Skip to main content

അറിയിപ്പുകള്‍

എലിപ്പനി: പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കണം

മഴയെ തുടര്‍ന്ന് ജില്ലയിലെ ചില പ്രദേശങ്ങളില്‍ വെള്ളക്കെട്ടുകള്‍ രൂപപ്പെടുകയും ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിക്കുകയും ചെയ്ത സാഹചര്യത്തില്‍ മലിനജലവുമായി സമ്പര്‍ക്കത്തിലാകുന്ന എല്ലാവരും എലിപ്പനി പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവരും ക്യാമ്പുകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരും വീട്ടുപരിസരങ്ങളിലും വഴികളിലും മലിനജലത്തില്‍ ചവിട്ടി സഞ്ചരിക്കേണ്ടി വരുന്നവരും തൊഴില്‍ സാഹചര്യങ്ങളുമായി ബന്ധപ്പെട്ട് മലിനജല സമ്പര്‍ക്കമുണ്ടാകുന്നവരും ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരും എലിപ്പനിക്കെതിരായ പ്രതിരോധ ഗുളികയായ 'ഡോക്സിസൈക്ലിന്‍' ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദേശപ്രകാരം കഴിക്കണം. സര്‍ക്കാര്‍ ആശുപത്രികളിലും ആരോഗ്യ കേന്ദ്രങ്ങളിലും ഗുളിക സൗജന്യമായി ലഭിക്കും.

മുറിവുകളിലൂടെ രോഗാണു ശരീരത്തിലെത്തും

മലിനജല സമ്പര്‍ക്കമുണ്ടാകുന്നവരില്‍ കൈകാലുകളിലെ മുറിവുകളിലൂടെയാണ് പ്രധാനമായും എലിപ്പനി രോഗാണു ശരീരത്തിലെത്തുന്നത്. കൈകാലുകളില്‍ മുറിവുകളോ വിണ്ടുകീറലോ ഉള്ളവര്‍ വെള്ളക്കെട്ടുകളിലും മലിനമായ മണ്ണിലും ഇറങ്ങരുത്. കന്നുകാലികളെ കുളിപ്പിക്കുന്ന തോട്, കുളം എന്നിവിടങ്ങളുമായി സാമീപ്യമുള്ളവര്‍ ജാഗ്രത പാലിക്കണം. ജോലിക്കായി ഇറങ്ങുമ്പോള്‍ കൈയുറ, കാലുറ തുടങ്ങിയ സുരക്ഷാ മാര്‍ഗങ്ങള്‍ ഉപയോഗിക്കണം. ആഹാരസാധനങ്ങള്‍ വീടിന് പുറത്തും പൊതുസ്ഥലങ്ങളിലും കൂട്ടിയിടാതിരിക്കുകയും എലി പെരുകാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കുകയും വേണം. 

ലക്ഷണങ്ങള്‍ കണ്ടാല്‍ ചികിത്സ തേടണം

പനി, തലവേദന, ക്ഷീണം, പേശികള്‍ക്ക് കഠിനമായ വേദന, പനിയോടൊപ്പം മഞ്ഞപ്പിത്ത ലക്ഷണങ്ങള്‍ എന്നിവ കണ്ടാല്‍ എലിപ്പനി സംശയിക്കുകയും ഡോക്ടറെ കണ്ട് ചികിത്സ തേടുകയും വേണം. ചികിത്സ തേടുന്ന സമയത്ത് ഡോക്ടറോട് തൊഴില്‍ പശ്ചാത്തലവും മലിനജലവുമായി സമ്പര്‍ക്കമുണ്ടായിട്ടുണ്ടെങ്കില്‍ ആ വിവരവും അറിയിക്കണം. എലിപ്പനി നേരത്തെ കണ്ടെത്തി ചികിത്സിക്കുന്നത് രോഗം വേഗം ഭേദമാകുന്നതിനും സങ്കീര്‍ണതകള്‍ കുറക്കുന്നതിനും സഹായകമാകും.

 

ബ്ല്യൂ അലേര്‍ട്ട് 

കെഎസ്ഇബിയുടെ അധീനതയിലുള്ള കുറ്റ്യാടി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ കക്കയം ജലസംഭരണിയില്‍ ജലനിരപ്പ് ഉയര്‍ന്ന് 755.66 മീറ്ററില്‍ എത്തിയതിനാല്‍ ബ്ലൂ അലേര്‍ട്ട് പ്രഖ്യാപിക്കുന്നതായി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

അധ്യാപക നിയമനം

മാനന്തവാടി ഗവ. കോളേജില്‍ ഇലക്ട്രോണിക്സ് വിഷയത്തില്‍ മൂന്ന് ഗെസ്റ്റ് അധ്യാപകരെ നിയമിക്കും. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസ് തയാറാക്കിയ പാനലില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസ്സലും ഒരു പകര്‍പ്പുമായി ജൂണ്‍ മൂന്നിന് രാവിലെ 10.30ന് അഭിമുഖത്തിനെത്തണം. ഫോണ്‍: 04935 24035. 

നേത്രപരിശോധന ക്യാമ്പ് ഇന്ന്

കേരള ഷോപ്സ് ആന്‍ഡ് കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ്സ് വര്‍ക്കേഴ്സ് വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ് ജില്ലാ ഓഫീസ് വാസന്‍ ഐ കെയര്‍ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ ക്ഷേമനിധി അംഗങ്ങള്‍ക്കായി ഇന്ന് (മെയ് 30) രാവിലെ പത്ത് മുതല്‍ വൈകീട്ട് മൂന്ന് വരെ സൗജന്യ നേത്രപരിശോധന ക്യാമ്പ് നടത്തും. സിവില്‍ സ്റ്റേഷന് സമീപത്തെ പി എം കെ ടവറിലെ രണ്ടാം നിലയിലാണ് ക്യാമ്പ്. ഫോണ്‍: 0495 2372434. 
                            
ലോജിസ്റ്റിക്സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ് കോഴ്‌സ്

കേരള സ്റ്റേറ്റ് റൂട്രോണിക്സ് സര്‍ട്ടിഫിക്കറ്റോടെ ഒരു വര്‍ഷം, ആറ് മാസം, മൂന്ന് മാസം ദൈര്‍ഘ്യമുള്ള ലോജിസ്റ്റിക്സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ് കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം, ആറ്റിങ്ങല്‍ അംഗീകൃത പഠന കേന്ദ്രങ്ങളില്‍ ഇന്റേണ്‍ഷിപ്പോടെയുള്ള റെഗുലര്‍, പാര്‍ട്ട്‌ടൈം ബാച്ചുകളിലേക്ക് എസ്എസ്എല്‍സി, പ്ലസ് ടു, ഡിഗ്രി പാസായവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍: 7994926081.

 

ദര്‍ഘാസ് ക്ഷണിച്ചു

ബേപ്പൂര്‍ തുറമുഖത്തെ മെക്കാനിക്കല്‍ എഞ്ചിനീയറിങ് വര്‍ക്ഷോപ്പ് സ്റ്റോറിലേക്ക് കണ്‍സ്യൂമബിള്‍ ഐറ്റംസ്, ലൂബ്രിക്കന്റ്‌സ്, സുരക്ഷാ ഉപകരണങ്ങള്‍ എന്നിവ വിതരണം ചെയ്യുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസ് സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂണ്‍ 12 ഉച്ചക്ക് ഒരു മണി. ദര്‍ഘാസുകള്‍ പോര്‍ട്ട് ഓഫീസര്‍, ബേപ്പൂര്‍ പോര്‍ട്ട്, കോഴിക്കോട് -673015 എന്ന വിലാസത്തില്‍ ലഭ്യമാക്കണം. ഫോണ്‍: 0495 2414863, 2418610. 

തെങ്ങിന്‍ തൈ വിതരണം

കേരള കാര്‍ഷിക സര്‍വകലാശാലയുടെ പിലിക്കോട് പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ ജൂണ്‍ രണ്ട് മുതല്‍ എല്ലാ പ്രവൃത്തി ദിനങ്ങളിലും സങ്കരയിനം (ടി എക്‌സ് ഡി) തെങ്ങിന്‍ തൈകള്‍ വിതരണം ചെയ്യും. സമയം: രാവിലെ 9.30  മുതല്‍ വൈകീട്ട് നാല് വരെ. തെങ്ങിന്‍ തൈ ഒന്നിന് 325 രൂപ. ഫോണ്‍: 04672260632. 8547891632.

കോഷന്‍ ഡെപ്പോസിറ്റ് 

കോഴിക്കോട് ഗവ. എഞ്ചിനീയറിങ് കോളേജില്‍നിന്ന് 2022 മാര്‍ച്ച് 31ന് മുമ്പ് കോഴ്‌സ് പൂര്‍ത്തീകരിച്ച് ഇതുവരെ കോഷന്‍ ഡെപ്പോസിറ്റ് കൈപ്പറ്റാത്ത ബി.ടെക്/എം.ടെക് വിദ്യാര്‍ഥികള്‍ ജൂണ്‍ ഏഴിനകം ബന്ധപ്പെട്ട രേഖകളുമായി ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. നിശ്ചിത തിയതിക്കകം അപേക്ഷിക്കാത്തവരുടെ തുക സര്‍ക്കാറിലേക്ക് അടക്കുമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: 0495 2383220.

ന്യൂക്ലിയര്‍ മെഡിസിന്‍ ടെക്നോളജിസ്റ്റ് ഇന്റര്‍വ്യൂ

കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് മാതൃ-ശിശു സംരക്ഷണ കേന്ദ്രം എച്ച്ഡിഎസിന് കീഴില്‍ ന്യൂക്ലിയര്‍ മെഡിസിന്‍ ടെക്നോളജിസ്റ്റിനെ നിയമിക്കും. യോഗ്യത: ന്യൂക്ലിയര്‍ മെഡിസിന്‍ ടെക്നോളജി അല്ലെങ്കില്‍ ബിഎസ് സി, ഡിഎംആര്‍ഐടി. പ്രായപരിധി 18-45. മാസ വേതനം 50,000 രൂപ. ഉദ്യോഗാര്‍ഥികള്‍ ജൂണ്‍ അഞ്ചിന് രാവിലെ 11.30ന് ഐഎംസിഎച്ച് സൂപ്രണ്ട് ഓഫീസില്‍ കൂടിക്കാഴ്ചക്കെത്തണം.

 

date