കോതാട്, മൂലമ്പിള്ളി എന്നിവിടങ്ങളിലെ കുടിവെള്ളക്ഷാമത്തിന് ഉടൻ പരിഹാരം: മന്ത്രി റോഷി അഗസ്റ്റിൻ
കടമക്കുടി പഞ്ചായത്തിലെ കോതാട്, മൂലമ്പിള്ളി എന്നിവിടങ്ങളിലെ കുടിവെള്ള ക്ഷാമം എത്രയും വേഗം പരിഹരിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. രണ്ടിടത്തും ജനങ്ങളെ വലയ്ക്കുന്ന കുടിവെള്ളക്ഷാമത്തിന് അടിയന്തര പരിഹാരം ആവശ്യപ്പെട്ട് കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ സമർപ്പിച്ച നിവേദനം സ്വീകരിച്ചു പ്രതികരിക്കുകയായിരുന്നു മന്ത്രി.
വാട്ടർ അതോറിറ്റിയുടെ പിഴല പമ്പ് ഹൗസിൽ നിന്നും കോതാട് ടാങ്കിലേക്കുള്ള പൈപ്പ് ലൈൻ പുഴയിൽ പൊട്ടിയതാണ് കുടിവെള്ള പ്രതിസന്ധിക്ക് കാരണം. പൈപ്പിൻ്റെ പൊട്ടൽ പരിഹരിക്കാൻ അതോറിറ്റി ജീവനക്കാർ ആത്മാർത്ഥമായി ശ്രമിക്കുന്നുണ്ട്. ഉദ്യോഗമണ്ഡൽ ദേശീയ ജലപാതയിലാണ് പൈപ്പ് പൊട്ടിയ ഭാഗം. ഇതിനു ആറ് മീറ്റർ ആഴമുണ്ട്.
ഇത്രയും ആഴത്തിൽ 12 മീറ്റർ വ്യാസത്തിൽ ചെളിയും മറ്റ് മാലിന്യങ്ങളും നീക്കുന്നത് അതീവ ശ്രമകരവും അപകടം പിടിച്ചതുമാണ്. എങ്കിലും മികച്ച നിലയിൽ ജോലി പുരോഗമിക്കുന്നുണ്ട്.
ജില്ലാ ഭരണകൂടത്തിൻ്റെ ഇടപെടലിൽ ഇൻലൻഡ് നാവിഗേഷൻ, മറ്റു വകുപ്പുകൾ എന്നിവയുടെ സഹകരണത്തോടെ ജംഗാർ, ഡ്രഡ്ജർ എന്നിവ ക്രമീകരിച്ചാണ് പ്രവർത്തനം. അടിയൊഴുക്കുള്ളതിനാൽ എടുക്കുന്ന മണ്ണ് തിരികെ വീഴുന്നത് ജോലി ഇരട്ടിയാക്കുന്നുണ്ട്.
ഈ സാഹചര്യത്തിൽ എല്ലാവരുടെയും സഹകരണം പൊട്ടിയ പൈപ്പ് നന്നാക്കുന്നതിൽ ഉണ്ടാകണമെന്നും കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ പറഞ്ഞു.
- Log in to post comments