Skip to main content

കരുതലായ് കാവലായ്: സമ്മാനദാനവും അനുമോദനവും ഇന്ന്

തൃശ്ശൂര്‍ റൂറല്‍ പോലീസിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികളെയും യുവാക്കളെയും ലഹരി മാഫിയയില്‍ നിന്നും രക്ഷിക്കുന്നതിനായി ലഹരി വിരുദ്ധ പ്രചരണ പരിപാടി 'കരുതലായ് കാവലായ് ' നടത്തുന്നു. ഇരിങ്ങാലക്കുട എം.സി.പി കണ്‍വെന്‍ഷന്‍ സെന്ററില്‍ ഇന്ന് (ജൂണ്‍ 28) രാവിലെ 10.30 ന് നടക്കുന്ന പരിപാടിയുടെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു നിര്‍വ്വഹിക്കും. പ്രചരണ പരിപാടിയുടെ ഭാഗമായി നടത്തിയ വിവിധ മത്സരങ്ങളുടെ വിജയികള്‍ക്കായുള്ള അനുമോദനവും സമ്മാനദാനവും മന്ത്രി നിര്‍വ്വഹിക്കും.

ഇരിങ്ങാലക്കുട മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ മേരിക്കുട്ടി ജോയ് അധ്യക്ഷത വഹിക്കും. തൃശ്ശൂര്‍ മേഖലാ ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പോലീസ് ഹരിശങ്കര്‍ മുഖ്യാതിഥിയാകും. തൃശ്ശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാര്‍, ഇരിങ്ങാലക്കുട ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് കെ.ജി സുരേഷ്, ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് പി.ആര്‍ ബിജോയ് തുടങ്ങിയവര്‍ പങ്കെടുക്കും.

സ്‌കൂള്‍ പ്രവേശനോത്സവത്തിനോടനുബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് യോദ്ധാവ്, ചിരി, ചൈല്‍ഡ് ഹെല്‍പ് ലൈന്‍, എമര്‍ജന്‍സി ഹെല്‍പ്പ് ലൈന്‍, സൈബര്‍ ഹെല്‍പ്പ് ലൈന്‍ എന്നിവയുടെ നമ്പറുകളും ലഹരി വിരുദ്ധ സന്ദേശവും അടങ്ങിയ നെയിംസ്ലിപ്പ് വിതരണവും നടത്തിയിരുന്നു. ലഹരി വിരുദ്ധ ബോധവല്‍ക്കരണ പരിപാടിയുടെ ഭാഗമായി അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിനോടനുബന്ധിച്ച് ലഹരിമുക്ത വിദ്യാലയം എന്ന വിഷയത്തെ ആസ്പദമാക്കി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി വിവിധ മത്സരങ്ങളും സംഘടിപ്പിച്ചിരുന്നു. വിദ്യാലയങ്ങളിലായി റീല്‍സ്, പ്രസംഗം, പെയിന്റിംഗ്, ഫ്‌ലാഷ് മോബ് തുടങ്ങിയ മത്സരങ്ങളും സംഘടിപ്പിച്ചിരുന്നു.

ഇരിങ്ങാലക്കുട റൂറല്‍ പോലീസ് ഓഫീസില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ തൃശ്ശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാര്‍ അറിയിച്ചു. അഡീഷണല്‍ എസ്.പി സിനോജ്, ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് പി.ആര്‍ ബിജോയ്, ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ഉല്ലാസ് കുമാര്‍  എന്നിവര്‍ പങ്കെടുത്തു.

date