സ്‌കൂള്‍ സുരക്ഷാ പദ്ധതി: ബി.ആര്‍.സി ട്രെയിനര്‍മാര്‍ക്ക് പരിശീലനം നല്‍കി
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും സ്‌കൂള്‍ സുരക്ഷാ പദ്ധതി തയ്യാറാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബി.ആര്‍.സി ട്രെയ്‌നര്‍മാര്‍ക്ക് പരിശീലന പരിപാടി സംഘടിപ്പിച്ചു. കലക്ട്രേറ്റില്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിശീലന പരിപാടി ദുരന്ത നിവാരണ അതോറിറ്റി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും, അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റുമായ ജി.നിര്‍മല്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. ഒരു വിദ്യാര്‍ഥി വീട്ടില്‍ നിന്ന് സ്‌കൂളിലേക്ക് ഇറങ്ങുന്നതുമുതല്‍ തിരികെ വീട്ടില്‍ സുരക്ഷിതമായി എത്തിച്ചേരുന്നതുവരെയുള്ള എല്ലാ കാര്യങ്ങളും സ്‌കൂള്‍ സുരക്ഷയുടെ നിര്‍വചനത്തില്‍ ഉള്‍പ്പെടും. ദുരന്തനിവാരണ വിഭാഗം ജൂനിയര്‍ സൂപ്രണ്ട് എം രമേശന്‍, എല്‍ എസ് ജി ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് പ്ലാന്‍ കോര്‍ഡിനേറ്റര്‍ എസ് മീനു എന്നിവര്‍ സംസാരിച്ചു. ജില്ലാ ഹസാഡ് അനലിസ്റ്റ് പ്രേം ജി പ്രകാശ് ക്ലാസുകളെടുത്തു. ജില്ലയിലെ 12 ബി.ആര്‍.സികളില്‍ നിന്നായി 30 അധ്യാപകപരിശീലകര്‍ പങ്കെടുത്തു. ഇതിന്റെ തുടര്‍ച്ചയായി ജൂണ്‍ 15 നകം ഓരോ സ്‌കൂളില്‍ നിന്നും ചുമതലപ്പെടുത്തുന്ന സ്‌കൂള്‍ തല നോഡല്‍ ഓഫീസര്‍മാര്‍ക്ക് വേണ്ടി ബ്ലോക്ക് റിസോഴ്‌സ് സെന്ററുകള്‍ കേന്ദ്രീകരിച്ച് പരിശീലന പരിപാടി സംഘടിപ്പിക്കും.
- Log in to post comments