Skip to main content

സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ സിറ്റിംഗ് ; കൊരട്ടിക്കര മഹല്ല് നിവാസികളുടെ 16 വർഷത്തെ കാത്തിരിപ്പിന് വിരാമം

സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ തൃശൂർ ജില്ലയില്‍ നടത്തിയ സിറ്റിംഗില്‍ കമ്മീഷന്‍ അംഗം എ സൈഫുദ്ദീന്‍ പരാതികള്‍ പരിഗണിച്ചു. സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ്റെ ഇടപെടലിലൂടെ കൊരട്ടിക്കര ബദരിയ ജുമാ മസ്ജിദിൽ ഖബറടക്കം ചെയ്യുന്നതിനായി ശ്മശാനം നിർമിക്കുന്നതിന് തീരുമാനമായി. ഇതോടെ ബദരിയ ജുമാ മസ്ജിദിൽ ശ്മശാനം നിർമിക്കുന്നതിനായുള്ള കൊരട്ടിക്കര മഹല്ല് നിവാസികളുടെ 16- വർഷത്തെ കാത്തിരിപ്പിനാണ് വിരാമമായത്.
ബദരിയ ജുമാ മസ്ജിദ് മഹല്ല് കമ്മിറ്റി പ്രസിഡൻ്റ് അബ്ദുൽ കാദർ അഷ്റഫി നൽകിയ പരാതിയിലാണ് സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ്റെ പ്രത്യേക ഇടപെടലിലൂടെ ശമ്ശാനം നിർമ്മിക്കുന്നതിന് അനുമതി നൽകി ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ ഉത്തരവിറക്കിയത്.  ജില്ലാ കളക്ടറെ പരാതിയിൽ കക്ഷി ചേർക്കുകയും ബന്ധപ്പെട്ട എല്ലാ വകുപ്പുകളേയും പരാതിക്കാരേയും വിളിച്ച് യോഗം ചേർന്ന് പരാതിയിൽ പരിഹാരം കാണാൻ സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ നിർദേശിക്കുകയും ചെയ്തതിനെ തുടർന്നാണ് ശ്മശാനം നിർമ്മിക്കുന്നതിന് അനുമതി നൽകി ജില്ലാ കളക്ടർ ഉത്തരവിറക്കിയത്. പരാതിയിൽ എത്രയും വേഗം നടപടി സ്വീകരിച്ച ജില്ലാ ഭരണകൂടത്തെ സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ പ്രശംസിച്ചു.
 

പൊലീസ് കസ്റ്റഡിയിലെടുത്ത് പീഡിപ്പിച്ചു എന്നാരോപിച്ച് തലക്കോട്ടുകര സ്വദേശിയായ വ്ലോഗർ നൽകിയതടക്കമുള്ള മറ്റു ആറ് പരാതികൾ പരിഗണിക്കുന്നതിനായി അടുത്ത സിറ്റിംഗിലേക്ക് മാറ്റി. തൃശൂർ കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന സിറ്റിംഗിൽ പുതുതായി അഞ്ച് പരാതി ലഭിച്ചു. സിറ്റിംഗുകളില്‍ കമ്മീഷന് നേരിട്ടോ, തപാലിലോ, kscminorities@gmail.com ഇ മെയില്‍ വിലാസത്തിലോ, 9746515133 വാട്ട്‌സാപ്പ് നമ്പറിലോ പരാതി നല്‍കാം.

date