Skip to main content
..

പൊതുവിദ്യാഭ്യാസമേഖല കൂടുതല്‍ശക്തിപ്പെടുത്തും :  മന്ത്രി  വി. ശിവന്‍കുട്ടി

പാഠ്യപദ്ധതി പരിഷ്‌കരണത്തിലൂടെ വിദ്യാര്‍ഥികളെ ആധുനിക ലോകത്തെ മനുഷ്യരായി വളരാന്‍ സഹായിക്കുമെന്നും പൊതുവിദ്യാഭ്യാസ മേഖല കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. അഷ്ടമുടി സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ രണ്ടുകോടി രൂപ ചെലവില്‍ നിര്‍മിച്ച കെട്ടിടസമുച്ചയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് കിഫ്ബി ഫണ്ടില്‍ നിന്ന് 2,460 കോടി രൂപ നിക്ഷേപിച്ച് 973 സ്‌കൂള്‍ കെട്ടിടങ്ങള്‍ക്ക് അനുമതിനല്‍കിയതില്‍ 548 കെട്ടിടങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്. 5,000 കോടി രൂപയുടെ വികസനപദ്ധതികള്‍ വിവിധ ഫണ്ടുകള്‍ വഴി നടപ്പാക്കുന്നു. 2024-25ല്‍ 86,603 വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക പരിശീലനം നല്‍കി സബ്ജക്ട് മിനിമം പദ്ധതി നടപ്പാക്കി.  
ഹൈടെക് ക്ലാസ്മുറികള്‍, എ.ഐ പരിശീലനം, റോബോട്ടിക്‌സ് ലാബുകള്‍ തുടങ്ങിയവയിലൂടെപഠനരീതികള്‍ കാലാനുസൃതമായിമാറ്റി. കൈറ്റ് വിക്ടേഴ്‌സ് മുഖേന നാല് ലക്ഷം അമ്മമാര്‍ക്ക് സൈബര്‍സുരക്ഷ പരിശീലനം നല്‍കി. വേനലവധി തുടങ്ങുന്നതിന് മുമ്പുതന്നെ പാഠപുസ്തകങ്ങള്‍ ലഭ്യമാക്കി. അധ്യാപകര്‍ക്കുള്ള പരിശീലന കാലയളവ് വര്‍ധിപ്പിച്ചു. അധ്യാപകര്‍ രക്ഷിതാക്കള്‍ക്ക് സമാനമായി പ്രവര്‍ത്തിക്കണമെന്നും മന്ത്രി ഓര്‍മിപ്പിച്ചു.
എം മുകേഷ് എം.എല്‍.എ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി.കെ ഗോപന്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് അംഗം ബി ജയന്തി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയദേവി മോഹന്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍ രതീഷ്, പി.ടി.എ വൈസ് പ്രസിഡന്റ് മുരളി നാരായണന്‍, ഹെഡ്മാസ്റ്റര്‍ എ.എം ഷഫീഖ്, പ്രിന്‍സിപ്പല്‍ എ. പോള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 

date