Skip to main content

ഒരു തൈ നടാം-  ജനകീയ വൃക്ഷവത്കരണ ക്യാമ്പെയിൻ

ഹരിതകേരളം മിഷൻ “ഒരു തൈ നടാം” ജനകീയ വൃക്ഷവത്കരണ ക്യാപയിൻ ജില്ലാതല ഉദ്ഘാടനവും ക്യാമ്പെയിന്റെ ലോഗോ പ്രകാശനവും റവന്യൂ, ഭവന നിർമാണ വകുപ്പ് മന്ത്രി അഡ്വ. കെ രാജൻ നിർവഹിച്ചു.

365 ദിവസവും പരിസ്ഥിതിയുടെ സംരക്ഷകരാകേണ്ട ചുമതലയാണ് നമ്മൾ ഏറ്റെടുക്കേണ്ടതെന്ന് മന്ത്രി പറഞ്ഞു. പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായ തൈ നടൽ കേവലം സാമൂഹ്യ മാധ്യമങ്ങളിലെ ചിത്രം പങ്കുവയ്ക്കലിൽ ഒതുങ്ങരുതെന്നും അദ്ദേഹം ഓർമിപ്പിച്ചു. 15 ലക്ഷം വൃക്ഷങ്ങളാണ് ക്യാമ്പെയിന്റെ ഭാഗമായി ജില്ലയിലാകെ നടാൻ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു .

മാലിന്യ മുക്ത നവകേരളത്തിൽ ഹരിതകർമസേനയുടെ പങ്ക്, മാലിന്യ നിർമാർജ്ജന പ്രവർത്തനങ്ങളിൽ കുഞ്ഞുങ്ങൾക്ക് വഹിക്കാവുന്ന പങ്ക്, വിദ്യാലയത്തിൽ നടത്താനിരിക്കുന്ന വികസന പ്രവർത്തനങ്ങൾ തുടങ്ങിയവയെക്കുറിച്ചും മന്ത്രി സംസാരിച്ചു.

വൈലോപ്പിള്ളി ശ്രീധരമേനോൻ സ്മാരക ഗവ. വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂളിൽ നടന്ന പരിപാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. എസ് പ്രിൻസ്  അധ്യക്ഷത വഹിച്ചു. നവകേരളം കർമ്മ പദ്ധതി 2 ജില്ലാ കോർഡിനേറ്റർ സി. ദിദിക ക്യാമ്പയിൻ അവതരണം നടത്തി. വൈലോപ്പിള്ളി  ശ്രീധര മേനോൻ സ്മാരക ജി.വി.എച്ച്.എസ്.എസ്  വിദ്യാർത്ഥിനി ശ്രീനന്ദന പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലി കൊടുത്തു.

ഒല്ലൂർ ഗവ. ആർട്സ് ആന്റ് സയൻസ് കോളേജ് പ്രിൻസിപ്പൽ പ്രോഫ. ജോൺ, വൈലോപ്പിള്ളി  ശ്രീധര മേനോൻ സ്മാരക ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പൽ എ.വി വിജന, പ്രധാനാധ്യാപിക ഗീതദേവി തുടങ്ങിയവർ സംസാരിച്ചു.

വിദ്യാലയത്തിലെ അധ്യാപകർ, വിദ്യാർത്ഥികൾ, ഒല്ലൂർ ഗവ. ആർട്സ് ആന്റ് സയൻസ് കോളേജ് അധ്യാപകർ, ഹരിത കേരളം മിഷൻ ഉദ്യോഗസ്ഥർ, കോർപ്പറേഷൻ ഹരിത കർമസേനാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

date