Skip to main content

പഠനത്തോടൊപ്പം നൈപുണി വികസനവും   ജില്ലയിൽ നൈപുണി വികസന കേന്ദ്രം ആരംഭിച്ചത്  19 വിദ്യാലയങ്ങളിൽ

 

 

 പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ സംസ്ഥാനത്തെ ഹയർസെക്കൻ്ററിതലം വരെയുള്ള വിദ്യാർത്ഥികൾക്ക് തങ്ങളുടെ അഭിരുചിക്കും വൈവിധ്യത്തിനും അനുഗുണമായ തൊഴിൽ മേഖലകൾ തിരഞ്ഞെടുക്കുവാൻ സ്റ്റാർസ് പദ്ധതിയുടെ ഭാഗമായി ജില്ലയിൽ 19 വിദ്യാലയങ്ങളിൽ നൈപുണ്യ വികസന കേന്ദ്രങ്ങൾ ആരംഭിച്ചു.

 

 കുന്നംകുളം, തളിക്കുളം, പുതുക്കാട്, പഴഞ്ഞി, ചേർപ്പ്, കയ്പ്പമംഗലം, ഇരിങ്ങാലക്കുട, പുത്തൂർ, കൊടുങ്ങല്ലൂർ, കടപ്പുറം, തിരുവല്വാമല, പുത്തൻചിറ, എന്നിവിടങ്ങളിലെ വൊക്കേഷൻ ഹയർസെക്കൻ്ററി സ്കൂളുകളിലും ചാലക്കുടി, പെരിങ്ങോട്ടുകര, തൃശ്ശൂർ, ഐരാണിക്കളം, മുല്ലശ്ശേരി, വടക്കാഞ്ചേരി, നടവരമ്പ് എന്നീ ഹയർ സെക്കൻഡറി സ്കൂളുകളിലുമാണ്  നൈപുണി കേന്ദ്രം നിലവിൽ ആരംഭിച്ചിട്ടുള്ളത്.

 

 എ ഐ ആൻഡ് എം എൽ ജൂനിയർ ടെലികോം, അസിസ്റ്റന്റ് റോബോട്ടിക് ടെക്നീഷ്യൻ, ടെലികോം ടെക്നീഷ്യൻ ഐ ഒ ടി ഡിവൈസസ്, ആനിമേറ്റർ, ഡ്രോൺ സർവീസ് ടെക്നീഷ്യൻ ഉൾപ്പെടെ വൈവിധ്യവും നൂതനവുമായ 29 കോഴ്സുകളാണ് വിദ്യാഭ്യാസത്തിനോടൊപ്പം തൊഴിൽ പരിശീലനം എന്ന ലക്ഷ്യത്തോടെ സർക്കാർ നൽകുന്നത്. അതിനായി നാലു കോടിയിലധികം (4.085) രൂപയാണ്  വകയിരുത്തിട്ടുള്ളത് ഓരോ കോഴ്സിനും അനുയോജ്യമായിട്ടുള്ള എല്ലാവിധ സജ്ജീകരണങ്ങളും പരിശീലന കേന്ദ്രങ്ങളിൽ തയ്യാറാക്കിയിട്ടുണ്ട്.

 

 ഹയർസെക്കൻഡറി-വൊക്കേഷണൽ ഹൈസെക്കൻഡറി സ്കൂളിൽ പഠിക്കുന്നവർ, പത്താം ക്ലാസ്സ് പാസായി പഠനം മുടങ്ങിയവർ പത്താം ക്ലാസ്സ് പാസായ ആദിവാസി മേഖലയിലെ കുട്ടികൾ, ഓപ്പൺ വിദ്യാഭ്യാസത്തിൽ പഠിക്കുന്നവർ, പത്താംക്ലാസ്സ്‌ പാസായ ഭിന്നശേഷി കുട്ടികൾ, ഹയർ സെക്കൻഡറി വിദ്യാഭ്യാസം കഴിഞ്ഞ കുട്ടികൾ, ബിരുദ പഠനം നടത്തുന്ന വിദ്യാർത്ഥികൾ എന്നിവർക്കാണ് നൈപുണി വികസന പരിശീലനം നൽകുന്നത്.  ഒരു സ്കൂളിൽ രണ്ട് കോഴ്സ് വീതവും ഒരു കോഴ്സിൽ 25 കുട്ടികൾ എന്ന രീതിയിലാണ് പരിശീലനം ഒരിക്കിയിട്ടുള്ളത്.

 

അഭിരുചിക്കും ഭാവി തൊഴിൽ സാധ്യതയ്ക്കും അനുസൃതമായ വൈദഗ്‌ധ്വം യുവജനങ്ങൾക്ക് നൽകുക. കേരളത്തിലെ ഓരോ ബ്ലോക്കിലും അന്താരാഷ്ട്ര നിലവാരത്തിലുള്ള നൈപുണ്യ വികസന കേന്ദ്രങ്ങൾ ഉറപ്പാക്കുക. 23 വയസ്സിന് താഴെയുള്ള കുട്ടികൾക്കും യുവജനങ്ങൾക്കും നൈപുണ്യ വിദ്യാഭ്യാസം പ്രാപ്യമാക്കുക. പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് ഉപജീവനം ഉറപ്പാക്കുന്നതിന് ആവശ്യമായ നൈപുണ്യ പരിശീലനം ലഭ്യമാക്കുക. സ്വയം സംരംഭകത്വത്തിനുള്ള ധാരണയും അനുഭവങ്ങളും അവസരവും നൽകുക. എന്നിവയാണ് നൈപുണി വികസന കേന്ദ്രങ്ങൾ ആരംഭിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്.

date