കരുവാറ്റ പഞ്ചായത്തിലെ പുതിയ അങ്കണവാടി കെട്ടിട ഉദ്ഘാടനം ഇന്ന് (26)
ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണം പൂർത്തീകരിച്ച കരുവാറ്റ ഗ്രാമപഞ്ചായത്ത് 10-ാം വാർഡിലെ 52-ാം നമ്പർ അങ്കണവാടി കെട്ടിട ഉദ്ഘാടനം ഇന്ന് (ജൂൺ 26ന്) ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് രുഗ്മിണി രാജു നിർവ്വഹിക്കും. രാവിലെ 10.30ന് നടക്കുന്ന ചടങ്ങിൽ കരുവാറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സനിൽ കുമാർ അധ്യക്ഷനാകും.
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയും ഐസിഡിഎസ് വകുപ്പ് ഫണ്ടും ഉൾപ്പെടുത്തിയാണ് കെട്ടിട നിർമ്മാണം പൂർത്തീകരിച്ചിട്ടുള്ളത്. സ്വകാര്യ വ്യക്തി സൗജന്യമായി നൽകിയ മൂന്ന് സെന്റ് സ്ഥലത്ത് ബ്ലോക്ക് പഞ്ചായത്ത് 11,60,176 രൂപ ചെലവിൽ 490 ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടമാണ് ഒരുക്കിയിട്ടുള്ളത്.
ചടങ്ങിൽ ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ അഡ്വ. റ്റി എസ് താഹ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ഓമന, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി പൊന്നമ്മ, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.
(പിആർ/എഎൽപി/1835)
- Log in to post comments