വിദ്യാര്‍ഥികള്‍ക്ക് കണ്സഷന് ഉറപ്പാക്കും: ജില്ലാ കലക്ടര്‍
അര്‍ഹരായ എല്ലാ വിദ്യാര്‍ഥികള്‍ക്കും ബസ് യാത്രാസൗജന്യനിരക്ക് നല്‍കണമെന്ന് ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ്. ജില്ലയിലെ സ്കൂള്‍- കോളജ് വിദ്യാര്‍ഥികളുടെ സ്വകാര്യ ബസ് യാത്രാസൗകര്യവുമായി ബന്ധപ്പെട്ട സ്റ്റുഡന്റസ് ട്രാവല്‍ ഫെസിലിറ്റി കമ്മിറ്റിയുടെ യോഗത്തില്‍ എല്ലാ സ്വകാര്യ ബസ് ജീവനക്കാരും സുഗമവും സുരക്ഷിതവുമായ യാത്ര ഉറപ്പുവരുത്തണമെന്നും അധ്യക്ഷനായ ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു.
ബസ് സര്‍വീസ് സമയക്രമീകരണം, തിരിച്ചറിയല്‍ കാര്‍ഡുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍, ബസ് ജീവനക്കാരുടെ പെരുമാറ്റം, അമിത തുക ആവശ്യപ്പെടല്‍, ബസ് ജീവനക്കാരുടെ സമയക്രമം കൃത്യമാക്കല്‍ തുടങ്ങിയ വിഷയങ്ങളാണ് ചര്‍ച്ച ചെയ്തത്.
അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്നവര്‍, വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും സ്ഥാപനമേധാവിയുടെ ഒപ്പും സീലും വച്ച തിരിച്ചറിയല്‍ കാര്‍ഡ് കണ്സക്ഷനായി ഉപയോഗിക്കാം. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രൈവറ്റ്ായി രജിസ്റ്റര്‍ ചെയ്ത് പഠിക്കുന്നവര്‍ സ്ഥാപനമേധാവി മുഖാന്തരം അപേക്ഷിക്കേണ്ടതും ആര്.ടി.ഒ/ജോയിന്റ് ആര്.ടി.ഒ വിതരണം ചെയ്യുന്ന കാര്‍ഡ് ഇളവിനായി ഉപയോഗിക്കുകയുംവേണം. വിദ്യാഭ്യാസ സ്ഥാപനംമുതല്‍ വിദ്യാര്‍ഥിയുടെ താമസസ്ഥലം വരെ പരമാവധി 40 കി.മി വരെയാണ് യാത്രനിരക്ക്ഇളവ് ലഭിക്കുക. രാവിലെ ആറ് മുതല്‍ വൈകിട്ട് ഏഴ് വരെയാണ് കണ്സഷന് അനുവദിക്കുന്ന സമയപരിധി. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സമീപമുള്ള സൂചനാ ബോര്‍ഡുകളും സീബ്ര ക്രോസിങും പരിശോധിച്ച് ആവശ്യമായ സുരക്ഷാനടപടികള്‍ സ്വീകരിക്കാന്‍ ആര്.ടി.ഒക്ക് നിര്‍ദ്ദേശം നല്കി. യാത്ര കണ്സക്ഷനുമായി ബന്ധപ്പെട്ട പരാതികള്‍ 0474 2993335 നമ്പറില്‍ അറിയിക്കാം.
ആര്.ടി.ഒ, പോലീസ്, പ്രൈവറ്റ് ബസ് ഉടമ സംഘടനാ പ്രതിനിധികള്‍, വിദ്യാര്‍ഥി സംഘടനാ പ്രതിനിധികള്‍, വിദ്യാഭ്യാസ സ്ഥാപന പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments