നവംബർ ഒന്നു മുതൽ ഡിജിറ്റൽ റവന്യൂ കാർഡ് ലഭ്യമാകും : മന്ത്രി കെ രാജൻ
നവംബർ ഒന്നുമുതൽ ഡിജിറ്റൽ റീസർവേ കഴിഞ്ഞ വില്ലേജുകളെ കേന്ദ്രീകരിച്ചു ഡിജിറ്റൽ റവന്യൂ കാർഡ് ലഭ്യമാകുമെന്ന് റവന്യൂ മന്ത്രി കെ രാജൻ പറഞ്ഞു.
അശമന്നൂർ സ്മാർട്ട് വില്ലേജ് ഓഫീസിന്റെ നിർമാണ ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പത്ത് അക്കങ്ങളുള്ള ക്യു ആർ കോഡ് ഘടിപ്പിച്ച റവന്യൂ കാർഡുകളിലൂടെ വില്ലേജ് ഓഫീസുകളിൽ നിന്ന് ലഭ്യമാകേണ്ട ഭൂമിയുടെ വിശദാംശങ്ങൾ, കെട്ടിടത്തിന്റെ വിവരങ്ങൾ, ഭൂമി ഏത് തരത്തിൽ പെടുന്നതാണ് തുടങ്ങിയവ അറിയാൻ കഴിയും.
എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട് എന്ന സർക്കാരിന്റെ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ എല്ലാ വില്ലേജ് ഓഫീസുകളും സ്മാർട്ടാക്കി കൊണ്ടിരിക്കുകയാണ്. പഴയ കാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഭൂമിയുമായി ബന്ധപ്പെട്ട് ഇന്ന് കേരള സർക്കാർ ചെയ്യുന്ന എല്ലാ പ്രവർത്തങ്ങളും ലോകത്തിന് മുന്നിൽ ഏറെ ശ്രദ്ധ ആകർഷിക്കുന്നതാണ്. മരിച്ചാൽ അടക്കം ചെയ്യാൻ സ്വന്തമായി ആറടി മണ്ണ് ഉണ്ടാവുക എന്ന നിരവധി നിർധനരായ ആളുകളുടെ സ്വപനം പൂർത്തിയാക്കാൻ സർക്കാരിന് സാധിച്ചു. 2,23945 പട്ടയങ്ങൾ വിതരണം ചെയ്യാൻ സാധിച്ചിട്ടുടെന്നും മന്ത്രി പറഞ്ഞു.
ഡിജിറ്റൽ റിസർവ്വേ ഏറെ ഫലപ്രദമായി നടന്നുവരുന്നതിനാൽ തന്നെ ഭൂമി ഇടപാടിൽ യാതൊരു വിധത്തിലുള്ള ഇടപെടലുകളും നടത്താൻ സാധിക്കില്ല എന്നത് ഒരു മികച്ച നേട്ടമാണ്. ഏറ്റവും ആധുനികമായ സംവിധാനങ്ങൾ പ്രയോജനപ്പെടുത്തിയാണ് ഇന്ന് ഗവണ്മെന്റ് മുന്നോട്ട് പോകുന്നത്. അതിന്റെ ഭാഗമായി വില്ലേജ് ഓഫീസുകളിൽ നിന്നും ലഭ്യമാകുന്ന 23 സർട്ടിഫിക്കറ്റുകളിൽ 21 എണ്ണവും ഓൺലൈനായി തന്നെ അപേക്ഷിക്കനും സേവനം ലഭ്യമാക്കാനും സാധ്യമാകുന്നുണ്ട്. ഈ സേവനം വിദേശ രാജ്യങ്ങളിൽ നിൽക്കുന്നവർക്കും ലഭ്യമാക്കാൻ സാധിക്കുന്നു എന്നതാണ് ഇതിന്റെ സവിശേഷതയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അശമന്നൂർ ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന ഉദ്ഘാടന ചടങ്ങിന് അഡ്വ. എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ് മുഖ്യപ്രഭാഷണം നടത്തി. കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ എം സലിം, ജില്ലാ പഞ്ചായത്ത് അംഗം ഷൈമി വർഗീസ്, അഡിഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് വിനോദ് രാജ്, മൂവാറ്റുപുഴ ആർഡിഒ പി എൻ അനിൽ, തഹസിൽദാർ എം മായ, അശമന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിജി ഷാജി, പഞ്ചായത്ത് മെമ്പർ ജോബി ഐസക്, വിവിധ കക്ഷി രാഷ്ട്രീയ പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിന്റെ ഭാഗമായി.
പെരുമ്പാവൂർ നിയോജകമണ്ഡലത്തിൽ നിർമ്മിക്കുന്ന അഞ്ചാമത്തെ സ്മാർട്ട് വില്ലേജ് ഓഫീസാണ് അശമന്നുരിലേത്. ചേലാമറ്റം, രായമംഗലം, അറയ്ക്കപ്പടി, പെരുമ്പാവൂർ തുടങ്ങിയ വില്ലേജ് ഓഫീസുകളാണ് നേരത്തെ സ്മാർട്ട് ആക്കിയത്.
- Log in to post comments