ഇല്ലാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നതിനാൽ അത് മറികടക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. കൂടുതൽ വിദ്യാർത്ഥികളെ പ്രവേശിപ്പിക്കാനും വിദ്യാലയത്തിൻ്റെ നിലവിലെ സ്ഥിതി മെച്ചപ്പെടുത്താനും വേണ്ട നടപടികൾ കൈക്കൊള്ളുമെന്നും അദ്ദേഹം അറിയിച്ചു.

1889-ൽ സ്ഥാപിതമായതാണ് ഈ വിദ്യാലയം. ഈ വർഷം പത്താം ക്ലാസിൽ അഞ്ച് കുട്ടികൾ മാത്രമാണ് ഉള്ളത്.

ആന്റണി രാജു എംഎൽഎ, സ്കൂൾ ഹെഡ്മിസ്ട്രസ് അനിതാ രാജൻ, ജില്ലാ വിദ്യാഭ്യാസ ഓഫീസർ ബിജു ഡി.ഒ, നോർത്ത് എഇഒ ലീന എന്നിവർ പങ്കെടുത്തു.

date