Skip to main content

കായികവും സർഗാത്മകതയും ലഹരിയെ അകറ്റി നിർത്തും: മന്ത്രി ആർ ബിന്ദു

സർഗാത്മക വേദികളിലും കായിക രംഗത്തും കുഞ്ഞുങ്ങളെ സജീവമാക്കുന്നത് ലഹരിയിൽ നിന്നും  അകറ്റാൻ സഹായിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ആർ ബിന്ദു. തിരുവനന്തപുരത്ത് സാമൂഹ്യ നീതി വകുപ്പിന്റെ ആഭിമുഖ്യത്തിൽ "ലഹരി വിമുക്ത തിരുവനന്തപുരം ക്യാമ്പയിൻ്റെ" ഭാഗമായി നടന്ന നശാമുക്ത് കൾച്ചറൽ ഡേ സീസൺ 3 സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

കുടുംബങ്ങളിൽ ഉണ്ടാകുന്ന ആത്മസംഘർഷങ്ങൾ കഴിവതും കുഞ്ഞുങ്ങളിലേക്ക് പകരാതിരിക്കുക. വളരുന്ന തലമുറയെ ലഹരി മുക്തമാക്കേണ്ടത് സാമൂഹ്യ ദൗത്യമായി നാം ഏറ്റെടുക്കേണ്ടതുണ്ട്. ലഹരികളുടെ ഉറവിടം ഉൾപ്പെടെ കണ്ടെത്തി അതിൻ്റെ വ്യാപനം തടയുന്നതിന് കാര്യക്ഷമമായ പ്രവർത്തനങ്ങളാണ് എക്സൈസ്, പോലിസ് വകുപ്പുകളിൽ കാണാൻ സാധിക്കുന്നത്. ലഹരി വിമുക്ത സമൂഹത്തെ കെട്ടിപ്പടുക്കുന്ന പ്രവർത്തനങ്ങളിൽ മുന്നിൽ നിന്ന് നയിക്കുന്ന വകുപ്പാണ് സാമൂഹ്യ നീതി വകുപ്പെന്നും മന്ത്രി കൂട്ടി ചേർത്തു.

ജില്ലാ ലീഗൽ സർവീസ് അതോറിറ്റി  സെക്രട്ടറി ഷംനാദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ   ഐസിഡിഎസ് സെൽ വനിതാ ശിശുവകുപ്പ്  ജില്ലാ പ്രോഗ്രാം ഓഫീസർ കവിതറാണി രഞ്ജിത്ത്, പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഹരിപ്രസാദ്, ജില്ലാ സാമൂഹ്യനീതി ഓഫിസർ എം ഷൈനി മോൾ എന്നിവർ പങ്കെടുത്തു.

date