ആരോഗ്യം ആനന്ദം: മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ച് കല്ലൂർക്കാട് ഗ്രാമപഞ്ചായത്ത്
കല്ലൂര്‍ക്കാട് ഗ്രാമപഞ്ചായത്തിന്‍റെയും, കല്ലൂര്‍ക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിന്‍റെയും സംയുക്താഭിമുഖ്യത്തില്‍ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. കല്ലൂര്‍ക്കാട് കാസ് ഓഡിറ്റോറിയത്തില്‍ നടന്ന ക്യാമ്പ് എറണാകുളം ലിസ്സി ആശുപത്രിയിലെ ഹൃദ്രോഗ വിദഗ്ധൻ ഡോ. ജോ ജോസഫ് ഉദ്ഘാടനം ചെയ്തു.
കല്ലൂര്‍ക്കാട് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. മാത്യൂസ് നമ്പേലിയുടെ നേതൃത്വത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ക്യാമ്പിൽ നടന്ന നേത്ര പരിശോധനയ്ക്ക് അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ഹോസ്പിറ്റൽ ആന്‍റ് റിസര്‍ച്ച് സെന്‍ററിലെ ഡോ. ആതിരയും മെഡിക്കല്‍ ടീമംഗങ്ങളും നേതൃത്വം നൽകി. ദന്ത പരിശോധനയ്ക്ക് തൊടുപുഴ അല്‍ അസര്‍ മെഡിക്കല്‍ കോളേജിലെ ഡോ. ശരത്തും മെഡിക്കല്‍ ടീമംഗങ്ങളും നേതൃത്വം നല്‍കി. കൂടാതെ ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍ ജോബി വര്‍ഗ്ഗീസ്, ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ സി.എന്‍. ഹണി എന്നിവരുടെ നേതൃത്വത്തില്‍ ആയൂര്‍വേദ ഹോമിയോ മെഡിക്കല്‍ പരിശോധനകളും, മരുന്നു വിതരണവും നടന്നു. ഡെങ്കിപ്പനി, എലിപ്പനി പ്രതിരോധ മരുന്നുകള്‍ വിതരണം ചെയ്തു. ന്യൂ കെയര്‍ ലാബുമായി സഹകരിച്ച് തൈറോയിഡ് ടെസ്റ്റും സംഘടിപ്പിച്ചു.
ഉദ്ഘാടന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സുജിത് ബേബി അധ്യക്ഷത വഹിച്ചു. യോഗത്തില്‍ പഞ്ചായത്ത് മെമ്പര്‍മാരായ സുമിത സാബു, ലാലി സ്റ്റൈബി, അനില്‍ കെ. മോഹനന്‍, സീമോള്‍ ബൈജു, ബാബു മനയ്ക്കപ്പറമ്പന്‍, പി. പ്രേമലത, ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ.റ്റി മാത്യു,, സി.ഡി.എസ്. ചെയര്‍പേഴ്സണ്‍ ടിന്‍റു വര്‍ഗ്ഗീസ് തുടങ്ങിയവര്‍ സംസാരിച്ചു.
- Log in to post comments