ബ്ലോക്ക് പഞ്ചായത്ത്, മണ്ഡല പുനര്‍വിഭജനം; ആക്ഷേപങ്ങള്‍ ജൂണ്‍ ഏഴ് വരെ നല്‍കാം
ജില്ലയിലെ എല്ലാ ബ്ലോക്ക് പഞ്ചായത്തുകളുടെയും നിയോജകമണ്ഡല വിഭജന, പുനര്‍വിഭജനം സംബന്ധിച്ച് കരടു വിജ്ഞാപനം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ഡീ ലിമിറ്റേഷന്‍ കമ്മീഷന്റെ വെബ്‌സൈറ്റില്‍ (delimitation.lsgkerala.gov.in) ഇത് ലഭ്യമാണ്. കൂടാതെ കരട് വിജ്ഞാപനത്തിന്റെ പകര്‍പ്പ് ബന്ധപ്പെട്ട ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളുടെ നോട്ടീസ് ബോര്‍ഡിലും കമ്മീഷന്‍ പുറപ്പെടുവിച്ചിട്ടുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ പറഞ്ഞിട്ടുള്ള സ്ഥലങ്ങളിലും പ്രസിദ്ധീകരിക്കും.
ദേശീയതലത്തിലും സംസ്ഥാനതലത്തിലും അംഗീകാരമുള്ള രാഷ്ട്രീയപാര്‍ട്ടികള്‍ക്കും കേരള നിയമസഭയില്‍ പ്രാതിനിധ്യമുള്ള രാഷ്ട്രീയപാര്‍ട്ടികള്‍ക്കും കരട് റിപ്പോര്‍ട്ടിന്റെ മൂന്നു പകര്‍പ്പ് വീതം സൗജന്യമായി ബന്ധപ്പെട്ട ബ്ലോക്ക് പഞ്ചായത്തുകളില്‍ നിന്നും നല്‍കും. പകര്‍പ്പ് ആവശ്യമുള്ള മറ്റുള്ളവര്‍ക്ക് ഫീസ് ഈടാക്കി ബ്ലോക്ക് പഞ്ചായത്തില്‍ നിന്ന് ലഭ്യമാക്കുന്നതാണ്.
കരട് വിജ്ഞാപനം സംബന്ധിച്ച ആക്ഷേപങ്ങളും പരാതികളും ജൂണ്‍ ഏഴ് വരെ ഡീ ലിമിറ്റേഷന്‍ കമ്മീഷന്‍ സെക്രട്ടറി മുമ്പാകെയോ (സെക്രട്ടറി, ഡീ ലിമിറ്റേഷന്‍ കമ്മീഷന്‍, കോര്‍പ്പറേഷന്‍ ബില്‍ഡിംഗ്, നാലാം നില, പാളയം, തിരുവനന്തപുരം-695033) ആലപ്പുഴ ജില്ലാ കളക്ടര്‍ മുമ്പാകെയോ (ജില്ലാ കളക്ടര്‍, ജില്ലാ കളക്ടറുടെ കാര്യാലയം, സിവില്‍ സ്റ്റേഷന്‍, ആലപ്പുഴ ) നേരിട്ടോ രജിസ്റ്റര്‍ ചെയ്ത തപാല്‍ മുഖേനയോ മാത്രം സമര്‍പ്പിക്കാമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കളക്ടര്‍ അറിയിച്ചു. പരാതിയോടൊപ്പം എന്തെങ്കിലും തരത്തിലുള്ള രേഖകള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും നല്‍കാം.
(പിആര്‍/എഎല്‍പി/1568)
- Log in to post comments