മഴക്കാല ദുരന്തനിവാരണത്തിന് നടപടികളുമായി ജില്ലാ വികസന സമിതി
ജില്ലയില്‍ മഴ ശക്തമായി തുടരുന്ന പശ്ചാത്തലത്തില്‍ ദുരന്തനിവാരണ-ലഘൂകരണ നടപടികള്‍ക്ക് തീരുമാനമെടുത്ത് ജില്ലാ വികസന സമിതിയോഗം ജില്ലാ കലക്ടര്‍ എന്‍. ദേവിദാസിന്റെ അധ്യക്ഷതയില്‍ കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു.
മരങ്ങള്‍ കടപുഴകി വൈദ്യുതിതടസപ്പെടുന്നത് പരിഹരിക്കുന്നതിന് മുന്‍ഗണന നല്‍കാനും അപകടരമായ മരങ്ങള്‍ മുറിച്ചുമാറ്റുന്നതിനുമാണ് നിര്‍ദേശം. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ദുരന്തസാഹചര്യം നേരിടാന്‍ സര്‍ക്കാര്‍ ധനസഹായം നല്‍കിയിട്ടുണ്ട്. കെ.എസ്.ഇ.ബി പരാതികള്‍ ഉടനടി പരിഹരിക്കണം. പഞ്ചായത്ത് സെക്രട്ടറിമാര്‍ മരങ്ങള്‍ മുറിച്ച് മാറ്റുന്നുവെന്ന് ഉറപ്പാക്കണം. എല്ലാ സ്കൂളുകളിലും സൗകര്യങ്ങള്‍ സമ്പൂര്ണമെന്നുറപ്പാക്കണം. മഴക്കാല ശുചീകരണവും കൃത്യതയോടെ നടത്തണം. - ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു.
വൈദ്യുതി തടസം ആശുപത്രികളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന സാഹചര്യമുണ്ടാകരുത്, ജീവനക്കാരുടെ കുറവ് പരിഹരിക്കാന്‍ നടപടിയെടുക്കുമെന്ന് കോവൂര്‍ കുഞ്ഞുമോന് എം.എല്‍.എ പറഞ്ഞു. മഴക്കാലത്ത് ഗതാഗത നിയന്ത്രണം കുറ്റമറ്റ നിലയില്‍ പൊലിസ് നിര്‍വഹിക്കണം. തകര്‍ന്ന വീടുകളുടെ വിവരം കൃത്യമായി അറിയിക്കണം. അതിനനുസരിച്ച് നഷ്ടപരിഹാരം നല്‍കുന്നത് വേഗത്തിലാക്കാനാകും. തദ്ദേശ സ്ഥാപനങ്ങള്‍ മരങ്ങള്‍ മുറിച്ച് നീക്കുന്നത് കൃത്യതയോടെയെന്ന് ഉറപ്പാക്കണമെന്നും നിര്‍ദേശിച്ചു.
പത്തനാപുരത്തെ റോഡ് പണി വേഗത്തിലാക്കണം. തെരുവ്നായ്ശല്യം പരിഹരിക്കണം. കൃഷിനാശനഷ്ടപരിഹാരം കാലതാമസം വരുത്താതെ നല്‍കണം എന്നീ ആവശ്യങ്ങളാണ് ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ്കുമാറിന്റെ പ്രതിനിധി സജിമോന്‍ മുന്നോട്ടുവച്ചത്.
കൊടിക്കുന്നില്‍ സുരേഷ് എം.പിയുടെ പ്രതിനിധി എബ്രഹാം സാമുവല്‍ വിദ്യാഭ്യാസമേഖലയിലെ ഭിന്നശേഷി നിയമനം ഉടന്‍ നടത്തണം, പേവിഷ വാക്സിന് സംബന്ധിച്ച ആശങ്ക പരിഹരിക്കണം എന്നീ ആവശ്യങ്ങളാണ് ഉന്നയിച്ചത്.
കപ്പല്‍ അവശിഷ്ടവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നും പ്രതികൂലകാലാവസ്ഥയില്‍ മത്സ്യതൊഴിലാളികള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കണമെന്നുമാണ് എന്‍. കെ. പ്രേമചന്ദ്രന് എം. പിയുടെ പ്രതിനിധി കെ. എസ്. വേണുഗോപാല്‍ ആവശ്യപ്പെട്ടത്.
കപ്പല്‍ അവശിഷ്ടങ്ങള്‍ ശേഖരിക്കുന്നു. കോസ്റ്റ് ഗാര്‍ഡിന്റെ സാങ്കേതിക വിഭാഗവും എത്തി. മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പരിശീലനവും നല്കി. മത്സ്യം നിലവില്‍ സുരക്ഷിതം എന്ന മറുപടിയാണ് ജില്ലാ കലക്ടര്‍ നല്‍കിയത്.
വിരമിച്ച ഉദ്യോഗസ്ഥര്‍ക്കെല്ലാം യോഗം ആശംസ നേര്‍ന്നു. സബ് കലക്ടര്‍ നിഷാന്ത് സിഹാര, എ ഡി എം ജി നിര്‍മല്‍ കുമാര്‍, ജില്ലാ പ്ലാനിങ് ഓഫീസര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments