Skip to main content

തൃശ്ശൂർ ജില്ല പരിപൂർണ്ണ സാക്ഷരതയിലേക്ക്: ജില്ലാ തലത്തിൽ റിസോഴ്സ് പേഴ്സൺമാരുടെ പരിശീലനവും വായനാപക്ഷാചരണവും സംഘടിപ്പിച്ചു

സാക്ഷരതാ മിഷന്റെ നേതൃത്വത്തിൽ ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം (ഉല്ലാസ്) പദ്ധതിയുടെ മൂന്നാം ഘട്ടത്തിന്റെ ഭാഗമായി ജില്ലാതലത്തിൽ റിസോഴ്സ് പേഴ്സൺമാരുടെ പരിശീലനവും വായനപക്ഷാചരണവും സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ് ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതാ ചന്ദ്രൻ അധ്യക്ഷത വഹിച്ചു.

കേരളത്തിൽ അവശേഷിക്കുന്ന നിരക്ഷരരെക്കൂടി സാക്ഷരരാക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പാക്കുന്ന പദ്ധതിയാണ് ന്യൂ ഇന്ത്യ ലിറ്ററസി (ഉല്ലാസ്).

പദ്ധതിയുടെ ഭാഗമായി ജില്ലയിലെ തിരഞ്ഞെടുത്ത 68 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ ഡിജിറ്റൽ സർവേ നടത്തിയാണ് പഠിതാക്കളെ കണ്ടെത്തിയത്. ജില്ലയിൽ ഏകദേശം 7000 പഠിതാക്കൾ പദ്ധതിയിലൂടെ സാക്ഷരരാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ പഠിതാക്കൾക്ക് പ്രാദേശികമായി സാക്ഷരതാ ക്ലാസുകൾ നൽകി 'മികവുത്സവം' പരീക്ഷയിൽ പങ്കെടുപ്പിച്ച് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുന്നതോടെയാണ് പദ്ധതി പൂർണമാകുന്നത്. പാർശ്വവത്കരിക്കപ്പെട്ടവരെക്കൂടി ചേർത്തുനിർത്തി സാക്ഷരരാക്കുക എന്ന ലക്ഷ്യത്തോടെ ബ്രെയിലി സാക്ഷരതാ പദ്ധതിയും ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്നുണ്ട്.

തദ്ദേശ സ്ഥാപനങ്ങളിലെ പദ്ധതി നടത്തിപ്പിൽ സാക്ഷരതാ പ്രേരക്മാരെ സഹായിക്കുക, പഠിതാക്കളെ കണ്ടെത്തി അവർക്ക് ക്ലാസൊരുക്കുന്നതിന് ആവശ്യമായ സൗകര്യങ്ങൾ വാർഡ് തലങ്ങളിൽ ഒരുക്കുക, അതത് തദ്ദേശ സ്ഥാപനങ്ങളിലെ സന്നദ്ധ അധ്യാപകരെ വിളിച്ചുചേർത്ത് പരിശീലനം നൽകുക എന്നീ ലക്ഷ്യങ്ങളോടെയാണ് റിസോഴ്സ് പേഴ്സൺമാർക്ക് പരിശീലനം നൽകിയത്.

സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗവും സാക്ഷരതാ പ്രേരകുമായ ടി.ബി. ശാലിനി, എം.പി. മഹിപാൽ, കെ.എൽ. രാമചന്ദ്രൻ എന്നിവർ പരിശീലന ക്ലാസുകൾക്ക് നേതൃത്വം നൽകി.

 ജില്ലാ ഇൻഫർമേഷൻ ഓഫീസർ പി.കെ. വേലായുധൻ വായനാദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പരിശീലനത്തോടൊപ്പം, തദ്ദേശ സ്വയംഭരണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ രഘുലാൽ വായനപക്ഷാചരണ സന്ദേശം നൽകി.

ജില്ലാ സാക്ഷരതാ മിഷൻ കോ-ഓർഡിനേറ്റർ ഡോ. മനോജ് സെബാസ്റ്റ്യൻ, അസിസ്റ്റന്റ് കോ-ഓർഡിനേറ്റർ കെ.എം. സുബൈദ, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ സാജു സെബാസ്റ്റ്യൻ തുടങ്ങിയവർ സംസാരിച്ചു. സാക്ഷരതാ മിഷൻ ജീവനക്കാരായ തങ്കം, പ്രവിത, തദ്ദേശ സ്വയംഭരണ വകുപ്പിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

 

വനിതാ കമ്മീഷന്‍ അദാലത്ത് 26 ന് തൃശൂരില്‍
 

കേരള വനിതാ കമ്മീഷന്‍ സംഘടിപ്പിക്കുന്ന തൃശൂര്‍ ജില്ലാതല അദാലത്ത് 2025 ജൂൺ 26 ന് നടക്കും. തൃശൂര്‍ ടൗണ്‍ഹാളില്‍ രാവിലെ 10ന് ആരംഭിക്കുന്ന അദാലത്തില്‍ പുതിയ പരാതികളും സ്വീകരിക്കും.

 

date