Skip to main content

കാസര്‍കോട് ജില്ലാ പഞ്ചായത്തിന്റെ 36 പുതിയ പദ്ധതികള്‍ക്ക് അംഗീകാരം ജില്ലാ ആസൂത്രണ സമിതി യോഗം ചേര്‍ന്നു

കാസര്‍കോട് ജില്ലാ പഞ്ചായത്തിന്റെ 36 പുതിയ പദ്ധതികള്‍ക്ക് ജില്ലാ ആസൂത്രണ സമിതി യോഗം അംഗീകാരം നല്‍കി. 18 പദ്ധതി ഭേദഗതികള്‍ക്കും അംഗീകാരമായി. ജില്ലാ ആസൂത്രണ സമിതി ഹാളില്‍ ആസൂത്രണ സമിതി അധ്യക്ഷയായ ജില്ല പഞ്ചായത്ത് പ്രസിഡണ്ട് പി ബേബി  ബാലകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് പദ്ധതികള്‍ക്ക് അംഗീകാരം നല്‍കിയത്. ഈ സാമ്പത്തിക വര്‍ഷം പൂര്‍ത്തിയാക്കേണ്ട പദ്ധതികളുടെ നിര്‍വഹണം വേഗത്തിലാക്കാന്‍ ആസൂത്രണ സമിതി അധ്യക്ഷ നിര്‍വഹണ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. യോഗത്തില്‍  വാര്‍ഷിക പദ്ധതി പുരോഗതി അവലോകനം  ചെയ്തു. വിവിധ സ്‌കൂളുകളില്‍ സ്മാര്‍ട്ട് ക്ലാസ്സ്‌റൂം, ആധുനിക ലാബ്, ഡൈനിങ്ങ് ഹാള്‍ എന്നിവയുടെ നിര്‍മാണം, ജില്ലാ ആശുപത്രിയില്‍ കാന്‍സര്‍ പാലിയേറ്റീവ്, മടിക്കൈ വനിതാ തൊഴില്‍ പരിശീലന കേന്ദ്രം, മുണ്ടക്കൈ വളപ്പില്‍ കുടിവെള്ള പദ്ധതി എന്നിവ പുതിയ പദ്ധതികളുടെ ഭാഗമാണ്. ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍, ജില്ലാ ആസൂത്രണ സമിതി  അംഗങ്ങളായ വി.വി രമേശന്‍, കെ.ശകുന്തള, ജാസ്മിന്‍ കബീര്‍ ചെര്‍ക്കളം, നജ്മ റാഫി തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ പ്ലാനിങ് ഓഫീസര്‍ ടി.രാജേഷ് വിഷയം അവതരിപ്പിച്ചു. വിവിധ നിര്‍വഹണ  ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

 

date